പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച ഇന്ത്യന്‍ സൈന്യത്തിനെതിരെ പോസ്റ്റിട്ടു എന്ന പ്രചരണമാണ് തിരുവനന്തപുരം സ്വദേശി ഷാഹു അമ്പലത്തിനെതിരെ എതിരാളികള്‍ നടത്തുന്നത്.
തിരുവനന്തപുരം: തങ്ങള്‍ക്കെതിരെ നിരന്തരം ഫേസ്ബുക്കിലൂടെ പ്രതികരിക്കുന്ന യുവാവിനെ ഒതുക്കാന്‍ രാജ്യസ്‌നേഹം മറയാക്കി സംഘപരിവാര്‍ അനുകൂലികളുടെ ഫോട്ടോഷോപ്പ് ശ്രമം.
പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച ഇന്ത്യന്‍ സൈന്യത്തിനെതിരെ പോസ്റ്റിട്ടു എന്ന പ്രചരണമാണ് തിരുവനന്തപുരം സ്വദേശി ഷാഹു അമ്പലത്തിനെതിരെ എതിരാളികള്‍ നടത്തുന്നത്. ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് വാളില്‍ “പാക്കിസ്ഥാന് എതിരെ അക്രമം അഴിച്ചുവിടുന്ന ഇന്ത്യന്‍ പട്ടാള ചെറ്റകളേ.. നീയൊക്കെ തീര്‍ന്നടാ.. തീര്‍ന്ന്… ഇന്ത്യയില്‍ ജനിച്ചു എന്ന ഒരു തെറ്റേ ഞാന്‍ ചെയ്തുള്ളൂ.. അതില്‍ ഞാന്‍ ദുഃഖിക്കുന്നു.. എന്റെ മുസ്ലിം സഹോദരങ്ങളെ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കട്ടേ”, എന്ന കുറിപ്പ് എഴുതിയ സ്‌ക്രീന്‍ഷോട്ടുകളാണ് വ്യാപകമായി സോഷ്യല്‍മീഡിയയിലും മറ്റും പ്രചരിപ്പിക്കുന്നത്.
Also Read: ഗോവിന്ദച്ചാമിക്ക് പിന്നില്‍ ആര്? അഡ്വ. ആളൂര്‍ വെളിപ്പെടുത്തുന്നു
ഇല്ലാത്തെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടെന്ന് പറഞ്ഞ് വര്‍ഗീയത ഇളക്കിവിടും പോലെയുള്ള പ്രചരണമാണ് തനിക്കെതിരെ നടക്കുന്നതെന്ന് ഷാഹു ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു. ഇന്നലെ മുതല്‍ തന്നെ വീടുകേറി വെട്ടും, വീട്ടുകാരെ മൊത്തം കത്തിക്കും എന്ന തരത്തിലുള്ള ഭീഷണി സന്ദേശങ്ങള്‍ വരുന്നുണ്ടായിരുന്നു. ഫേസ്ബുക്കിലൂടെയും ഇത്തരത്തില്‍ കടുത്ത പ്രതികരണങ്ങള്‍ നേരിടേണ്ടതായി വന്നു. കാര്യമെന്തെന്നറിയാതിരുന്ന തന്നോട് സുഹൃത്തുക്കളാണ് ഇത്തരത്തിലുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിക്കുന്ന കാര്യം പറഞ്ഞതെന്നും ഷാഹുല്‍ വ്യക്തമാക്കി.
തന്റെ പോസ്റ്റ് എഡിറ്റ് ചെയ്ത് വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഷാഹുല്‍ ഹമീദ് നേമം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. താനാണ് ഈ കുറിപ്പ് എഴുതിയിരുന്നതെങ്കില്‍ തന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളാരെങ്കിലും ഇത് നേരത്തെ കണ്ട് തന്നോട് ചോദിക്കുമായിരുന്നു. എന്നാല്‍ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്നും ഷാഹു വ്യക്തമാക്കി.
ഇന്നലെ രാവിലെ 10.17ന് പോസ്റ്റു ചെയ്തിരിക്കുന്നതായാണ് സ്‌ക്രീന്‍ഷോട്ടിലുള്ളത്. എന്നാല്‍ ഇന്നലെ അതേസമയത്ത് ഷാഹു മറ്റൊരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്.
ഇന്നലെ ഉച്ചക്ക് 12. മണിയോടെയാണ് കരസേനയുടെ വാര്‍ത്താസമ്മേളനത്തില്‍ മിന്നലാക്രമണത്തെപ്പറ്റി സൈനിക മേധാവി വിവരം പുറത്തുവിടുന്നത്. ഇതിനു ശേഷമാണ് മിക്ക മാധ്യമങ്ങളിലും ആക്രമണത്തെ പറ്റിയുള്ള വാര്‍ത്തകള്‍ പുറത്തുവിടുന്നത്. അതേസമയം സൈന്യത്തിനെതിരെ എഴുതി എന്ന തരത്തില്‍ ഷാഹുവിന്റെ പേരില്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടിലെ സമയം രാവിലെ 10.17 ആണ്. ഇതാണ് ഫോട്ടോഷോപ്പ് സംശയങ്ങള്‍ ബലപ്പെടുത്തുന്നത്.
See more at: ഫേസ്ബുക്കില്‍ ദേശവിരുദ്ധ പോസ്റ്റിട്ടെന്ന പരാതിയില്‍ യുവാവ് കസ്റ്റഡിയില്‍; ചുമത്തിയിരിക്കുന്നത് രാജ്യദ്രോഹക്കുറ്റം
വ്യാപകമായി പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ട് പ്രകാരമാണെങ്കില്‍ ആ സമയത്ത് സൈന്യം ആക്രമണത്തെ കുറിച്ച് ബ്രീഫിങ് നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ തെറ്റായ പ്രചരണമാണ് ഇതെന്ന് വ്യക്തമാകുകയും ചെയ്യും. സോഷ്യല്‍ മീഡിയയില്‍ ആക്രമണം ശക്തമായതോടെ അങ്ങനെയൊരു പോസ്റ്റ് ഇട്ടില്ലെന്ന് ഷാഹു ഫേസ്ബുക്കില്‍ വ്യക്തമാക്കിയിട്ടുണ്ട്.