|

ഭരണഘടന ഉയര്‍ത്തിപ്പിടിക്കണമെന്ന ഭരണകൂട ബാധ്യതയുടെ സമ്പൂര്‍ണമായ കയ്യൊഴിയലാണ് ഓരോ വ്യാജ ഏറ്റുമുട്ടല്‍ കൊലകളും

തുഷാര്‍ നിര്‍മ്മല്‍

ചത്തീഡ്ഗഡിലെ സാര്‍ക്കെഗുഡ ഗ്രാമത്തില്‍ 17 പേരെ മാവോയിസ്റ്റുകളാണെന്നാരോപിച്ച് വെടിവെച്ചുകൊന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. കൊല്ലപ്പെട്ടവര്‍ സാധാരണ ഗ്രാമീണരായിരുന്നുവെന്നും ഗ്രാമത്തിലെ ഉത്സവത്തെക്കുറിച്ച് ആലോചിക്കാന്‍ യോഗം ചേര്‍ന്നവരായിരുന്നുവെന്നും അവര്‍ മാവോയിസ്റ്റുകള്‍ അല്ലായിരുന്നു എന്നുമാണ് ജുഡീഷ്യല്‍ കമ്മീഷന്‍ കണ്ടെത്തിയത്.

2012-ല്‍ ആയിരുന്നു സാര്‍ക്കെഗുഡ വെടിവെപ്പ് നടന്നത്. സാര്‍ക്കെഗുഡയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലായിരുന്നു എന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആരോപണത്തെ ശരിവെക്കുന്നതായിരുന്നു ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്.

കേരളത്തിലും തുടര്‍ച്ചയായി മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ നടക്കുന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലകളുടെ പശ്ചാത്തലത്തില്‍ ആണ് സാര്‍ക്കെഗുഡ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

കക്ഷി രാഷ്ട്രീയ ഭേദമന്യേ ഏത് രാഷ്ട്രീയ കക്ഷി നയിക്കുന്ന സര്‍ക്കാറാണെങ്കിലും പൊലീസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളുടെ കാര്യത്തില്‍ സൈന്യത്തെ ഏകപക്ഷീയമായി പിന്തുണക്കുന്ന സമീപനമാണ് ഇന്ത്യയില്‍ പൊതുവില്‍ സ്വീകരിച്ചുവരുന്നതെന്ന് കാണാം.

എല്ലാവിധ ഭരണകൂട പിന്തുണയോടും കൂടി പൊലീസ് നടത്തുന്ന മനുഷ്യക്കുരുതിക്കെതിയെ നിയമ വ്യവസ്ഥിതിയ്ക്കകത്ത് നടക്കുന്ന ദുര്‍ബലമായ തിരുത്തല്‍ നടപടികളുടെ ഭാഗമാണ് പൊലീസ് നടപടികളുടെ പൊള്ളത്തരങ്ങള്‍ പുറത്തുകൊണ്ടുവരുന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ പൊലീസിലോ സര്‍ക്കാറുകളിലോ യാതൊരു തരത്തിലുള്ള പുനര്‍വിചിന്തനത്തിനും കാരണമാകുന്നില്ല എന്നതിന്റെ ദൃഷ്ടാന്തമാണ് ഇന്ന് ഹൈദരാബാദില്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍.

വെറ്റിനറി ഡോക്ടറെ നിഷ്ഠൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ നാല് പേരെയാണ് തെളിവെടുപ്പിനിടയില്‍ തോക്ക് തട്ടിയെടുത്ത് പൊലീസിനെ ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന പേരില്‍ ഹൈദരാബാദ് പൊലീസ് വെടിവെച്ചുകൊന്നത്.

പ്രത്യക്ഷത്തില്‍ തന്നെ ഒരു വ്യാജ ഏറ്റുമുട്ടല്‍ കൊലയാണിതെന്ന് തെളിവെടുപ്പിന് കൊണ്ടുപോകാന്‍ പൊലീസ് തെരഞ്ഞെടുത്ത സമയത്തില്‍ നിന്ന് തന്നെ വ്യക്തമാണ്.

