| Wednesday, 22nd November 2023, 2:46 pm

വ്യാജ ഐ.ഡി. കാര്‍ഡുകള്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യും, പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പില്‍ വ്യാജ ഐ.ഡി. കാര്‍ഡുകള്‍ നിര്‍മിച്ച കേസില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികള്‍ക്കെതിരെ ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പത്തനംതിട്ട സ്വദേശികളായ അഭിവിക്രം, ബിനില്‍ വിനു, ഫെനി, വികാസ് കൃഷ്ണന്‍ തുടങ്ങിയവരാണ് അറസ്റ്റിലായിരിക്കുന്നത്.

അറസ്റ്റിലായവര്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നാട്ടുകാരാണ്. അറസ്റ്റിലായവരുമായി പരിചയമുണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് രാവിലെ മാധ്യമപ്രവര്‍ത്തകരോട് പറയുകയും ചെയ്തിരുന്നു. തെറ്റുകാരെ സംരക്ഷിക്കില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും രാഹുല്‍ പറഞ്ഞിരുന്നു.

അറസ്റ്റിലായവരുടെ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ് തുടങ്ങിയവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. നിരവധി വ്യാജ ഐഡി കാര്‍ഡുകള്‍ നിര്‍മിച്ചതിന്റെ തെളിവുകള്‍ ഈ ഡിജിറ്റല്‍ ഉപകരങ്ങളില്‍ നിന്ന് ലഭിച്ചതായും പൊലീസ് പറഞ്ഞു.

അതേ സമയം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് പൊലീസ് നോട്ടീസ് നല്‍കി. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ശനിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.

content highlights: Fake I.D. cards;  will interrogate Rahul Mangkoothil, the arrest of the activists has been recorded

We use cookies to give you the best possible experience. Learn more