| Monday, 20th July 2020, 3:26 pm

ഒരു ശരാശരി രാഷ്ട്രീയനേതാവ് കഥാപാത്രമായ വ്യാജവാര്‍ത്തകളുടെ എണ്ണമെടുത്താല്‍ അത് ദേ... ഇത്രയും ഉണ്ടാകും; വ്യാജവാര്‍ത്തകളിലെ രാഷ്ട്രീയ നേതാക്കള്‍

ഗോപിക

ലോകത്ത് ഇന്നും ഒരു പഞ്ഞവുമില്ലാതെ തുടര്‍ന്നുപോകുന്ന ഒരു പരമ്പരാഗത സമ്പ്രദായമുണ്ട്. കൊവിഡ് വൈറസിനു വരെ പിടികൊടുക്കാത്ത ഒരു വ്യവസായം. സംഗതി മറ്റൊന്നുമല്ല- വ്യാജവാര്‍ത്തകള്‍ തന്നെ. വിവാദമുണ്ടോ അവിടെയുണ്ട് വ്യാജവാര്‍ത്തകള്‍. ജാതി-മത-വര്‍ഗ്ഗ അതിര്‍ത്തി ഭേദമില്ലാതെ അവ ഇന്നും സ്വതന്ത്രമായി പ്രചരിച്ചുകൊണ്ടിരിക്കുന്നു. ഈ സമ്പ്രദായം അതിന്റെ തനിമയോടെ കാക്കുന്നവരുടെ കൂട്ടത്തില്‍ മുന്‍ നിരയിലാണ് നമ്മുടെ കേരളവും.

ഇനി കാര്യത്തിലേക്ക് വരാം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊറോണയല്ലാതെ കേരളം ചര്‍ച്ച ചെയ്യുന്ന ഒരു വിവാദമുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച സംഭവം. വിവാദം തുടങ്ങിയതു മുതല്‍ ഇതുവരെയുള്ള സകല കാര്യങ്ങളും എല്ലാവര്‍ക്കുമറിയാവുന്നതാണ്.

വിവാദം കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴും മലയാളിയുടെ കണ്ണ് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്‌ന സുരേഷിലായിരുന്നു. സ്ത്രീകള്‍ പ്രതികളായുള്ള വിവാദങ്ങള്‍ വരുമ്പോള്‍ എല്ലാവര്‍ക്കുമുള്ള സഹജ സ്വഭാവമാണല്ലോ അത്. പ്രത്യേകിച്ച് മലയാളികള്‍ക്ക്. സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖന്‍മാരുടെ ഫോട്ടോകള്‍ക്കൊപ്പം സ്വപ്‌നയുടെ ഫോട്ടോകള്‍ കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കിയ വാര്‍ത്തകള്‍ക്ക് കൈയും കണക്കുമില്ല. മുമ്പ് സോളാര്‍ കേസുമായി ബന്ധപ്പെട്ട വിവാദങ്ങളുണ്ടായപ്പോഴും പ്രതിപ്പട്ടികയിലെ സരിത നായര്‍ എന്ന പേരും സമാനമായ രീതിയില്‍ വെട്ടി ഒട്ടിക്കലുകള്‍ക്കും വ്യാജവാര്‍ത്ത യൂണിറ്റുകളുടെ സജീവ പ്രവര്‍ത്തനത്തിനും വഴിവെച്ചിരുന്നു.

സ്വപ്‌ന സുരേഷ് മാത്രമല്ല, കേസിലെ പ്രതിപ്പട്ടികയിലുള്‍പ്പെട്ട എല്ലാവരും മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും ബന്ധുവാണെന്നും അടുത്ത സുഹൃത്താണെന്നും തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട എന്തൊക്കെ വ്യാജവാര്‍ത്തകളാണ് വന്നതെന്ന് പരിശോധിച്ചപ്പോള്‍ ലഭിച്ച വ്യാജ വാര്‍ത്തകള്‍ക്ക് ഒരു അന്തവുമില്ലായിരുന്നു. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ചിലത് ഇതാണ്…

സ്വര്‍ണ്ണക്കടത്തും സ്വപ്‌ന സുരേഷും പിന്നെ പ്രമുഖ രാഷ്ട്രീയ നേതാക്കളും

പ്രോട്ടോക്കോള്‍ അനുസരിച്ച് മുന്നോട്ട് പോകാം. ആദ്യം മുഖ്യമന്ത്രി പിണറായി വിജയനും സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് വന്ന വ്യാജവാര്‍ത്തകള്‍ ഏതൊക്കയാണെന്ന് നോക്കാം.

