കോഴിക്കോട്: വ്യാജ വാര്‍ത്ത നല്‍കിയെന്ന പി.വി. അന്‍വര്‍ എം.എല്‍.എയുടെ പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് വെള്ളയില്‍ പൊലീസാണ് കേസെടുത്തത്.
പോക്‌സോ, വ്യാജ രേഖ ചമയ്ക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് പി.വി. അന്‍വര്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍ ശനിയാഴ്ച ഉച്ചക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
പോക്‌സോയില്‍ 19,21 എന്നീ വകുപ്പകള്‍ പ്രകാരവും വ്യാജ വാര്‍ത്തകള്‍ക്കുമാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് അറിഞ്ഞിട്ടും അത് മറച്ചുവെച്ചുവെന്നതാണ് 19,21 വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് നാര്‍ക്കോടിക് ഈസ് എ ഡെര്‍ട്ടി ബിസിനസ് എന്ന പേരില്‍ നടത്തിയ റോവിങ് റിപ്പോര്‍ട്ടിലെ വ്യാജ വാര്‍ത്തയെ സംബന്ധിച്ചാണ് പി.വി.അന്‍വര്‍ പരാതി നല്‍കിയത്.
നിയമസഭയിലും ഇതിനെ സബന്ധിച്ചുള്ള ചോദ്യം പി.വി.അന്‍വര്‍ ഉന്നയിച്ചിരുന്നു. പി.വി. അന്‍വറിന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സഭയില്‍ പരാതിയെ കുറിച്ച് സംസാരിച്ചിരുന്നു.
വാര്‍ത്താ പരമ്പരയുമായി ബന്ധപ്പെട്ട് 2022 നവംബര്‍ പത്തിന് സംപ്രേക്ഷണം ചെയ്ത 14കാരിയായ പെണ്‍കുട്ടിയുടെ അഭിമുഖം കെട്ടിച്ചമച്ചതാണെന്ന പരാതി ലഭിച്ചിട്ടുണ്ടോയെന്നായിരുന്നു പി.വി. അന്‍വറിന്റെ ചോദ്യം.
അഭിമുഖം വ്യാജമായി ചിത്രീകരിച്ചതാണെന്നും, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഉപയോഗിച്ച് ഇത്തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തണമെന്നും ആവശ്യപ്പെട്ടുള്ള പരാതി ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടിയില്‍ പറഞ്ഞു.
എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസിനെ പോലെ മുപ്പതിലേറെ വര്‍ഷമായി ഈ രംഗത്തുള്ള മാധ്യമങ്ങള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് അചിന്തനീയമാണെന്ന് അന്‍വര്‍ കഴിഞ്ഞ ദിവസം ദേശാഭിമാനിയോട് പറഞ്ഞിരുന്നു.
ഏഷ്യാനെറ്റിലെ ഒരു സ്റ്റാഫിന്റെ ബന്ധുവിന്റെ കുട്ടിയെ കൊണ്ട് പറയിപ്പിച്ചതാണ് എന്ന ചില വിവരങ്ങള്‍ കിട്ടിയപ്പോഴാണ് ഇതേ കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താനായി നിയമസഭയില്‍ ചോദ്യമുന്നയിച്ചതെന്നും എനിക്ക് കിട്ടിയ വിവരങ്ങള്‍ ഏതാണ്ട് ശരിയാണെന്നാണ് മുഖ്യമന്ത്രിയുടെ മറുപടിയില്‍ നിന്നും വ്യക്തമാകുന്നതെന്നും പി.വി. അന്‍വര്‍ പറഞ്ഞു.