ന്യൂദൽഹി: ഇന്ത്യൻ യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ വ്യാജവാർത്തയുമായി ഉത്തർപ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പത്രമായ ദൈനിക് ജാഗ്രണ്‍. ഇന്ത്യക്കെതിരായ പ്രചാരണം നടത്തുന്നതിന് ധ്രുവ് റാഠിക്ക് ചൈനയിൽ നിന്നും അനധികൃതമായി പണം ലഭിക്കുന്നുണ്ടെന്നാണ് പ്രസിദ്ധീകരിച്ച വാർത്ത. ഇതിനെതിരെ വീഡിയോയിലൂടെ രൂക്ഷമായി പ്രതികരിച്ച് ധ്രുവ് റാഠി.
ദൈനിക് ജാഗ്രണ്‍ന്റെ ദൽഹിയിലെ എഡിഷൻ ആയ ദൽഹി ജാഗ്രണ്‍ ആണ് ധ്രുവ് റാഠിക്കെതിരെ വ്യാജ വാർത്ത നൽകിയത്. ഈ വാർത്തക്ക് മറുപടിയായാണ് ധ്രുവ് തന്റെ പ്രതികരണ വീഡിയോ പുറത്തിറക്കിയത്.
ജർമൻ പൗരത്വമുള്ള ഇന്ത്യൻ യൂട്യൂബർ ആയ ധ്രുവ് റാഠി ഇന്ത്യക്കെതിരെ പ്രചാരണം നടത്താൻ ചൈനീസ് ഏജൻസികളിൽ നിന്ന് വൻ തുക കൈപ്പറ്റിയെന്നാണ് ദൽഹി ജാഗ്രണ്‍ വാർത്ത നൽകിയത്. അതോടൊപ്പം ഇന്ത്യയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ധ്രുവ് വലിയ ഇടപെടലുകൾ നടത്തിയെന്നും ഇന്ത്യക്കെതിരായ നിരവധി പോസ്റ്റുകൾ ധ്രുവ് സോഷ്യൽ മീഡിയയിൽ പങ്കുവക്കുന്നുണ്ടെന്നും വാർത്തയിൽ പറയുന്നുണ്ട്.
ഇന്ത്യൻ ആർമിയെക്കുറിച്ച് വ്യാജ വാർത്ത നൽകിയ ചാനൽ ആണ് ദൈനിക് ജാഗ്രണാണെന്നും അവർ തനിക്കെതിരെ വാർത്ത നൽകിയതിൽ അതിശയമില്ലെന്നും ധ്രുവ് റാഠി പറഞ്ഞു.
ബോയ്‌കോട്ട് ചൈന എന്ന വീഡിയോ ചെയ്ത തനിക്ക് ചൈനീസ് ഫണ്ടിംഗ് വരുമോയെന്നും ഇന്ന് വരെ താനൊരു ചൈനീസ് കമ്പനികൾക്കും സ്‌പോൺസർഷിപ് നൽകിയിട്ടില്ലെന്നും അദ്ദേഹം തന്റെ വിഡിയോയിൽ പറഞ്ഞു.
‘ഞാൻ ഇതുവരെ ഒരു ചൈനീസ് കമ്പനികൾക്കും സ്‌പോൺസർഷിപ് നൽകിയിട്ടില്ല. ബോയ്‌കോട്ട് ചൈന എന്ന വീഡിയോ ഈ അടുത്താണ് ഞാൻ ചെയ്തത്. അത്തരം വീഡിയോകൾ ചെയ്യുന്ന എനിക്ക് ചൈനീസ് കമ്പനികളുടെ ഫണ്ടിങ് വരുമെന്ന് പറയുന്നത് അസംബന്ധമാണ്.
ഇന്ത്യ പാക്കിസ്ഥാനെതിരെ വീണ്ടും സർജിക്കൽ സ്ട്രൈക്ക് നടത്തിയെന്ന വ്യാജ വാർത്ത ദൈനിക് ജാഗ്രൻ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യൻ ആർമി രംഗത്തെത്തുകയും സർജിക്കൽ സ്ട്രൈക്ക് നടന്നെന്ന വാർത്ത നിഷേധിക്കുകയും ചെയ്തിരുന്നു.
കർഷക സമരത്തിനിടെ സമരക്കാർ ജയ് പാക്കിസ്ഥാൻ എന്ന മുദ്രാവാക്യം വിളിച്ചെന്നുള്ള ദൈനിക് ജാഗ്രൻറെ വാർത്തയും വലിയ വിവാദമായിരുന്നു. തുടർച്ചയായി വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന പത്രത്തെ വിശ്വസിക്കാനാവില്ല. അതിന്റെ ഉടമ തീവ്രവാദിയാണ്. ധ്രുവ് പറഞ്ഞു.
Content Highlight: Fake news against Dhruv Rathee by dainik jagran