| Monday, 11th July 2022, 1:00 pm

റഷ്യന്‍ ചൂതാട്ടക്കാരെ ചാക്കിലാക്കാന്‍ വ്യാജ ഐ.പി.എല്‍ തന്നെ സൃഷ്ടിച്ച് ഗുജറാത്തിലെ യുവാക്കള്‍; കമന്ററിക്കായെത്തിയത് സാക്ഷാല്‍ 'ഹര്‍ഷ ഭോഗ്ലെയും'

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റിനെ കുറിച്ച് വലിയ വിവരമില്ലാത്തവരാണ് റഷ്യക്കാര്‍. ക്രിക്കറ്റ് എന്ന ഗെയിമിന് റഷ്യയില്‍ വേരോട്ടമില്ലാത്തത് തന്നെയാണ് ഇതിന് കാരണം. റഷ്യക്കാര്‍ക്ക് ക്രിക്കറ്റിനേക്കാള്‍ കൂടുതല്‍ താത്പര്യം ചൂതാട്ടത്തോടാണ്. ചൂതുകളിച്ച് നേടിയും നഷ്ടപ്പെടുത്തിയും അവര്‍ ചില്‍ ചെയ്യുകയാണ്.

ഇപ്പോഴിതാ, റഷ്യക്കാരുടെ ക്രിക്കറ്റിനെ കുറിച്ചുള്ള അറിവില്ലായ്മയെ ചൂഷണം ചെയ്തിരിക്കുകയാണ് ഗുജറാത്തിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍. റഷ്യന്‍ ചൂതാട്ടക്കാരില്‍ നിന്നും പണം തട്ടാന്‍ ഇവര്‍ വ്യാജമായി ഐ.പി.എല്‍ തന്നെ സംഘടിപ്പിച്ചിരിക്കുകയാണ്.

ഷൂബ് ദാവ്ദ എന്നയാളുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നത്. എട്ട് മാസക്കാലം റഷ്യന്‍ പബ്ബില്‍ ജോലി ചെയ്ത ഇയാള്‍ ക്രിക്കറ്റിനെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത, എന്നാല്‍ വാതുവെപ്പില്‍ താത്പര്യമുള്ള നിരവധി പേരെ കണ്ടുമുട്ടി.

ഇതോടെ ഇയാള്‍ നാട്ടിലെ തന്റെ സുഹൃത്തായ ആസിഫ് മുഹമ്മദുമായി എല്ലാ ഒരുക്കങ്ങളും നടത്തി. ഇതോടെ ഐ.പി.എല്‍ കഴിഞ്ഞതൊന്നുമറിയാതെ ‘കുന്നംകുളം ഐ.പി.എല്ലിലേക്ക്’ റഷ്യയില്‍ നിന്നും പണമൊഴുകി.

ഇവരുടെ എ.പി.എല്ലിനായി മെഹ്‌സാനയില്‍ ഒരു ഫാം വാടകയ്‌ക്കെടുക്കുകയും ഹാലജന്‍ ലൈറ്റ് അടക്കം സ്ഥാപിച്ച് ‘സ്റ്റേഡിയം’ ഒരുക്കുകയും ചെയ്തു. 21 ഓളം കര്‍ഷകരും തൊഴിലില്ലാത്ത ഒരു കൂട്ടം ചെറുപ്പക്കാരുമായിരുന്നു ഇവരുടെ സൂപ്പര്‍ താരങ്ങള്‍.

സംഭവം കളറാക്കാനായി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും മുംബൈ ഇന്ത്യന്‍സിന്റെയും ഗുജറാത്ത് ടൈറ്റന്‍സിന്റെയുമടക്കം ജേഴ്‌സിയണിഞ്ഞ് തന്നെയായിരുന്നു ഇവരും കളിച്ചിരുന്നത്. ഒരു മത്സരത്തിന് 400 രൂപ എന്ന നിലയ്ക്കായിരുന്നു ഇവരുടെ ‘മാച്ച് ഫീ’.

അഞ്ച് എച്ച്.ഡി ക്യാമാറകളും രണ്ട് ക്യാമറാമാനെയും തരപ്പെടുത്തിയ ഇവര്‍ ടെലിഗ്രാമില്‍ ഐ.പി.എല്‍ എന്ന പേരില്‍ ഒരു ചാനല്‍ തുടങ്ങുകയും ചെയ്തു. ഇതോടെ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോ അടക്കമുള്ള സ്ഥലങ്ങളില്‍ നിന്നും ഇവര്‍ക്ക് ബെറ്റും ലഭിച്ചു.

സംഭവത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റെന്തന്നാല്‍ ഹര്‍ഷ ഭോഗ്ലയുടെ ശബ്ദം അനുകരിക്കുന്ന ഒരു കമന്റേറ്ററേയും ഇവര്‍ ഏര്‍പ്പാടാക്കിയിരുന്നു.

എന്നാല്‍ ഇതിനെ കുറിച്ചുള്ള പത്രവാര്‍ത്ത ഒറിജിനല്‍ ഹര്‍ഷ ഭോഗ്ലെ പങ്കുവെച്ചതോടെയാണ് സംഭവം വൈറലായത്.

യഥാര്‍ത്ഥ ഐ.പി.എല്‍ കഴിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷമായിരുന്നു ഇവരുടെ ഐ.പി.എല്‍ നടന്നത്. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിയ മത്സരം പൊലീസ് പിടിച്ചതുകൊണ്ട് പാതിവഴിയില്‍ വെച്ച് മുടങ്ങിപ്പോവുകയായിരുന്നു.

ഇവരുടെ മത്സരത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ;

‘മുഖ്യസൂത്രധാരനായ ദാവ്ദ ടെലിഗ്രാമിലൂടെ ലൈവ് ബെറ്റ് കളക്ട് ചെയ്തുകൊണ്ടിരുന്നു. കളക്ട് ചെയ്ത ബെറ്റിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ ‘അമ്പയറുമായി’ ബെറ്റിന്റെ വിവരങ്ങള്‍ കൈമാറും.

അമ്പയര്‍ ഇത് ഗ്രൗണ്ടിലെ താരങ്ങളുമായും പങ്കുവെക്കും. ലഭിച്ച നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ബൗളര്‍ സ്ലോ ആയോ സ്പീഡിലോ പന്തെറിയും. ബെറ്റിന്റെ തുകയ്ക്കനുസരിച്ച് ബാറ്റര്‍ റണ്‍സ് നേടുകയോ ഔട്ടാവുകയോ ചെയ്യും,’

മൂന്ന് ലക്ഷത്തോളം രൂപ റഷ്യക്കാരില്‍ നിന്നും തട്ടിച്ച ശേഷമായിരുന്നു ഇവര്‍ പിടിക്കപ്പെട്ടത്.

Content Highlight:  Fake IPL busted in Gujarat, cons dupe Russian gamblers

We use cookies to give you the best possible experience. Learn more