| Thursday, 22nd December 2022, 10:04 pm

ബി.സി.സി.ഐ തലപ്പത്തെത്താന്‍ അപേക്ഷയുമായി വ്യാജ സച്ചിനും സേവാഗും ധോണിയും

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിലെയും ടി-20 ലോകകപ്പിലെയും ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെ ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലെ സെലക്ഷന്‍ കമ്മിറ്റിയെ ബി.സി.സി.ഐ പിരിച്ചുവിട്ടിരുന്നു. അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് പുതിയ അംഗങ്ങള്‍ക്കായി അപേക്ഷയും ബി.സി.സി.ഐ ക്ഷണിച്ചിരുന്നു.

ചേതന്‍ ശര്‍മയടക്കമുള്ളവര്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ തിരിച്ചെത്താന്‍ വീണ്ടും അപേക്ഷ സമര്‍പ്പിച്ചിരുന്നു. 600ലധികം അപേക്ഷകളാണ് ഇത്തരത്തില്‍ ബി.സി.സി.ഐക്ക് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇതില്‍ നിന്നും ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി പത്ത് പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയും അതില്‍ നിന്നും അഞ്ച് പേരെ തെരഞ്ഞെടുക്കുകയും ചെയ്യും.

എന്നാല്‍ സച്ചിന്റെയും സേവാഗിന്റെയും ധോണിയുടെയും പാകിസ്ഥാന്‍ ലെജന്‍ഡ് ഇന്‍സമാം ഉള്‍ ഹഖിന്റെയും പേരില്‍ വരെ ഇത്തരത്തില്‍ അപേക്ഷകള്‍ വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബി.സി.സി.ഐ തന്നെയാണ് സച്ചിന്റെയടക്കം പേരില്‍ വ്യാജ അപേക്ഷകള്‍ എത്തിയിട്ടുണ്ടെന്ന കാര്യം സ്ഥിരീകരിക്കുന്നത്.

‘600ലധികം അപേക്ഷകളാണ് ഞങ്ങല്‍ക്ക് ലഭിച്ചത്. അതില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം.എസ്. ധോണി, ഇന്‍സമാം ഉള്‍ ഹഖ്, വിരേന്ദര്‍ സേവാഗ് എന്ന് അവകാശപ്പെടുന്ന വ്യാജ ഐ.ഡികളില്‍ നിന്നുമുള്ള അപേക്ഷകളും ഉണ്ടായിരുന്നു.

അവര്‍ ബി.സി.സി.ഐയുടെ സമയം വെറുതെ പാഴാക്കുകയാണ്. ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി പത്ത് പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയും അതില്‍ നിന്നും അഞ്ച് പേരെ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്യും. ഈ പ്രവര്‍ത്തി ഉടന്‍ പൂര്‍ത്തിയാകും,’ ബി.സി.സി.ഐ വൃത്തങ്ങള്‍ പി.ടി.ഐയോട് പറഞ്ഞു.

അശോക് മല്‍ഹോത്ര, ജതിന്‍ പരഞ്ജ്‌പേ, സൗലക്ഷണ നായിക് എന്നിവരാണ് ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റിയിലുള്ളത്. ഇവര്‍ പെട്ടെന്ന് തന്നെ സെലക്ഷന്‍ കമ്മിറ്റിയെ തെരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Content Highlight:  Fake MS Dhoni, Sachin Tendulkar, Virender Sehwag and Inzamam-ul-Haq apply for Team India’s selection committee

We use cookies to give you the best possible experience. Learn more