| Monday, 24th June 2024, 11:35 am

യു.പിയിലെ ദളിത് യുവാവിന്റെ കസ്റ്റഡി മരണം, അറസ്റ്റ് ചെയ്തത് കെട്ടിച്ചമച്ച കേസിൽ; പ്രതിഷേധം വ്യാപകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ ദളിദ് യുവാവിന്റെ മരണത്തിന് കാരണം പൊലീസ് മർദനമെന്ന് റിപ്പോർട്ട്. തുടർന്ന് ജില്ലയിൽ വ്യാപകമായി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.

രണ്ട് കുട്ടികളുടെ പിതാവായ ആകാശ് സിങ്ങിനെ ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ വെള്ളിയാഴ്ച കസ്റ്റഡിയിലിരിക്കെ ആകാശ് കൊല്ലപ്പെടുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലക്കേറ്റ ആഘാതമാണ് മരണകാരണമെന്നാണ് പറയുന്നത്.

തുടർന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പോലീസിനെതിരെ രംഗത്തെത്തി. ആകാശിന്റെ മരണം കസ്റ്റഡി മരണമാണെന്ന് കുടുംബം ആരോപിച്ചു. പൊലീസിന്റെ ക്രൂര മർദനത്തിനൊടുവിലാണ് ആകാശ് കൊല്ലപ്പെട്ടതെന്ന് കുടുംബം പറഞ്ഞു.

Also Read: ഗോ വധം തടയാനായില്ലെന്ന് ആരോപിച്ച് മധ്യപ്രദേശിൽ കളക്ടർക്കും എസ്.പിക്കും സ്ഥലം മാറ്റം

‘അവർ എന്റെ മകനെ ചൊവ്വാഴ്ച കൊണ്ടുപോയി. പൊലീസ് അവനെ ക്രൂരമായി ആക്രമിച്ചു. അതാണവന്റെ മരണത്തിന് കാരണമായത്. എനിക്കുറപ്പാണ്. അവനെ കള്ളക്കേസിൽ കുടിക്കിയാണവർ അറസ്റ്റ് ചെയ്തത്. അവന് സ്വന്തമായി ബൈക്ക് ഉണ്ട് പിന്നെന്തിന് അവൻ മോഷ്ടിക്കണം,’ ആകാശ് സിങ്ങിന്റെ മാതാവ് ദി പ്രിന്റിനോട് പറഞ്ഞു.

പൊലീസ് പറയുന്നത് ചൊവ്വാഴ്ച ആകാശിനെ അറസ്റ്റ് ചെയ്‌തെന്നും മൂന്നാം ദിവസം വൈദ്യ പരിശോധനക്കായി കൊണ്ടുപോയെന്നുമാണ്. അവിടെ വെച്ച് ആകാശിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നും പിന്നാലെ മരണം സംഭവിക്കുകയുമായിരുന്നു.

‘ആകാശിനെ ഞങ്ങൾ ആറുമണിക്ക് അറസ്റ്റ് ചെയ്തു. ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങുകയും ചെയ്തു. തുടർന്ന് പിറ്റേ ദിവസം ഒമ്പതരയ്ക്ക് വൈദ്യ പരിശോധനക്കായി കൊണ്ടുപോയി. അവിടെ വെച്ച് തന്നെ ആകാശ് ദേഹാസ്വാസ്ഥ്യമുള്ളതായി പറഞ്ഞിരുന്നു. പിറ്റേ ദിവസം ആശുപത്രിയിൽ വെച്ചാണ് ആകാശ് മരിക്കുന്നത്,’ പൊലീസ് പറഞ്ഞു.

Also Read: മണിപ്പൂരിൽ ഹിന്ദുത്വ ഭ്രാന്തും ക്രിസ്ത്യൻ വിരുദ്ധതയും വിനയായി; ബി.ജെ.പി സഖ്യം വിട്ട് ഒറ്റക്ക് മത്സരിക്കാൻ സഖ്യകക്ഷികൾ

എന്നാൽ പോസ്റ്റുമാർട്ടം ചെയ്ത ഡോക്ടർ സർവേഷ് കുമാർ മിശ്ര പറയുന്നത് ഇത് കസ്റ്റഡി മരണം തന്നെയാണെന്നാണ്.

‘ആകാശ് കൊല്ലപ്പെട്ടതാണ്. ഇതൊരു സ്വാഭാവവിക മരണമല്ല. അയാൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് മരിച്ചതാണെന്ന് ഉറപ്പാണ്. അയാൾ ക്രൂര മർദനത്തിനിരയായിട്ടുണ്ട്,’ ഡോക്ടർ പറഞ്ഞു.

ഇതിനെതിരെ വാദവുമായി പൊലീസും മുന്നോട്ടെത്തിയിട്ടുണ്ട്. പ്രതിചേർക്കപ്പെട്ടയാളെ കോടതിക്ക് മുൻപിൽ ഹാജരാക്കുമ്പോഴും കസ്റ്റഡിയിൽ നിന്ന് ജയിലിലേക്ക് മാറ്റുമ്പോഴും വൈദ്യ പരിശോധനക്ക് വിധേയമാക്കും. ഈ രണ്ട് വൈദ്യ പരിശോധനയിലും ആകാശിന്റെ ദേഹത്ത് പുതുതായി മുറിവുകളൊന്നും തന്നെ കണ്ടെത്തിയിട്ടില്ല. മാത്രമല്ല മർദനം നടന്നിട്ടുണ്ടെങ്കിൽ ആകാശിന് കോടതിയെ ബോധിപ്പിക്കാൻ സാധിക്കുന്നതുമാണ്. ഇതൊന്നും നടന്നിട്ടില്ല അതിനാൽ തന്നെ കസ്റ്റഡി മരണമാണ് നടന്നതെന്ന് പറയാനാവില്ലെന്ന് പൊലീസ് പറഞ്ഞു.

ആകാശിന്റെ മരണത്തിന് ശേഷം വലിയ തോതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. 12 മണിക്കൂറോളം ആകാശിന്റെ മൃതദേഹം സ്വീകരിക്കാൻ തയ്യാറാകാതെ കുടുംബം പ്രതിഷേധിച്ചു.
പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞെന്നും പൊലീസ് ആരോപിച്ചു. ഇതേ തുടർന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും എഫ്.ഐ.ആർ ഫയൽ ചെയ്യുകയും ചെയ്തു.

Content Highlight: Fake case, beaten up by police’ UP Dalit man’s custodial death sparks violence. 2 FIRs

Latest Stories

We use cookies to give you the best possible experience. Learn more