കിളിപോയി സോഷ്യല്‍ മീഡിയ; അമല്‍ നീരദ് ചിത്രത്തില്‍ രജിനികാന്തും വിജയും മുതല്‍ ഷാരൂഖ് ഖാന്‍ വരെ
Entertainment
കിളിപോയി സോഷ്യല്‍ മീഡിയ; അമല്‍ നീരദ് ചിത്രത്തില്‍ രജിനികാന്തും വിജയും മുതല്‍ ഷാരൂഖ് ഖാന്‍ വരെ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 8th June 2024, 9:20 pm

മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് അമല്‍ നീരദ്. മലയാള സിനിമ അവതരണത്തില്‍ പുതിയ രീതി കൊണ്ട് വന്ന സംവിധായകന്‍ കൂടെയാണ് അദ്ദേഹം. ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി, അന്‍വര്‍, ബാച്ചിലര്‍ പാര്‍ട്ടി, വരത്തന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച അമല്‍ നീരദിന്റെ ഏറ്റവും അവസാനമിറങ്ങിയ സിനിമയാണ് ഭീഷ്മ പര്‍വ്വം.

മമ്മൂട്ടി നായകനായ ഭീഷ്മ പര്‍വ്വത്തിന് ശേഷമെത്തുന്ന അമല്‍ നീരദ് ചിത്രത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈയിടെയായിരുന്നു കുഞ്ചാക്കോ ബോബനും അമല്‍ നീരദും ആദ്യമായി ഒന്നിക്കുന്നു എന്ന വാര്‍ത്ത പുറത്തു വന്നത്.

കുഞ്ചാക്കോ ബോബന് പുറമെ ഫഹദ് ഫാസിലും ജ്യോതിര്‍മയിയും ഷറഫുദ്ദീനും ഈ അമല്‍ നീരദ് ചിത്രത്തിലൂടെ ഒന്നിക്കുന്നുണ്ട്. ഈ സിനിമയിലെ കുഞ്ചാക്കോ ബോബന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കൈയ്യടക്കിയിരിക്കുന്നത്.

കയ്യില്‍ തോക്കേന്തി നില്‍ക്കുന്ന കുഞ്ചാക്കോ ബോബനാണ് പോസ്റ്ററിലുള്ളത്. അതിന്റെ ആവേശം കെട്ടടങ്ങുന്നതിന് മുമ്പേ തന്നെ ജ്യോതിര്‍മയിയുടെയും ഫഹദ് ഫാസിലിന്റെയും ഷറഫുദ്ദീന്റെയും പോസ്റ്റര്‍ പുറത്തു വന്നിരുന്നു. ഈ പോസ്റ്ററുകളും വലിയ രീതിയില്‍ വൈറലായി.

പിന്നാലെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഈ ചിത്രത്തില്‍ നിവിന്‍ പോളിയുണ്ടെന്ന തരത്തില്‍ പോസ്റ്റര്‍ പങ്കുവച്ചിരുന്നു. അതിന് താഴെ ആ പോസ്റ്റര്‍ ഫാന്‍ മേഡാണെന്ന കമന്റുകള്‍ നിറഞ്ഞു. ഇപ്പോള്‍ സമാനമായ രീതിയില്‍ നിരവധി ഫാന്‍ മേഡ് പോസ്റ്ററുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരന്‍, പ്രണവ് മോഹന്‍ലാല്‍, ഷാരൂഖ് ഖാന്‍, രജിനികാന്ത്, ശിവകാര്‍ത്തികേയന്‍, വിജയ് എന്നീ താരങ്ങളുടെ ഉള്‍പ്പെടെയുള്ള ഫാന്‍ മേഡ് പോസ്റ്ററുകളാണ് പ്രചരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ചോ മറ്റു താരങ്ങള്‍ ആരാണെന്നോ ഇതുവരെ പുറത്തു വന്നിട്ടില്ല. ഈ മാസം ഒമ്പതിന് ചിത്രത്തിന്റെ ഒരു അപ്‌ഡേഷന്‍ ഉണ്ടാവുമെന്ന് നേരത്തെ തന്നെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

അതേസമയം ഈ അമല്‍ നീരദ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററിന് കൊറിയന്‍ ചിത്രമായ ഓള്‍ഡ് ബോയ്‌യുടെ പോസ്റ്ററിനോട് സാമ്യമുണ്ടെന്ന ചര്‍ച്ചയും ഉയരുന്നുണ്ട്. ത്രില്ലര്‍ മിസ്റ്ററി സിനിമകളില്‍ ലോകമാകെ വലിയ ശ്രദ്ധ നേടിയ ചിത്രമാണ് പാര്‍ക്ക് ചാന്‍ വുക്ക് സംവിധാനം ചെയ്ത ഓള്‍ഡ് ബോയ്.

Content Highlight: Fake Character Posters Of Amal Neerad Movie Are Trending On Social Media