| Tuesday, 25th May 2021, 8:29 pm

തീവ്രവാദം, മയക്കുമരുന്ന്, ആയുധക്കടത്ത്; ലക്ഷദ്വീപിനെതിരെ സംഘപരിവാര്‍ നടത്തുന്ന നുണപ്രചരണങ്ങളുടെ സത്യാവസ്ഥകളെന്ത്?

ഗോപിക

ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്ട്രേറ്റര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മനുഷ്യത്വവിരുദ്ധമായ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ വ്യാപകമാകുന്നതിനിടയിലും തങ്ങളുടെ അജണ്ടയില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന നിലപാടിലാണ് ദ്വീപ് ഭരണകൂടം. അഡ്മിനിസ്ട്രേറ്റര്‍ക്ക് വാട്സ് ആപ്പില്‍ മെസേജ് അയച്ച വിദ്യാര്‍ത്ഥികളെയടക്കം കസ്റ്റഡിയിലെടുത്തിരിക്കുകയാണിപ്പോള്‍. ദ്വീപിലെ പ്രാദേശിക ഓണ്‍ലൈനുകള്‍ക്കും നിയന്ത്രണങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനായ പുതിയ ലക്ഷദ്വീപ് അഡ്മിനിസ്ടേറ്റര്‍ പ്രഫുല്‍ കെ. പട്ടേല്‍ നടപ്പാക്കി വരുന്ന പുതിയ നിയമ പരിഷ്‌കാരങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടയില്‍ ദ്വീപിനെതിരെ നുണപ്രചരണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍ സംഘപരിവാര്‍ വൃത്തങ്ങള്‍.

ലക്ഷദ്വീപ് ജനതയ്ക്കെതിരായി സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന നുണപ്രചരണങ്ങള്‍ എന്തെല്ലാമാണ്, എന്താണ് സത്യാവസ്ഥകള്‍, ഡൂള്‍ എക്സ്പ്ലൈനര്‍ പരിശോധിക്കുന്നു

‘മയക്കുമരുന്നിന്റെയും ലഹരിയുടെയും കേന്ദ്രമാണ് ലക്ഷദ്വീപ്’

ലക്ഷദ്വീപിനെതിരെ സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്നുയരുന്ന പ്രധാന ആരോപണമാണ് ദ്വീപ് മയക്കുമരുന്നിന്റെയും ലഹരി വസ്തുക്കളുടെയും ഈറ്റില്ലമാണെന്നത്.

ദ്വീപില്‍ നിന്ന് ലഹരിവസ്തുക്കള്‍ കടത്തിയ ബോട്ട് പിടിച്ചെടുത്തെന്ന തരത്തില്‍ കഴിഞ്ഞദിവസം ചില വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയും സംഘപരിവാര്‍ അനുകൂലികളും ഈ പ്രചരണം ഏറ്റെടുക്കുകയും ചെയ്തു.

മേയ് 23 ന് ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് ലക്ഷദ്വീപില്‍ ലഹരി കടത്ത് കൂടുന്നെന്നും ബോട്ടുകള്‍ പിടിച്ചെടുത്തുവെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പിന്നാലെ സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളും ഈ പ്രചരണം ഏറ്റെടുത്തു. ചാനല്‍ ചര്‍ച്ചകളിലും സംഘപരിവാര്‍ നേതാക്കള്‍ ഈ വാദങ്ങള്‍ ആവര്‍ത്തിച്ചിരുന്നു.

എന്താണ് യാഥാര്‍ത്ഥ്യം. മാര്‍ച്ച് 18 ന് ഇന്ത്യന്‍ നാവിക സേന ലക്ഷദ്വീപിന് സമീപം മൂന്ന് ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടുകള്‍ തടഞ്ഞിരുന്നതിന്റെ ചിത്രങ്ങളും റിപ്പോര്‍ട്ടുകളുമാണ് സംഘപരിവാര്‍ വ്യാജ പ്രചരണത്തിനായി ഉപയോഗിച്ചത്.

ഹവായ് തീരത്തിനും ഫിലിപ്പിന്‍ തീരത്തിനുമിടയിലെ മധ്യ പസഫിക് സമുദ്രത്തില്‍ വെച്ച് ദ്വീപ് പൊലീസ്, പിടികൂടിയ മയക്കുമരുന്നുകളുടെ ചിത്രമാണ് ദ്വീപില്‍ നിന്നും പിടികൂടിയതെന്ന പേരില്‍ വ്യാജപ്രചരണത്തിനായി ഉപയോഗിക്കുന്നത്.

