കോഴിക്കോട്: അടുത്തിടെ കോഴിക്കോട് പേരാമ്പ്രയില്‍ മിശ്രവിവാഹിതരായ ഗൗതം-അന്‍ഷിത ദമ്പതികളുമായി ബന്ധപ്പെട്ട് വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. അന്‍ഷിദ കൊല്ലചെയ്യപ്പെട്ടുവെന്ന തരത്തിലാണ് വാര്‍ത്ത പ്രചരിക്കുന്നത്.
അന്‍ഷിതയും ഗൗതമും വിവാഹിതരാവുന്നതിനു വര്‍ഷങ്ങള്‍ക്ക് മുമ്പ് 2011 സെപ്റ്റംബറിലെ ഒരു മരണവാര്‍ത്തയാണ് അന്‍ഷിത കൊല്ലപ്പെട്ടുവെന്നു പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. തിരൂരില്‍ മരണപ്പെട്ട റുബീനയെന്ന യുവതിയുടെ മരണവാര്‍ത്തയ്‌ക്കൊപ്പം അന്‍ഷിതയും ഗൗതവും ഒരുമിച്ചുള്ള ഫോട്ടോയും യോജിപ്പിച്ചാണ് വാര്‍ത്ത.
മിശ്രവിവാഹിതയായ റുബീന തിരൂരില്‍ കുളിമുറിയില്‍ കാല്‍ വഴുതി വീണു ചുവരില്‍ തലയിടിച്ചു മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്. റുബീനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തിന് ഊന്നല്‍ നല്‍കി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് അന്‍ഷിത കൊല്ലപ്പെട്ടുവെന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ക്കൊപ്പമുള്ളത്. ഇതിനൊപ്പം രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രവുമുണ്ട്. അത് കുളിമുറിയില്‍ വീണു മരിച്ച റുബീനയുടേതാണോ അതോ മറ്റേതെങ്കിലും പെണ്‍കുട്ടിയുടേതാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല.
തങ്ങള്‍ക്കെതിരെ പ്രചരിക്കുന്ന ഈ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതിനെ നിയമപരമായി നേരിടുമെന്നും അന്‍ഷിതയും ഗൗതമും ഡൂള്‍ ന്യൂസിനോടു പറഞ്ഞു. ഇതിനെതിരെ വ്യാഴാഴ്ച പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
വാട്‌സ് ആപ്പില്‍ ചില പ്രത്യേക ഗ്രൂപ്പുകള്‍ കുടുംബ ഗ്രൂപ്പുകള്‍ ലക്ഷ്യമിട്ടാണ് ഈ ചിത്രം പ്രചരിപ്പിക്കുന്നത്. മതസ്പര്‍ദ്ധ വളര്‍ത്തുകയെന്ന ഉദ്ദേശ്യത്തോടെ ചില കുബുദ്ധികള്‍ വാട്‌സ് ആപ്പിലിട്ട ഈ ഫോട്ടോ കഥയറിയാതെ പലരും പ്രചരിപ്പിക്കുകയും ചെയ്തു. കേവലം ഒരു കൊലപാതക വാര്‍ത്ത എന്നതിലപ്പുറം ഇസ്‌ലാം മതത്തില്‍പ്പെട്ട പെണ്‍കുട്ടികളെ സംരക്ഷിക്കുക, അവര്‍ക്കുള്ള മുന്നറിയിപ്പ്, മിശ്രവിവാഹം താല്‍പര്യപ്പെടുന്നവര്‍ക്കുള്ള ഭീഷണി എന്നീ നിലകളിലാണ് ഇതു പ്രചരിക്കപ്പെട്ടത്.
ഈ കള്ളക്കഥ ഇപ്പോള്‍ വാട്‌സ് ആപ്പും കേരളവും കടന്ന് ദേശീയ തലത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഹൈദരാബാദിലെ ഉവൈസി സഹോദരന്‍മാരുടെ രാഷ്ട്രീയ പാര്‍ട്ടിയായ ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തഹാദുല്‍ മുസ്‌ലിമീനും ഈ റിപ്പോര്‍ട്ടു ഷെയര്‍ ചെയ്തവയില്‍പ്പെടുന്നു.
