| Saturday, 1st June 2019, 10:38 am

ശ്രീലങ്കയില്‍ ഇങ്ങനെയൊരു സര്‍വകലാശാലയെ ഇല്ല; മാനവ വിഭവ ശേഷി മന്ത്രി രമേഷ് പൊഖ്രിയാലിന്റെ ഡിഗ്രിയും വ്യാജമെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും കേന്ദ്രമന്ത്രി സമൃതി ഇറാനിക്കും പിന്നാലെ രണ്ടാം മോദി മന്ത്രിസഭയിലെ മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാലിന്റെ ഡിഗ്രിയും വ്യാജമെന്ന് റിപ്പോര്‍ട്ട്. സാഹിത്യത്തിലെ സംഭാവനകള്‍ പരിഗണിച്ച് 1990ല്‍ കൊളംബോ ഓപ്പണ്‍ സര്‍വകലാശാലയില്‍ നിന്നും രമേഖ് പൊഖ്രിയാല്‍ നിഷാങ്ക് ഡി ലിറ്റ് ബിരുദം നേടി എന്നത് വ്യാജമാണെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രമേഷ് പൊഖ്രിയാലിന്റെ ബയോഡാറ്റിയില്‍ പറയുന്ന രണ്ട് ഡി-ലിറ്റ് ബിരുദങ്ങള്‍ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് കൊളംബോ എന്ന ശ്രീലങ്കന്‍ സര്‍വകലാശാലയുടെ പേരിലാണ്. എന്നാല്‍ ശ്രീലങ്കയില്‍ അങ്ങനെയൊരു സര്‍വകലാശാല ഇല്ലെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശ്രീലങ്കയിലെ സര്‍വകലാശാല ഗ്രാന്‍ഡ്‌സ് കമ്മീഷനില്‍ നിന്ന് ഇതിന് വ്യക്തമായ സ്ഥിരീകരണം കിട്ടിയെന്നും ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ശാസ്ത്രരംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് കൊളംബോ ഓപ്പണ്‍ സര്‍വകലാശാല പൊഖ്രിയാലിന് ഡോക്ടറേറ്റ് നല്‍കിയതെന്നായിരുന്നു അവകാശവാദം.

നിരവധി വിവാദ പ്രസ്താവനകള്‍ കൊണ്ട് കുപ്രസിദ്ധനായ ഇദ്ദേഹം ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ഉത്തര്‍പ്രദേശിലെ പ്രധാന ബി.ജെ.പി നേതാക്കളിലൊരാളുമാണ്.

ആധുനിക ശാസ്ത്രം ജ്യോതിഷത്തിന് മുന്നില്‍ എത്രയോ ചെറുതാണെന്നും ലോകത്തിലെ നമ്പര്‍ വണ്‍ ശാസ്ത്രം ജ്യോതിഷമാണെന്നും തുടങ്ങി നിരവധി വിവാദ പ്രസ്താവനകള്‍ പൊഖ്രിയാല്‍ നടത്തിയിരുന്നു.

ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ഹരിദ്വാറില്‍ നിന്നുള്ള പാര്‍ലമെന്റംഗമായിരുന്ന നിഷാങ്ക്, ലോക്സഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് ഈ വിവാദ പരാമര്‍ശമുന്നയിച്ചത്. ജ്യോതിഷം ആണ് ഏറ്റവും വലിയ ശാസ്ത്രമെന്ന് ഉറച്ച് വിശ്വസിക്കുന്ന ഇദ്ദേഹം ആധുനിക ശാസ്ത്രവും കണ്ടുപിടുത്തങ്ങളും ജ്യോതിഷത്തിന് മുന്നില്‍ എത്രയോ ചെറുതാണെന്നും സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു.

ന്യൂക്ലിയര്‍ പരീക്ഷണങ്ങള്‍ ഇന്ത്യയില്‍ മുമ്പും നടന്നിട്ടുണ്ടെന്നും പുരാതന ഇന്ത്യയില്‍ ഋഷിയായിരുന്ന കണാദനാണ് ആദ്യ ന്യൂക്ലിയര്‍ പരീക്ഷണം നടത്തിയതെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് കണാദന്‍ ന്യൂക്ലിയര്‍ പരീക്ഷണം നടത്തിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ജനിതക ശാസ്ത്രവുമായി ബന്ധപ്പെട്ട നരേന്ദ്രമോദിയുടെ പ്രസ്താവന ശരിവച്ച ഇദ്ദേഹം, പുരാതന ഇന്ത്യയില്‍ ഈ ശാസ്ത്ര ശാഖ ഉണ്ടായിരുന്നെന്നും വാദിച്ചു.

ആര്‍.എസ്.എസിന്റെ സരസ്വതി ശിശു മന്ദിറില്‍ അദ്ധ്യാപകനായാണ് നിഷാങ്കിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. കര്‍ണപ്രയാഗ് മണ്ഡലത്തില്‍ അഞ്ച് തവണ തുടര്‍ച്ചയായി ജയിച്ചിരുന്ന കോണ്‍ഗ്രസ് നേതാവും വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ശിവാനന്ദ് നോട്ടിയാലിനെ പരാജയപ്പെടുത്തിയാണ് നിഷാങ്കിന്റെ സുവര്‍ണ്ണകാലം തുടങ്ങുന്നത്.

We use cookies to give you the best possible experience. Learn more