ഒന്ന്:

‘മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ വിവാഹ വേദിയില്‍ സ്വപ്‌ന സുരേഷ്’. വിവാഹത്തിന് ശേഷമുള്ള ഗ്രൂപ്പ് ഫോട്ടോയില്‍ പിണറായി വിജയന്‍ അദ്ദേഹത്തിന്റെ ഭാര്യ, മന്ത്രി ഇ.പി ജയരാജന്‍ എന്നിവരോടൊപ്പം സ്വപ്‌ന സുരേഷും നില്‍ക്കുന്ന ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിച്ചത്. ഫോട്ടോയുടെ സത്യാവസ്ഥ പുറത്ത് വന്നതോടെ എല്ലാ ആക്രോശങ്ങളും കെട്ടടങ്ങി. മറ്റൊന്നുമല്ല ഇ.പി ജയരാജനും ഭാര്യയും മുഖ്യമന്ത്രിയുടെ കുടുംബവും ഒന്നിച്ചുള്ള ചിത്രമായിരുന്നു അത്. ആ ചിത്രത്തില്‍ ഇ.പി ജയരാജന്റെ ഭാര്യയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് സ്വപ്‌ന സുരേഷിന്റെ മുഖം അതില്‍ ചേര്‍ത്തുണ്ടാക്കിയ വ്യാജചിത്രമായിരുന്നു അത്.

രണ്ട്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കൊപ്പം സ്വര്‍ണ്ണക്കടത്ത് പ്രതികളിലൊരാളായ ഫൈസല്‍ ഫാരീദ് നില്‍ക്കുന്ന ചിത്രം. ‘ഫൈസല്‍ ഫാരിദും അടുത്ത സുഹൃത്തുക്കളും’ എന്ന തലക്കെട്ടോടെയാണ് ചിത്രം പുറത്ത് വന്നത്. പിന്നീട് ചിത്രത്തിന്റെ സത്യാവസ്ഥ പുറം ലോകമറിഞ്ഞു. ചെന്നിത്തലയോടൊപ്പം നില്‍ക്കുന്നത് നിലമ്പൂര്‍ സ്വദേശിയായ ലത്തീഫ് എന്നയാളാണ്. വളരെ പഴയ ഫോട്ടോയില്‍ വ്യാജന്‍മാര്‍ നടത്തിയ വെട്ടിക്കൂട്ടലായിരുന്നു അത്.

മൂന്ന്

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സ്വര്‍ണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തും പൊതുവേദിയില്‍ ഒന്നിച്ചിരിക്കുന്ന ചിത്രം. കെ.എസ്.യു ജില്ലാ സെക്രട്ടറി സച്ചിന്‍ മാത്യുവിന്റെ ചിത്രങ്ങളാണ് സരിത്തിന്റെത് എന്ന രീതിയില്‍ തെറ്റായി പ്രചരിച്ചത്. സച്ചിന്റെ വിവാഹദിനത്തില്‍ ആശംസകളറിയിക്കാന്‍ ഉമ്മന്‍ ചാണ്ടി എത്തിയ സന്ദര്‍ഭത്തിലെ ചിത്രങ്ങളാണിത്. ഇൗ വ്യാജ പ്രചരണത്തിനെതിരെ സച്ചിന്‍ പരാതിയും നല്‍കിയിരുന്നു.