ഇതിനു പുറമേ vkalathur.in, bushracaretrust.com തുടങ്ങി നിരവധി തമിഴ് വെബ്‌സൈറ്റുകളിലും ഈ ചിത്രവും ഇത്തരത്തില്‍ വാര്‍ത്തയും പ്രചരിക്കുന്നുണ്ട്. തമിഴ് വെബ്‌സൈറ്റുകളില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്കുള്ള മുന്നറിയിപ്പ് എന്ന രീതിയിലാണ് വാര്‍ത്തക്കൊപ്പമുള്ള റിപ്പോര്‍ട്ടു നല്‍കിയിരിക്കുന്നത്. കൂടാതെ ബലാത്സംഗം ചെയ്തു കൊലചെയ്തതാണെന്നും പറയുന്നു.
കോഴിക്കോട് പേരാമ്പ്ര സ്വദേശികളായ ഗൗതവും അന്‍ഷിതയും മൂന്നുവര്‍ഷത്തെ പ്രണയത്തിനുശേഷമാണ് വിവാഹിതരായത്. വ്യത്യസ്ത മത വിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ വീട്ടുകാരുടെ എതിര്‍പ്പു കാരണം ഇരുവരും ഒളിച്ചോടുകയായിരുന്നു. മതസാമുദായിക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ മാറിമാറി താമസിക്കേണ്ട വന്ന ഇവര്‍ 2014 ഒക്ടോബര്‍ 8നാണ് വിവാഹിതരായത്.
മത മൗലികവാദികളില്‍ നിന്നും ശക്തമായ എതിര്‍പ്പാണ് ഇരുവര്‍ക്കും നേരിടേണ്ടി വന്നത്. ആദ്യഘട്ടത്തില്‍ വീട്ടുകാരുടെ കണ്ണീര്‍ക്കഥയുമായാണ് ഇവര്‍ രംഗത്തുവന്നത്. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ അന്‍ഷിതയുടെ ഒളിച്ചോട്ടം കാരണം കുടുംബത്തിന് വന്‍ സാമ്പത്തിക ബാധ്യതയാണുണ്ടായതെന്നും മറ്റും പ്രചരിപ്പിച്ചിരുന്നു.
അതുവിലപ്പോകാതെ വന്നതോടെ ഗൗതം ആര്‍.എസ്.എസുകാരനായിരുന്നെന്നും വിവാഹത്തിനുശേഷം ഡി.വൈ.എഫ്.ഐയിലേക്ക് മാറിയതാണെന്നും പ്രചരണം നടന്നിരുന്നു. ഹിന്ദു വര്‍ഗീയവാദികള്‍ നടത്തിയ ഗൂഢാലോചനയാണിതെന്നും അന്‍ഷിത വഞ്ചിക്കപ്പെടുകയായിരുന്നെന്നും പ്രചരിപ്പിച്ചു. ഇതിനു പിന്നാലെയാണ് ആര്‍.എസ്.എസുകാരന്‍ മുസ്‌ലിം യുവതിയെ വഞ്ചിച്ചു കൊലപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുമായി രംഗത്തുവന്നിരിക്കുന്നത്.
സമുദായത്തിലെ തീവ്രവാദികള്‍ മാത്രമല്ല ഇത്തരം പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ഇവര്‍ക്കൊപ്പം മിതവാദ രാഷ്ട്രീയം പറയുന്നുവെന്ന് അവകാശപ്പെടുന്ന സാമുദായിക രാഷ്ട്രീയ പ്രവര്‍ത്തകരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
മാധ്യമങ്ങളിലൂടെ മാത്രമല്ല, നേരിട്ടും ഇവര്‍ക്കെതിരെ ആക്രമണ ശ്രമങ്ങളുണ്ടായിരുന്നു. ഇവരുടെ വീടിനു നേരെ കല്ലെറിയുകയും ബന്ധുവീടാണെന്നു സംശയിച്ച് വയനാട്ടിലെ ഒരു അഭിഭാഷകന്റെ വീട് ആക്രമിക്കുകയും ചെയ്തിരുന്നു.
ഈ ഫോട്ടോ അപ്‌ലോഡ് ചെയ്തയാള്‍ക്കെതിരെ ഇന്ത്യന്‍ പീനല്‍കോഡ് അനുസരിച്ച് ഫോര്‍ജറിയെന്ന ജാമ്യമില്ലാ കുറ്റത്തിന് നടപടിയെടുക്കാമെന്ന് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ പറഞ്ഞു. തെറ്റായ രേഖയുണ്ടാക്കുക. ക്രിത്രിമമായി ഇലക്ട്രോണിക് രേഖ ഉണ്ടാക്കുക തുടങ്ങിയവ ഇതിന്റെ പരിധിയില്‍ വരും.
ഐ.ടി ആക്ട് 66A പ്രകാരവും ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്ന് അദ്ദേഹം പറഞ്ഞു.