| Friday, 3rd April 2020, 4:34 pm

പഞ്ചായത്തില്‍ നിന്ന് ഭക്ഷണം ലഭിക്കാന്‍ പായിപ്പാട് മോഡല്‍ സമരമെന്ന് വാര്‍ത്ത; കെട്ടിട ഉടമയെ അറസ്റ്റ് ചെയ്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പായിപ്പാട് മോഡലില്‍ അതിഥി തൊഴിലാളികള്‍ സമരം നടത്തുമെന്ന് കാണിച്ച് വാര്‍ത്ത നല്‍കിയ കെട്ടിട ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂര്‍ പൊലീസാണ് ഒരു ഓണ്‍ലൈന്‍ ചാനല്‍ വഴി വാര്‍ത്ത നല്‍കിയ കെട്ടിട ഉടമയെ അറസ്റ്റ് ചെയ്തത്.

സ്വന്തം കെട്ടിടത്തില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് കെട്ടിടം ഉടമ ഭക്ഷണം നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് പകരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിക്കാനാണ് ഇയാള്‍ ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയതെന്ന് പൊലീസ് പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിന് ശേഷം സംസ്ഥാനത്തെ  അതിഥി തൊഴിലാളികളുടെ സുരക്ഷയുടെ കാര്യത്തിലും അവര്‍ക്കുള്ള ഭക്ഷണത്തിന്റെ കാര്യത്തിലും മുഖ്യമന്ത്രി വിവിധ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

തുടക്കത്തില്‍ ലോക്ക്ഡൗണില്‍ പെട്ട അതിഥി തൊഴിലാളികള്‍ക്ക് കരാറുകാര്‍ ഭക്ഷണം എത്തിക്കണമെന്നും ഇവരുടെ താമസ സ്ഥലങ്ങളിലെ ചുറ്റുപാടുകള്‍ ശരിയായ രീതിയില്‍ അല്ലെങ്കില്‍ അത്തരം തൊഴിലാളികള്‍ക്ക് താമസസൗകര്യവും ചികിത്സാസംവിധാനവും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഭക്ഷണം ഉറപ്പുവരുത്തുന്നതിന് കഴിയില്ലെന്ന് ചില കരാറുകാര്‍ പറഞ്ഞിരുന്നു.

ഇതിനിടെയാണ് കോട്ടയം പായിപ്പാട് അതിഥി തൊഴിലാളികള്‍ ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് തെരുവില്‍ ഒത്തുചേരുകയും തങ്ങള്‍ക്ക് തിരികെ നാടുകളിലേക്ക് പോകണമെന്നും ആവശ്യമുന്നയിച്ചത്.

സംഭവം ആസൂത്രിതമാണെന്നായിരുന്നു ജില്ലാ കളക്ടര്‍ പികെ സുധീര്‍ ബാബു പറഞ്ഞത്. ദല്‍ഹിയില്‍ നിന്ന തൊഴിലാളികളെ നാടുകളിലേക്ക് അയച്ചതിന് സമാനമായി കേരളത്തില്‍ നിന്നും അതിഥി തൊഴിലാളികളെ നാട്ടിലേയ്ക്ക് അയക്കുമെന്ന് വ്യക്തമാക്കുന്ന സന്ദേശങ്ങള്‍ ഇവര്‍ക്ക് ലഭിച്ചിരുന്നു. ഇതോടെയാണ് ഇവര്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രതിഷേധത്തിന് തയ്യാറായതെന്നും കളക്ടര്‍ പറഞ്ഞു.

DoolNews Video

We use cookies to give you the best possible experience. Learn more