നാല്

പാണക്കാട് ഹൈദറലി ശിഹാബ് തങ്ങളെ കര്‍ണ്ണാടക പൊലീസ് അറസ്റ്റ് ചെയ്തു. സ്വപ്‌നയുടെ ഫ്‌ളാറ്റിലെ നിത്യസന്ദര്‍ശകനായിരുന്നു ഹൈദരലി തങ്ങള്‍ – ഇതാണ് മറ്റൊരു വാര്‍ത്ത. ഹൈദരലിയെ രണ്ട് പൊലീസുകാര്‍ ഇരുകൈകളിലും പിടിച്ചിരിക്കുന്നതും ചിത്രത്തിലുണ്ട്. പിന്നീട് ചിത്രത്തിന്റെ സത്യാവസ്ഥ പുറത്തുവന്നു. ഇതൊരു പഴയ ഫോട്ടോ ആണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടകില്‍ ഒരു ആണ്ടു നേര്‍ച്ചയ്ക്ക് പോയ സമയത്തെ ചിത്രമാണിത്. പൊലീസ് ശിഹാബ് തങ്ങളെ വേദിയിലേക്ക് കൊണ്ടു പോകുന്ന ചിത്രത്തെയാണ് തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചത്.

അഞ്ച്

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായര്‍ ബന്ധുവാണെന്ന തരത്തില്‍ സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം കെ.എസ് സുനില്‍ കുമാറിനെതിരെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ജനം ടിവിയാണ് വാര്‍ത്ത നല്‍കിയത്. സന്ദീപ് നായരുടെ ഭാര്യ സുനില്‍കുമാറിന്റെ അടുത്ത ബന്ധുവാണെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതേത്തുടര്‍ന്ന് ചാനലിനെതിരെ കെ.എസ് സുനില്‍ കുമാര്‍ പരാതിയും നല്‍കി.

ഇതേ വിവാദങ്ങളെ കൂട്ടുപിടിച്ച് മനോരമ നല്‍കിയ മറ്റൊരു വാര്‍ത്തയും വ്യാജവാര്‍ത്തകളുടെ കൂട്ടത്തില്‍പ്പെടുത്താവുന്നവയാണ്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായര്‍ സി.പി.ഐ.എം അംഗമാണെന്ന് സന്ദീപിന്റെ അമ്മ പറഞ്ഞുവെന്ന രീതിയില്‍ മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ഒരു ചര്‍ച്ചയില്‍ സി.പി.ഐ.എം നേതാവായ എ.എ റഹീം വിഷയം ചൂണ്ടിക്കാണിച്ചതോടെയാണ് മനോരമ വാര്‍ത്ത തിരുത്താന്‍ തയ്യാറായത്. പ്രാദേശിക ലേഖകന് പറ്റിയ തെറ്റാണ് വാര്‍ത്തയെന്നായിരുന്നു വിശദീകരണം.

ഇതിനെല്ലാം പുറമേ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഉദ്യോഗസ്ഥ വൃന്ദത്തിനെതിരെയും വ്യാജ വാര്‍ത്തകള്‍ സജീവമായി വന്നിരുന്നു. അതിലൊന്നാണ് ശാസ്ത്ര ഉപദേഷ്ടാവായ എം.സി ദത്തനെതിരെ പ്രമുഖ പത്രത്തില്‍ വന്ന വ്യാജ ചിത്രം.

‘കോവളത്ത് സര്‍ക്കാര്‍ സംഘടിപ്പിച്ച ബഹിരാകാശ ഉച്ചക്കോടിയില്‍ സ്വപ്ന സുരേഷില്‍ നിന്നും ഉപഹാരം സ്വീകരിക്കുന്ന മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തന്‍’- എന്ന രീതിയിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ചിത്രത്തിന്റെ സത്യാവസ്ഥയറിയാന്‍ ഞങ്ങള്‍ എം.സി ദത്തനോട് സംസാരിച്ചു.

‘സത്യത്തില്‍ ആ ചിത്രം തന്നെ തെറ്റാണ്. ആ പരിപാടിയില്‍ പങ്കെടുത്ത ചീഫ് ഗസ്റ്റുകള്‍ക്ക് ഉപഹാരം വിതരണം ചെയ്യാന്‍ എന്നെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ഉപഹാരം കൊടുക്കാനായി ഓരോരുത്തരെ ക്ഷണിക്കുമ്പോള്‍ സ്വപ്ന സുരേഷ് ഉപഹാരങ്ങള്‍ എനിക്ക് എടുത്തു തരുന്നു. അത് ഞാന്‍ ചീഫ് ഗസ്റ്റിന് സമ്മാനിക്കുന്നു. ഇതാണ് യഥാര്‍ഥസംഭവം. എനിക്ക് വലത് വശത്ത് നില്‍ക്കുന്ന ചീഫ് ഗസ്റ്റിന് ഞാന്‍ ഉപഹാരം നല്‍കുന്ന ഭാഗം ഒഴിവാക്കി സ്വപ്ന എനിക്ക് ഉപഹാരം എടുത്ത് തരുന്ന ചിത്രമാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതാണ് സത്യാവസ്ഥ. മനോരമ ഓണ്‍ലൈനിലാണ് ഇത്തരത്തില്‍ വന്നത്. വേറേ ഒരിടത്തും ഇങ്ങനെ ഒരു ന്യൂസ് കണ്ടിട്ടില്ല’ – അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു

