വിനേഷ് ഫോഗട്ടിന്റെയും സംഗീത ഫോഗട്ടിന്റെയും പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യാജം; ശരിയായ ചിത്രം പങ്കുവെച്ച് പൂനിയ
national news
വിനേഷ് ഫോഗട്ടിന്റെയും സംഗീത ഫോഗട്ടിന്റെയും പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യാജം; ശരിയായ ചിത്രം പങ്കുവെച്ച് പൂനിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th May 2023, 9:26 pm

ന്യൂദല്‍ഹി: സാമൂഹ്യ മാധ്യമങ്ങളിലൂടെ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടിന്റെയും സംഗീത ഫോഗട്ടിന്റെയും പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യാജമാണെന്ന് ബജ്‌റംഗ് പൂനിയ. ഐ.ടി. സെല്ലാണ് ഈ വ്യാജ ചിത്രം പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. യഥാര്‍ത്ഥ ചിത്രവും പങ്കുവെച്ച് കൊണ്ടാണ് പൂനിയ വ്യാജ ചിത്രത്തെ തുറന്ന് കാട്ടിയത്.

ജന്ദര്‍ മന്തറില്‍ നിന്ന് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്ത വിനേഷ് ഫോഗട്ടും സംഗീത ഫോഗട്ടും പൊലീസ് വാഹനത്തില്‍ ചിരിച്ചുക്കൊണ്ടിരിക്കുന്ന ഫോട്ടോയാണ് പ്രചരിക്കുന്നത്.

എന്നാല്‍ പൊലീസ് വാഹനത്തില്‍ നിന്നെടുത്ത ചിരിച്ച് കൊണ്ടിരിക്കുന്ന സെല്‍ഫി വ്യാജമാണെന്ന് തെളിവുകളോടെ പൂനിയ വ്യക്തമാക്കി. സെല്‍ഫിയില്‍ ഇരുവരും ക്ഷീണിതരായി ഇരിക്കുന്ന യഥാര്‍ത്ഥ ചിത്രവും പൂനിയ പങ്കുവെച്ചു.

‘ഐ.ടി. സെല്ലിലെ ആളുകള്‍ ഈ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണ്. വ്യാജ ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഞങ്ങള്‍ പരാതി നല്‍കും,’ പൂനിയ പറഞ്ഞു.

വിനേഷ് ഫോഗട്ടും സംഗീത ഫോഗട്ടും ഈ ട്വീറ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. മാര്‍ച്ച് നടത്തിയ സാക്ഷി മാലിക്, ബജ്‌റംഗ് പൂനിയ, വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ള താരങ്ങളെ പൊലീസ് കസ്റ്റഡിയിലും എടുത്തു. സമരത്തിന് പിന്തുണയുമായെത്തിയ നിരവധി സ്ത്രീകളെയടക്കം പൊലീസ് അറസ്റ്റ് ചെയ്തു.

സമരത്തില്‍ പങ്കെടുത്തവരെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തില്‍ കയറ്റിയത്. പൊലീസ് ശ്രമത്തെ താരങ്ങള്‍ ശക്തമായി തടഞ്ഞെങ്കിലും ബലപ്രയോഗത്തിലൂടെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ദല്‍ഹി അതിര്‍ത്തിയില്‍ വെച്ച് തന്നെ താരങ്ങളെ പൊലീസ് തടഞ്ഞിരുന്നു. ബാരിക്കേഡ് മറികടന്ന് പോകാന്‍ ശ്രമിച്ചതോടെ താരങ്ങളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

പിന്നാലെ ഗുസ്തി താരങ്ങളുടെ സമരവേദികളും ദല്‍ഹി പൊലീസ് പൊളിച്ച് നീക്കി. സമരവേദിയിലെ കട്ടിലുകള്‍, മെത്തകള്‍, കൂളര്‍ ഫാനുകള്‍ തുടങ്ങിയ ഗുസ്തി താരങ്ങളുടെ സാമഗ്രികളെല്ലാം പൊലീസ് എടുത്ത് മാറ്റി.

അതേസമയം മാര്‍ച്ചില്‍ വനിതാ സമരക്കാരെയടക്കം വലിച്ചിഴച്ചതില്‍ നടപടി ആവശ്യപ്പെട്ട് ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സാക്ഷി മലിവാള്‍ രംഗത്തെത്തി.

അറസ്റ്റ് ചെയ്ത ഗുസ്തി താരങ്ങളെയും കുടുംബാംഗങ്ങളെയും വിട്ടയക്കണമെന്നും ബ്രിജ് ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നും സ്വാതി മലിവാള്‍ ആവശ്യപ്പെട്ടു. താരങ്ങളെ വലിച്ചിഴച്ച ഉദ്യേഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ദല്‍ഹി പൊലീസ് കമ്മീഷണര്‍ സഞ്ജയ് അറോറയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

35 ദിവസമായി ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് തുടങ്ങിയ ഗുസ്തി താരങ്ങള്‍ മുന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം നടത്തുകയാണ്. നിലവില്‍ രണ്ട് എഫ്.ഐ.ആറുകളാണ് ഭൂഷണെതിരെ ദല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

content highlight: Fake images promoting Vinesh Phogat and Sangeet Phogat; Punia by sharing the right picture