മാത്രമല്ല ഈ കേസ് കൈകാര്യം ചെയ്യുന്ന ഹൈദരാബാദ് പൊലീസ് മേധാവി വി.സി സജ്ജനാര്‍, വാരംഗല്‍ എസ്.പി ആയിരുന്ന സമയത്ത് സമാനമായ ‘ഏറ്റുമുട്ടല്‍ കൊല’കള്‍ സംഘടിപ്പിച്ച വ്യക്തിയാണെന്ന വാര്‍ത്തകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

രണ്ട് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനികളുടെ മേല്‍ പ്രണയം നിരസിച്ചതിന്റെ പേരില്‍ ആസിഡ് ആക്രമണം നടത്തിയെന്ന കേസ്സില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളെയാണ് അന്ന് സംഘടിപ്പിച്ച ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്.

വ്യാജ ഏറ്റുമുട്ടലില്‍ കൊല ചെയ്യപ്പെടുന്നത് ആരു തന്നെ ആയാലും അത് രാജ്യത്തെ നിയമവാഴ്ചയുടെ പരാജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കുറ്റകൃത്യങ്ങളെ നേരിടുന്നതിന് വ്യക്തമായ നിയമ സമവിധാനം നമ്മുടെ നാട്ടില്‍ നിലവിലുണ്ട്.

നിയമപ്രകാരം സ്ഥാപിതമായ മാര്‍ഗങ്ങളിലൂടെയല്ലാതെ ഏതൊരു വ്യക്തിയുടെയും (പൗരന്മാരുടെത് മാത്രമല്ല) ജീവനും സ്വാതന്ത്ര്യവും നിഷേധിക്കാന്‍ പാടില്ലെന്ന് ഇന്ത്യന്‍ ഭരണഘടനയുടെ 21-ാം അനുച്ഛേദം വ്യക്തമാക്കുന്നു.

ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്ന് വി.ആര്‍ കൃഷ്ണയ്യരെപ്പോലുള്ള നിയമജ്ഞര്‍ അഭിപ്രായപ്പെട്ട മൗലികാവകാശമാണ് 21-ാം അനുച്ഛേദം ഉറപ്പ് നല്‍കുന്നത്.

ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ ഇന്ത്യന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. എന്നാല്‍, ഈ ബാധ്യതയുടെ സമ്പൂര്‍ണമായ കയ്യൊഴിയലാണ് ഓരോ വ്യാജ ഏറ്റുമുട്ടല്‍ കൊലകളും.

ഹൈദരാബാദിലെ കൊലകളെ ബലാത്സംഗത്തിനിരയായ സ്ത്രീയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മറ്റും വൈകാരികതയെ മുന്‍നിര്‍ത്തി ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. വളരെ അപകടകരമായ സ്ഥിതി വിശേഷമാണിത് എന്നു പറയേണ്ടിയിരിക്കുന്നു.

ഇന്ത്യന്‍ നിയമ വ്യവസ്ഥയനുസരിച്ച് ഒരു ക്രിമിനല്‍ കുറ്റം സ്റ്റേറ്റിനെതിരായ കുറ്റമാണ്. അതുകൊണ്ട് കുറ്റകൃത്യങ്ങള്‍ക്ക് ഇരയാക്കപ്പെട്ടവരല്ല, ഭരണകൂടമാണ് കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്. അന്വേഷണം നടത്തുന്നതിനും വിചാരണ ചെയ്യുന്നതിനും ശിക്ഷാ വിധി നടപ്പിലാക്കുന്നതിനും വ്യത്യസ്ഥ ഭരണകൂട ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ സംഭവിച്ചതുപോലെ പൊലീസ് നടത്തിയ, നിയമ നടപടികളിലൂടെയല്ലാത്ത കൊലകളെ ‘ബന്ധുക്കള്‍ക്ക് നീതി ലഭിച്ചു’ എന്നത് പോലുള്ള പൊള്ളയായതും രാജ്യത്തിന്റെ നിയമങ്ങള്‍ക്കെതിരായതുമായ വാചാടോപങ്ങളോടുകൂടി പിന്തുണയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ ഒരുവശത്ത് നീതി നടപ്പാക്കാനുള്ള ഭരണകൂടത്തിന്റെ ശേഷിയില്ലായ്മയാണ് കാണിക്കുന്നത്.

