ന്യൂദല്‍ഹി: വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ദല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം നേടിയ അങ്കിവ് ബൈസോയയ്‌ക്കെതിരെ ദല്‍ഹി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഐ.പി.സി 420, 468, 471 എന്നീ വകുപ്പുകള്‍ ചുമത്തി മോറിസ് നഗര്‍ പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തിതെന്ന് ക്വന്റ് റിപ്പോര്‍ട്ടു ചെയ്തു.
വ്യാജ സര്‍ട്ടിഫിക്കിറ്റ് ഉണ്ടാക്കി പ്രവേശനം നേടിയ ബൈസോയയ്‌ക്കെതിരെ ദല്‍ഹി സര്‍വകലാശാല ഇന്നലെ കേസ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി. ബുദ്ധിസ്റ്റ് സ്റ്റഡീസ് വിഭാഗം തലവന്‍ കെ.ടി.എസ് റാവോ ആണ് ബൈസോയയ്‌ക്കെതിരെ പരാതി നല്‍കിയത്.
വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് അഡ്മിഷന്‍ നേടിയതെന്ന കണ്ടെത്തലിന് പിന്നാലെ എ.ബി.വി.പി നേതാവും ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാനുമായിരുന്ന അങ്കിവ് ബൈസോയയുടെ ബുദ്ധിസ്റ്റ് സ്റ്റഡീസ് ഡിപ്പാര്‍ട്ട്മെന്റിലെ അഡ്മിഷന്‍ റദ്ദാക്കിയിരുന്നു.
അങ്കിവ് സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തിരുവള്ളൂര്‍ സര്‍വകലാശാല ഡി.യു അധികൃതരെ അറിയിച്ചതിന് പിന്നാലെയായിരുന്നു നടപടി. തിരുവള്ളൂര്‍ സര്‍വകലാശാലയില്‍ നിന്നും ലഭിച്ച അറിയിപ്പ് ബുദ്ധിസ്റ്റ് സ്റ്റഡീസ് തലവന്‍ കെ.ടി.എസ് സാറാവു രജിസ്ട്രാറുടെ ഓഫീസിനെ അറിയിച്ചിരുന്നു.
സര്‍വകലാശാലയില്‍ നിന്നും പുറത്താക്കിയതിനു പിന്നാലെ സെപ്റ്റംബറില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായി തെരഞ്ഞെടുക്കപ്പെട്ട അങ്കിവിന് പ്രസിഡന്റ് സ്ഥാനം രാജി വെക്കേണ്ടി വന്നിരുന്നു.