മുന്നാര്‍: തേയില തോട്ടം തൊഴിലാളികള്‍ക്ക് 8000 രൂപാ ശമ്പളം ഉണ്ട് എന്ന പ്രചരണം വ്യാജമെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. തൊഴിലാളികള്‍ക്ക് പ്രതിമാസം ലഭിക്കുന്ന പേസ്ലിപ്പുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സോഷ്യല്‍ മീഡിയയിലും അല്ലാതെയും ഇത്തരം പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. 25 ദിവസവും തൊഴിലുള്ള മാസം പോലും തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് വെറും 3840 രൂപ മാത്രമാണ്. സീസണ്‍ സമയമായ ആഗസ്റ്റ് മാസത്തില്‍ പോലും ഇതാണ് ശമ്പളം.
പ്രതിവര്‍ഷം 45000 രൂപയാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വരുമാനം. ഓരോ മാസവും മാനേജര്‍ മാര്‍ ലക്ഷങ്ങള്‍ ശമ്പളമായും ആനുകൂല്യമായും കൈപ്പറ്റുമ്പോഴാണ് തൊഴിലാളികള്‍ക്ക് ഈ തുച്ഛവരുമാനം ലഭിക്കുന്നത്.
കമ്പനി നഷ്ടത്തിലാണെന്ന വാദങ്ങളെ പോലും സംശയത്തിലാക്കുന്നതാണ് പേസ്ലിപ്പിലെ വിവരങ്ങള്‍. ദിവസം ശരാശരി 40 കിലോ തേയിലയാണ് ഒരു തൊഴിലാളി നുള്ളുന്നത്. സീസണ്‍ മാസങ്ങളില്‍ 150 കിലോ വരെ നുള്ളാന്‍ കഴിയുമെന്ന് തൊഴിലാളികള്‍ പറയുന്നു. 13 മണിക്കൂര്‍ വേണം ഇത്രയും തേയില നുള്ളാന്‍ “. അതും 3 മാസം വരെയാണ് സീസണ്‍ നീണ്ടു നില്‍ക്കുന്നത്. അല്ലാത്ത മാസങ്ങളില്‍ 30-35 കിലോ തേയില വരെ മാത്രമേ തൊഴിലാളികള്‍ക്ക് നുള്ളാന്‍ കഴിയുകയുള്ളു.
150 കിലോ വരെ നുള്ളാന്‍ കഴിഞ്ഞാലും ഇതിന്റെ വലിയൊരുഭാഗം ഗുണമേന്മയില്ലാത്തതാണെന്ന കാരണം പറഞ്ഞ് മാനേജര്‍മാര്‍ മാറ്റിവെക്കുന്നു. ബാക്കിയുള്ള തൂക്കത്തിനുള്ള വിലയേ തൊഴിലാളികള്‍ക്ക് ലഭിക്കുകയുള്ളൂ. എന്നാല്‍ ഗുണമേന്മയില്ലെന്ന് പറഞ്ഞ് ഒഴിവാക്കുന്ന ഈ തേയിലയും ഉല്പാദനപ്രക്രിയകള്‍ക്കായി ഉപയോഗിക്കാറുണ്ടെന്നും തൊഴിലാളികള്‍ പറയുന്നു.
മാത്രവുമല്ല ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ പോലും ഈ തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. ഞായറാഴ്ച്ചകളില്‍ പോലും ഇവര്‍ക്ക് ജോലിയെടുക്കേണ്ടിവരുന്നു. എന്നാല്‍ നിലവിലെ നിയമമനുസരിച്ച് ഞായറാഴ്ച്ചകളില്‍ ജോലിയെടുക്കുമ്പോള്‍ ലഭിക്കേണ്ട അധിക ശമ്പളം ഇവര്‍ക്ക് ലഭിക്കാറുമില്ല.
ഇത്രയും തുച്ഛമായ വരുമാനത്തിലാണ് തൊഴിലാളികള്‍ ജീവിതം തള്ളിനീക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങള്‍ ഗൂഢോദ്ദേശപരമാണെന്ന് സംശയിക്കുന്നു. എന്നാല്‍ ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങളെ നിഷ്പ്രഭമാക്കിക്കൊണ്ട് മൂന്നാര്‍ തോട്ടം തൊഴിലാളി സമരത്തിന് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണ ലഭിക്കുന്നുണ്ട്. #GreenBloodRevolution എന്ന ഹാഷ് ടാഗ് വ്യാപകമായി കഴിഞ്ഞിരിക്കുകയാണ്. തൊഴിലാളികള്‍ തങ്ങളുടെ സംരഭത്തിന് നല്‍കിയിരിക്കുന്ന പേരാണ് ഗ്രീന്‍ ബ്ലഡ് റെവല്യൂഷന്‍ എന്നത്”.