മറുവശത്ത് പ്രാകൃതവും ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്ക് അന്യവുമായ സ്വകാര്യ പ്രതികാരങ്ങളെ സമൂഹത്തില്‍ സ്ഥാപിക്കുകയും ചെയ്യുന്നു. പൊലീസിന് ഇപ്രകാരം ലഭിക്കുന്ന അധികാരം ജനാധിപത്യത്തിന്റെ മരണ മണിയാണ് മുഴക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

സ്ത്രീകള്‍ ആക്രമിക്കപ്പെടുന്ന കേസുകളില്‍ അന്വേഷണവും വിചാരണയും പ്രഹസനമാവുകയും പ്രതികള്‍ യാതൊരു ശിക്ഷയും നേരിടാതെ സര്‍വ്വ സ്വതന്ത്രരായി സമൂഹത്തില്‍ വിഹരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളെ കാണിച്ച്, ഇത്തരം വ്യാജ ഏറ്റുമുട്ടല്‍ കൊലകളെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതും വളരെ അപകടകരമാണ്.

സ്ത്രീകള്‍ക്കെതിരെ എന്നുമാത്രമല്ല, മര്‍ദ്ദിത ജനവിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ മഹാഭൂരിപക്ഷത്തിലും പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ല എന്ന അവസ്ഥ നമ്മുടെ നാട്ടിലുണ്ട് എന്നത് ശരിയാണ്. പക്ഷേ, അത് മറ്റൊരു രാഷ്ട്രീയ പ്രശ്‌നമാണ് എന്ന് കാണാതിരുന്നുകൂടാ.

ഉന്നാവോയില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി തുടര്‍ച്ചയായി ആക്രമിക്കപ്പെടുകയും ഏറ്റവുമൊടുവില്‍ വിചാരണയ്ക്ക് കോടതിയില്‍ പോകുന്ന വഴിയില്‍വെച്ച് വീണ്ടും തീ കൊളുത്തപ്പെടുകയും ചെയ്ത വാര്‍ത്ത ഇതിനോടൊപ്പം തന്നെയാണ് വന്നത്. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെടുന്ന ഭരണകൂടമാണ് ഇക്കാര്യത്തില്‍ ഒന്നാം പ്രതിയെന്ന വസ്തുതയാണ് തിരിച്ചറിയപ്പെടേണ്ടത്.

ഇതേ ഭരണകൂടം തന്നെയാണ് നടപടികള്‍ പാലിക്കാതെയുള്ള നിയമബാഹ്യ കൊലകളിലൂടെ ‘ഉടനെ നീതി’ എന്ന ആശയത്തെ സ്ഥാപിച്ചെടുക്കാന്‍ നോക്കുന്നത് എന്നത് നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ വിരോധാഭാസങ്ങളിലൊന്നാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹൈദരാബാദിലെ സംഭവത്തിലേക്ക് വന്നാല്‍, കൊല്ലപ്പെട്ട സ്ത്രീയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങേണ്ടി വന്നിരുന്നു. പൊലീസ് സന്ദര്‍ഭോചിതമായി ഇടപെട്ടിരുന്നെങ്കില്‍ ഒരുപക്ഷേ, അവരുടെ ജീവനെങ്കിലും സംരക്ഷിക്കപ്പെടുമായിരുന്നു.

ഈ കൃത്യവിലോപം ഒരുകാലത്തും വിചാരണ നേരിടുകയുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ കുറ്റകൃത്യം മറച്ചുവക്കാനാണ് ഇപ്പോള്‍ ‘ഉടനടി നീതി’ നടപടിയുമായി പൊലീസും സര്‍ക്കാരും മുന്നോട്ടുവന്നിരിക്കുന്നത്. അത്യന്തം നിന്ദ്യവും പ്രതിഷേധാര്‍ഹവുമായ നടപടിയാണിത്.

സ്ത്രീ സുരക്ഷയും സ്വതന്ത്ര പൗരന്മാരെന്ന പരിഗണനയും ലഭിക്കണമെങ്കില്‍ ഭരണകൂടത്തിന്റെ ഏകപക്ഷീയമായ ബലപ്രയോഗത്തിനുള്ള ആയുധപ്പുരകളെ ശക്തിപ്പെടുത്തുകയേ മതിയാവുകയുള്ളുവോ എന്ന മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷക വൃന്ദാ ഗ്രോവറിന്റെ ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്.

ശക്തമായ പ്രതിരോധങ്ങളുയര്‍ത്തുകയും വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ക്കു ഉത്തരവാദികളായ പൊലീസുകാരെയും ഭരണ നേതൃത്വത്തെയും നിയമ നടപടിക്ക് വിധേയമാക്കുകയും ചെയ്യുക എന്നതു മാത്രമാണ് ഈ സന്ദര്‍ഭത്തില്‍ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്ക് ചെയ്യാനുള്ളത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തുഷാര്‍ നിര്‍മ്മല്‍