പാകിസ്ഥാനില്‍ നിന്നെത്തിയ മറ്റൊരു ബോട്ടില്‍ നിന്ന് മയക്കുമരുന്ന് വാങ്ങിയ ശേഷം ശ്രീലങ്കയിലേക്ക് പോകുകയായിരുന്ന മൂന്ന് മത്സ്യബന്ധന ബോട്ടുകളെയാണ് അന്ന് കോസ്റ്റ് ഗാര്‍ഡ് പിടികൂടിയിരുന്നത്.

ശ്രീലങ്കന്‍ സ്വദേശികളുടെ പേരിലുള്ള ആകര്‍ഷാ ദുവാ, ചതുറാണി-03, ചതുറാണി-08 എന്നീ ബോട്ടുകളെയാണ് മിനിക്കോയ് ദീപിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത്് ഏഴ് മൈല്‍ ഉളളില്‍ നിന്ന് കോസ്റ്റ്ഗാര്‍ഡ് പിടികൂടി കേരളത്തിലെ വിഴിഞ്ഞം തുറമുഖത്തെത്തിച്ചത്. ആകര്‍ഷ ദുവയെന്ന ബോട്ടിലെ ക്യാപ്റ്റന്‍ അടക്കമുളള ആറംഗ സംഘത്തെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ നാവിക സേന തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. അതായത് ലക്ഷദ്വീപുമായി യാതൊരു ബന്ധവുമില്ലാത്ത മൂന്ന് ശ്രീലങ്കന്‍ കപ്പലുകള്‍ മിനിക്കോയ് ദ്വീപിന്റെ സമീപത്ത് നിന്നും പിടികൂടിയതിനെയാണ് സംഘപരിവാര്‍ ദ്വീപില്‍ നിന്ന് മയക്കുമരുന്നുകള്‍ പിടികൂടി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്.

ലക്ഷദ്വീപില്‍ ഐ.എസ് താവളങ്ങള്‍ ഉണ്ടെന്ന പ്രചാരണം

2021 ഏപ്രില്‍ 19 ന് 3000 കോടി രൂപയുടെ മയക്കുമരുന്നും 5 എ.കെ 47 തോക്കുകളും 1000 റൗണ്ട് വെടിക്കോപ്പുകളുമായി കേരളത്തിലേക്ക് വന്ന ഒരു കപ്പല്‍ ലക്ഷദ്വീപ് സമുദ്രതീരത്ത് വെച്ചു ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഇന്ത്യന്‍ നാവിക സേനയും പിടിച്ചിരുന്നു. ഇതാണ് സംഘപരിവാര്‍ അനുകൂലികള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഇനി എന്താണ് ഇതിന്റെ വസ്തുത എന്നല്ലെ.

മിനിക്കോയ് ദ്വീപിനു സമീപത്ത് നിന്ന് ശ്രീലങ്കയിലേക്ക് പോകുകയായിരുന്ന ഒരു ശ്രീലങ്കന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുക്കുകയുണ്ടായി. പ്രതികളായവരില്‍ ആരും തന്നെ ഇന്ത്യാക്കാരായിരുന്നില്ല. ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതാണ് ഇപ്പോള്‍ ലക്ഷദ്വീപിനെ ഒരു തീവ്രവാദ സമൂഹമായി ചിത്രീകരിക്കാന്‍ സംഘപരിവാര്‍ അനുകൂലികള്‍ ഉപയോഗിക്കുന്നത്.

മറ്റൊരു പ്രധാന വസ്തുത ശ്രീലങ്ക, സൊമാലിയ, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് കടല്‍മാര്‍ഗ്ഗം എത്തിച്ചേരാന്‍ കഴിയുന്ന പ്രദേശമാണ് ലക്ഷദ്വീപ് കടല്‍ത്തീരം. സ്വാതന്ത്ര്യം ലഭിച്ച കാലം മുതല്‍ രാജ്യം ഭരിച്ച എല്ലാ കക്ഷികള്‍ക്കും അറിയാവുന്ന കാര്യവുമാണിത്. അതുകൊണ്ടു തന്നെ ലക്ഷദ്വീപില്‍ പൊലീസിനു പുറമേ നേവി, കോസ്റ്റ് ഗാര്‍ഡ്, റിസര്‍വ് ബറ്റാലിയന്‍, സി.ആര്‍.പി.എഫ് തുടങ്ങിയ സേന വിഭാഗങ്ങളെ കേന്ദ്രം വിന്യസിച്ചിട്ടുമുണ്ട്.

