| Saturday, 24th April 2021, 12:01 pm

ആര്‍ത്തവ ദിവസങ്ങളില്‍ കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ പാടില്ല?; പ്രചരിക്കുന്ന വാട്‌സ് ആപ്പ് സന്ദേശങ്ങളുടെ സത്യാവസ്ഥയെന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ആര്‍ത്തവത്തിന് അഞ്ച് ദിവസം മുമ്പോ അതിന് ശേഷമോ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ പാടില്ലെന്ന രീതിയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. വാട്‌സ് ആപ്പിലൂടെ നിരവധി ഗ്രൂപ്പുകളിലാണ് ഈ സന്ദേശങ്ങള്‍ വ്യാപകമാകുന്നത്.

പതിനെട്ട് വയസ്സു മുതല്‍ 45 വയസ്സുവരെയുള്ളവര്‍ക്ക് മെയ് ഒന്ന് മുതല്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഈ വ്യാജവാര്‍ത്തകള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.

ഈ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രതിരോധ ശേഷി കുറവായിരിക്കുമെന്നും വാക്‌സിനേഷന്‍ എടുക്കാന്‍ പാടില്ലെന്നുമാണ് ഈ സന്ദേശങ്ങളില്‍ പറയുന്നത്. എന്നാല്‍ ഇത് തികച്ചും അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടി ഡോ. ഷിംന അസീസ് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷിംനയുടെ പ്രതികരണം.

‘ആദ്യഘട്ടത്തില്‍ വാക്‌സിനേഷന്‍ ലഭിച്ചത് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ്. അവരില്‍ എല്ലാ പ്രായത്തിലുള്ള ആണും പെണ്ണും ഉണ്ടായിരുന്നു. ആര്‍ത്തവം കൊണ്ട് പ്രതിരോധശേഷി കുറഞ്ഞിരുന്നെങ്കില്‍ അന്ന് വാക്സിനേഷന്‍ കൊണ്ട് ഏറ്റവും വലിയ രീതിയില്‍ ജീവന് ഭീഷണി നേരിട്ടിരിക്കുക ഈ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആണ്, തൊട്ട് പിറകേ വാക്സിനേഷന്‍ ലഭിച്ച മുന്‍നിരപോരാളികളാണ്. രോഗാണുവുമായി നേരിട്ടുള്ള സമ്പര്‍ക്കം അത്ര മേല്‍ വരാത്ത സാധാരണക്കാരെ മാസത്തില്‍ ചുരുങ്ങിയത് പതിനഞ്ച് ദിവസം വാക്സിനേഷനില്‍ നിന്ന് അകറ്റി നിര്‍ത്തുകയെന്നത് മാത്രമാണ് ഈ മെസേജിന്റെ ഉദ്ദേശ്യം. സോറി, ദുരുദ്ദേശം’, ഷിംന ഫേസ്ബുക്കിലെഴുതി.

ഷിംനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പിരീഡ്സിന് അഞ്ച് ദിവസം മുന്‍പോ ശേഷമോ കോവിഡ് വാക്സിനേഷന്‍ എടുക്കരുതെന്ന് പുതിയ ‘വാട്ട്സ്ആപ്പ് സര്‍വ്വകലാശാല പഠനങ്ങള്‍’ സൂചിപ്പിക്കുന്നത്. ആ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രതിരോധശേഷി കുറവായിരിക്കുമത്രേ. കൊള്ളാല്ലോ കളി ! പതിനെട്ട് വയസ്സ് മുതല്‍ 45 വയസ്സ് വരെയുള്ളവരെക്കൂടി മെയ് ഒന്ന് മുതല്‍ വാക്സിനേഷന്‍ ഗുണഭോക്താക്കളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ ഐറ്റം റിലീസായിരിക്കുന്നത്.

അപ്പോള്‍ ഇത് സത്യമല്ലേ?

സത്യമല്ല.

ഒന്നോര്‍ത്ത് നോക്കൂ, ആദ്യഘട്ടത്തില്‍ വാക്സിനേഷന്‍ ലഭിച്ചത് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ്. അവരില്‍ എല്ലാ പ്രായത്തിലുമുള്ള ആണും പെണ്ണും ഉണ്ടായിരുന്നു. തീര്‍ച്ചയായും ആര്‍ത്തവമുള്ള സ്ത്രീകളും അവരില്‍ ഉള്‍പ്പെടുന്നു. ആര്‍ത്തവം കൊണ്ട് പ്രതിരോധശേഷി കുറഞ്ഞിരുന്നെങ്കില്‍ അന്ന് വാക്സിനേഷന്‍ കൊണ്ട് ഏറ്റവും വലിയ രീതിയില്‍ ജീവന് ഭീഷണി നേരിട്ടിരിക്കുക ഈ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആണ്, തൊട്ട് പിറകേ വാക്സിനേഷന്‍ ലഭിച്ച മുന്‍നിരപോരാളികളാണ്.

രോഗാണുവുമായി നേരിട്ടുള്ള സമ്പര്‍ക്കം അത്ര മേല്‍ വരാത്ത സാധാരണക്കാരെ മാസത്തില്‍ ചുരുങ്ങിയത് പതിനഞ്ച് ദിവസം വാക്സിനേഷനില്‍ നിന്ന് അകറ്റി നിര്‍ത്തുകയെന്നത് മാത്രമാണ് ഈ മെസേജിന്റെ ഉദ്ദേശ്യം. സോറി, ദുരുദ്ദേശം.

കിംവദന്തികളില്‍ വഞ്ചിതരാകാതിരിക്കുക. വാക്സിനേഷനും നിങ്ങളുടെ ആര്‍ത്തവതിയ്യതികളുമായി യാതൊരു ബന്ധവുമില്ല. യഥാസമയം കോവിഡ് വാക്സിന്‍ സ്വീകരിക്കുക, മാസ്‌ക് കൃത്യമായി ധരിക്കുക, ശാരീരിക അകലം പാലിക്കുക, കൈകള്‍ കൂടെക്കൂടെ വൃത്തിയാക്കുക.
അടിസ്ഥാനമില്ലാത്ത സോഷ്യല്‍ മീഡിയ കുപ്രചരണങ്ങളോടും കൂടി പ്രതിരോധം തേടുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Fake News About Covid Vaccine

We use cookies to give you the best possible experience. Learn more