| Thursday, 14th September 2023, 9:17 am

പാവങ്ങളാണെങ്കിലും ഹിന്ദുക്കളാണെങ്കില്‍ സബ്‌സിഡിയില്ലെന്ന് വ്യാജവാര്‍ത്ത; ആജ് തക് അവതാരകനെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: വ്യാജവാര്‍ത്ത നല്‍കിയതിന്‌ ആജ് തക് ചാനലിന്റെ അവതാരകനെതിരെ കേസ്. കര്‍ണാടക സര്‍ക്കാറിന്റെ പദ്ധതിക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചതിന് ആജ്തക് ചാനലിന്റെ വാര്‍ത്ത അവതാരകന്‍ സുധീര്‍ ചൗധരിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബെംഗളൂരു പൊലീസാണ് കേസെടുക്കിട്ടുള്ളത്.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കല്‍, മതസ്പര്‍ദ്ധ വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. സുധീര്‍ ചൗധരി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരായണ് കേസ്. കേസില്‍ സുധീര്‍ ചൗധരി ഒന്നാം പ്രതിയും ആജ്തക് ചീഫ് എഡിറ്റര്‍ രണ്ടും ചാനല്‍ ഓര്‍ഗനൈസര്‍ മൂന്നും പ്രതികളാണ്.

ന്യൂനപക്ഷ, പട്ടികജാതി വിഭാഗങ്ങള്‍ക്ക് വാണിജ്യ ആവശ്യത്തിനായി വാഹനം വാങ്ങാന്‍ വായ്പ നല്‍കുന്ന പദ്ധതിയില്‍ ഹിന്ദുക്കളെ ഉള്‍പ്പെടുത്തിയില്ലെന്നായിരുന്നു ആജ്തക് വാര്‍ത്ത നല്‍കിയത്. നിങ്ങള്‍ പാവങ്ങളാണെങ്കിലും ഹിന്ദുക്കളാണെങ്കില്‍ സ്ബസിഡി കിട്ടില്ല എന്നായിരുന്നു പദ്ധതിയുടെ പത്രപരസ്യമുള്‍പ്പടെ പ്രദര്‍ശിപ്പിച്ച് കൊണ്ടുള്ള വാര്‍ത്തയില്‍ സുധീര്‍ ചൗധരി പറഞ്ഞത്.

കര്‍ണാടകയിലെ മതന്യൂനപക്ഷങ്ങളില്‍ പെടുന്ന മുസ്‌ലിം, ക്രിസ്ത്യന്‍, പാഴ്‌സി, സിഖ്, ജൈന വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് വാണിജ്യ വാഹനങ്ങള്‍ വാങ്ങാന്‍ 50 ശതമാനം സബ്‌സിഡി നല്‍കുന്ന കര്‍ണാടക ന്യൂനപക്ഷ വികസന കോര്‍പറേഷന്റെ പദ്ധതിക്കെതിരായിരുന്നു തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത. എന്നാല്‍ ഇതേ പദ്ധതി തന്നെ ഐരാവത് എന്ന പേരില്‍ എസ്.സി, എസ്, ടി വിഭാഗങ്ങള്‍ക്കായി അംബേദ്കര്‍ വികസന കോര്‍പറേഷന് കീഴിലും നടപ്പിലാക്കിയിട്ടുണ്ട്.

എന്നാല്‍ പദ്ധതി ന്യൂനപക്ഷ പ്രീണനമാണെന്ന ഹിന്ദുക്കളോടുള്ള അനീതിയാണെന്നുമായിരുന്നു സുധീര്‍ ചൗധരിയുടെ വാര്‍ത്ത. ഇതേ തെറ്റായ വാദം കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും ബി.ജെ.പി എം.പി തേജസ്വി സൂര്യയും നേരത്തെ ആവര്‍ത്തിച്ചിരുന്നു.

CONTENT HIGHLIGHTS: fake news; Case against Aaj Tak anchor 

We use cookies to give you the best possible experience. Learn more