കടല്‍ അതിര്‍ത്തി ലംഘിച്ചുവരുന്ന കപ്പലുകളെയും ബോട്ട് വ്യൂഹത്തെയുമെല്ലാം ഈ സേനവിഭാഗങ്ങളുടെ പ്രവര്‍ത്തനത്താല്‍ പിടിക്കാറുമുണ്ട്. ഇത് വര്‍ഷങ്ങളായി തുടരുന്ന പ്രക്രിയയാണ്. ഇത് മനസ്സിലാക്കാതെയാണ് സംഘപരിവാര്‍ സംഘടനകള്‍ ദ്വീപിനെതിരെ വ്യാജ ആരോപണങ്ങളുന്നയിക്കുന്നത്.

ലക്ഷദ്വീപില്‍ നിറയെ സംഘര്‍ഷങ്ങള്‍

ദ്വീപില്‍ വലിയ ക്രമസമാധാന പ്രശ്നങ്ങളും സംഘര്‍ഷങ്ങളും നിലനില്‍ക്കുന്നു എന്നും അതിനാല്‍ കര്‍ശനമായ പൊലീസിങ് നടപ്പിലാക്കണം എന്നതുമാണ് മറ്റൊരു പ്രചരണം. എന്നാല്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കുറ്റകൃത്യങ്ങളുടെ നിരക്ക് ഇന്ത്യയില്‍ തന്നെ ഏറ്റവും കുറഞ്ഞ പ്രദേശമാണ് ലക്ഷദ്വീപ്. നമ്മുടെ രാജ്യത്ത് ഓരോ ദിവസവും 80 നും 85 നും ഇടയില്‍ കൊലപാതങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ലക്ഷദ്വീപിന്റെ പതിറ്റാണ്ടുകളുടെ ചരിത്രത്തില്‍ ഇതുവരെ നടന്നത് വെറും മൂന്ന് കൊലപാതകങ്ങള്‍ മാത്രമാണ്. ലക്ഷദ്വീപിലെ ജയിലില്‍ വളരെ അപൂര്‍വമായി മാത്രമാണ് കേസുകളിലെ പ്രതികളെത്താറുള്ളത്. അത്തരമൊരു പ്രദേശത്തെയാണ് സംഘപരിവാര്‍ സംഘര്‍ഷങ്ങള്‍ നിറഞ്ഞ പ്രദേശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്.

ദ്വീപ് ജനത വലിയ മതമൗലിക വാദികളോ?

ബഹുഭൂരിപക്ഷവും മുസ്‌ലീങ്ങള്‍ മാത്രം ജീവിക്കുന്ന ദ്വീപിലെ ജനത വലിയ മതമൗലിക വാദികളും വര്‍ഗീയ വാദികളുമാണെന്നതാണ് മറ്റൊരു പ്രചരണം. 2011 ലെ സെന്‍സസ് പ്രകാരം 96.58 ശതമാനമാണ് ദ്വീപിലെ മുസ്‌ലിങ്ങള്‍. ബാക്കി വരുന്ന 3.42 ശതമാനം മാത്രമാണ് ബാക്കിവരുന്ന മറ്റ് മതവിഭാഗങ്ങളെല്ലാം ഉള്ളത്. ഇന്ത്യയില്‍ ഇത്രയും വലിയ മുസ്‌ലിം ഭൂരിപക്ഷമുള്ള മറ്റൊരു പ്രദേശവുമില്ല. എന്നിട്ടും ഒരു മുസ്‌ലീം രാഷ്ട്രീയ പ്രസ്ഥാനത്തിനും ലക്ഷദ്വീപില്‍ വേരുകളില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