പാലത്തായി കേസ് ഏറ്റെടുത്ത വ്യാജന്‍മാര്‍

സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ പദവിയിലിരിക്കുന്നവരുമായി ബന്ധപ്പെടുത്തി വന്ന വ്യാജവാര്‍ത്തകളാണ് മേല്‍പ്പറഞ്ഞവ. ഇതിലും കൂടുതലുണ്ട് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് വന്ന വ്യാജ വാര്‍ത്തകള്‍. എത് വിവാദമായാലും അതില്‍ രാഷ്ട്രീയനേതാക്കളുടെ ചിത്രങ്ങളോടൊപ്പം വിവാദ വിഷയങ്ങളിലെ വ്യക്തികളെ ബന്ധപ്പെടുത്തിയുണ്ടാക്കുന്ന വ്യാജചിത്രങ്ങള്‍ അതിവേഗമാണ് പടരുന്നത്.

അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് കണ്ണൂരിലെ പാനൂര്‍ പാലത്തായില്‍ ബാലികയെ പീഡിപ്പിച്ച ബി.ജെ.പി നേതാവായ പദ്മരാജനോടൊപ്പം നില്‍ക്കുന്ന സി.പി.ഐ.എം നേതാവ് പി.ജയരാജന്‍- എന്ന രീതിയില്‍ പ്രചരിക്കപ്പെടുന്ന ചിത്രം.

ചിത്രം വൈറലായതിനെത്തുടര്‍ന്ന് പി.ജയരാജന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. യഥാര്‍ഥ ചിത്രം അദ്ദേഹം തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. എസ്.എഫ്.ഐ നേതാവായിരുന്ന റോബിന്‍ കെ തോമസിന്റെ ഫോട്ടോയിലെ തല മോര്‍ഫ് ചെയ്താണ് ബി.ജെ.പി നേതാവിന്റെ പടം ചേര്‍ത്തതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയ വിവാദങ്ങളെ കൂടുതല്‍ വിവാദമാക്കുന്ന ചില വ്യാജചിത്രങ്ങളാണ് മേല്‍പ്പറഞ്ഞത്. ഇവ ഇവിടെ തീരുന്നില്ല.

അതേസമയം രാഷ്ട്രീയം മാത്രമല്ല ലോകത്തെമുഴുവന്‍ പ്രതിസന്ധിയിലാക്കിയ കൊവിഡ് വൈറസിനെ പറ്റി വരെ പ്രചരിക്കുന്നുണ്ട് നിരവധി വ്യാജവാര്‍ത്തകള്‍.

നാരങ്ങയും ഇഞ്ചിയും തേനും ചേര്‍ത്ത് കഴിച്ചാല്‍ കൊവിഡിനെ ഇല്ലാതാക്കുമെന്നും അതല്ല വെയിലത്തു നിന്നാല്‍ വൈറസ് ഇല്ലാതാകുമെന്നും തുടങ്ങി അനേകം വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്.

ഇതിനെയൈല്ലാം കാറ്റില്‍പ്പറത്തി ‘കൊറോണനില്‍’ എന്ന മരുന്ന് കൊവിഡിനെ തുരത്തുമെന്ന പ്രഖ്യാപനവുമായി പ്രമുഖ യോഗാഗുരുവും രംഗത്തെത്തിയിരുന്നു. വൈറസിനെ പ്രതിരോധിക്കുന്നതിനെക്കാളും കടുത്ത വെല്ലുവിളിയാണ് ഇത്തരത്തിലുള്ള തെറ്റായ സന്ദേശങ്ങളെ ഇല്ലാതാക്കാന്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗോപിക

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more