കോഴിക്കോട്: മലയാളത്തിന്റെ അതുല്യ ചലച്ചിത്രകാരന്‍ കെ.ജി ജോര്‍ജിനെ അല്‍ഷിമേഴ്സ് ബാധയെ തുടര്‍ന്ന് വൃദ്ധസദനത്തില്‍ ആക്കിയെന്ന പ്രചരണം വ്യാജമാണെന്ന് അടുത്ത സുഹൃത്തും തിരക്കഥാകൃത്തുമായ ജോണ്‍പോള്‍. ഫിസിയോതെറാപ്പി സെന്ററില്‍ വെച്ച് കെ.ജി ജോര്‍ജ് സംസാരിക്കുന്ന വീഡിയോ സഹിതം പങ്കുവെച്ചാണ് ജോണ്‍പോള്‍ രംഗത്തുവന്നത്.
കെ.ജി ജോര്‍ജ് വൃദ്ധസദനത്തിലാണെന്ന് അവകാശപ്പെടുന്ന ഫോട്ടോയോടൊപ്പമായിരുന്നു സോഷ്യല്‍മീഡിയയില്‍ വ്യാജവാര്‍ത്ത പ്രചരിച്ചത്. ഒരുപാടുപേര്‍ വിളിച്ച് അന്വേഷിച്ചതിനാല്‍ ഫലപ്രദമായ രീതിയിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
‘കെ.ജി ജോര്‍ജ്ജിന്റെ ചികിത്സയ്ക്കാവശ്യമായ കാര്യങ്ങള്‍ വിദേശത്തുള്ള മകളാണ് നല്‍കുന്നത്. വെണ്ണലയിലെ വീട്ടിലാണ് ഭാര്യയും മറ്റ് കുടുംബാംഗങ്ങളുമുള്ളത്. ഫിസിയോ തെറാപ്പിയിലൂടെ കെ.ജി ജോര്‍ജ്ജിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നുണ്ട്. സംസാരിക്കാനുള്ള ബുദ്ധിമുട്ടുകള്‍ ഭേദമാകുന്നുണ്ട്’ – ജോണ്‍ പോള്‍ പറയുന്നു.
ഇത്തരത്തില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ജോണ്‍പോള്‍ പറയുന്നു. നടന്‍ മധു മരിച്ചെന്ന് കഴിഞ്ഞ ദിവസം വ്യാജസന്ദേശം പ്രചരിച്ചിരുന്നു. ഇത് പൈശാചികമാണെന്നും അവഗണിക്കാന്‍ സോഷ്യല്‍ മീഡിയയിലുള്ളവര്‍ക്ക് കഴിയണമെന്നും ജോണ്‍പോള്‍ അഭ്യര്‍ത്ഥിക്കുന്നു.
കെ.ജി ജോര്‍ജിന്റെ ജീവചരിത്ര ഡോക്യുമെന്ററി ചെയ്യുന്ന അരുണ്‍ ഭാസ്‌കറും പ്രതീഷ് വിജയനും ചേര്‍ന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കെ.ജി ജോര്‍ജിന്റെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ടെന്ന് പ്രതീഷ് വിജയനും പറഞ്ഞു.
‘ഓണത്തിന് ജോര്‍ജ് സാറിനെ കണ്ടപ്പോള്‍ ക്ഷീണിതനായിരുന്നു. പക്ഷെ ഇന്നലെ കണ്ടപ്പോള്‍ ഞങ്ങളെ പഠിപ്പിച്ച സമയത്തെ ഊര്‍ജസ്വലതയാണ് അനുഭവിച്ചത്. അദ്ദേഹത്തിന് അല്‍ഷിമേഴ്സ് ആണെന്നത് വ്യാജ പ്രചരണം ആണ്. ഞാന്‍ കയ്യിലുള്ള ഫോട്ടോ കാണിച്ച് സാര്‍ ഇത് ആദാമിന്റെ വാരിയെല്ലുകള്‍ സമയത്തെ ആണോ എന്ന് ചോദിച്ചപ്പോള്‍ അല്ല അത് കോലങ്ങള്‍ ചിത്രീകരിക്കുന്ന സമയത്ത് എടുത്ത ചിത്രം ആണെന്ന് തിരുത്തി’. പ്രതീഷ് വിജയന്‍ പറഞ്ഞു.