കേരളത്തില്‍ വലിയ സ്വാധീനമുള്ള മതേതര നിലപാടുകള്‍ ഉയര്‍ത്തപ്പിടിക്കുന്ന മുസ്‌ലീം ലീഗ് പോലും ലക്ഷദ്വീപിലില്ല. സോഷ്യലിസ്റ്റ് മതേതര രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസും എന്‍.സി.പിയും ജെ.ഡി.യുവുമാണ് ദ്വീപിലെ പ്രധാന പാര്‍ട്ടികള്‍. അത് കഴിഞ്ഞാല്‍ പിന്നെ ശക്തിയുള്ളത് സി.പി.ഐ.എമ്മിനും സി.പി.ഐയ്ക്കും ആണ്. അതായത് പേരിനുപോലും ഒരു മുസ്ലിം രാഷ്ട്രീയ പാര്‍ട്ടിക്ക് സ്വാധീനമില്ലാത്ത ലക്ഷദ്വീപിനെയാണ് സംഘപരിവാര്‍ വര്‍ഗീയവാദികളുടെ നാടായി ചിത്രീകരിച്ചിരിക്കുന്നത്.

സേവ് ലക്ഷദ്വീപ് ക്യാംപെയിന്‍ മറ്റൊരു ‘ടൂള്‍ക്കിറ്റെ’ന്ന് ആരോപണം

ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ പുതിയ നീക്കങ്ങള്‍ക്കെതിരെ സിനിമ-സാംസ്‌കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി സേവ് ദി ലക്ഷദ്വീപ് ക്യാംപെയ്ന്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. എന്നാല്‍ ഇതെല്ലാം പ്രത്യേക അജണ്ടയില്‍ തയ്യാറാക്കിയ ടൂള്‍ക്കിറ്റെന്നാണ് ബി.ജെ.പി മുഖപത്രമായ ജന്മഭൂമി ആരോപിക്കുന്നത്.

മയക്കുമരുന്ന്, ആയുധകടത്ത് ഉള്‍പ്പെടെയുള്ളവ ദ്വീപ് കേന്ദ്രീകരിച്ച് നടന്നിരുന്നുവെന്നും ഇതു മനസിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും ദ്വീപ് സമൂഹത്തില്‍ നിരീക്ഷണം ശക്തമാക്കുകയും ചെയ്തത് രാജ്യവിരുദ്ധ ശക്തികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്രം ഇല്ലാതാക്കിയെന്നും ജന്മഭൂമി വാര്‍ത്തയില്‍ പറയുന്നു.

ഇതേതുടര്‍ന്ന് പ്രത്യേക ലക്ഷ്യത്തിനായി തയാറാക്കിയ അജണ്ടയാണ് ഇപ്പോള്‍ ടൂള്‍കിറ്റായി സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി എത്തിച്ച് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതില്‍, പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ മുതല്‍ സിനിമ നടന്‍മാരും എഴുത്തുകാരും വരെ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ജന്മഭൂമി ആരോപിക്കുന്നു. കോഴിക്കോട് ആസ്ഥാനമായുള്ള ചില ഓണ്‍ലൈന്‍ പത്രങ്ങള്‍ ഇതിന് സഹായിക്കുന്നുവെന്നുമാണ് പ്രധാന ആരോപണം.

അതായത് സേവ് ലക്ഷദ്വീപ് ഹാഷ്ടാഗില്‍ ഇപ്പോള്‍ വ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താല്‍പര്യക്കാരാണ് എന്നതാണ് ബി.ജെ.പിയുടെ മറ്റൊരു ആരോപണം. കഴിഞ്ഞ കുറേ മാസങ്ങളായി ദ്വീപ് ജനത നടത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഇപ്പോഴെങ്കിലും പൊതുശ്രദ്ധ കിട്ടി എന്നത് മാത്രമാണ് ഇതിന്റെ സത്യാവസ്ഥ.

വിമര്‍ശിക്കുന്നവര്‍ക്ക് നേരെ രാജ്യദ്രോഹക്കുറ്റമെന്ന തുറുപ്പുചീട്ട് കാലങ്ങളായി ഉപയോഗിക്കുന്ന കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും പ്രവര്‍ത്തകരും തങ്ങളുടെ ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ ലക്ഷദ്വീപിനെയും കരുവാക്കിയിരിക്കുകയാണ് ഇപ്പോള്‍ എന്ന് ഈ പ്രചരണങ്ങളില്‍ നിന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlights: Fake Campaigns By SangaParivar Aganist Lakshadweep

ഗോപിക

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more