| Sunday, 7th July 2019, 5:05 pm

പാര്‍ട്ടി- കോണ്‍ഗ്രസ്.എസ്, മേയറായിരുന്നത് ഒരു വര്‍ഷം മാത്രം; 'സി.പി.ഐ.എമ്മിന്റെ മേയര്‍ ബി.ജെ.പിയില്‍' എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേര്‍ന്ന കോഴിക്കോട് മുന്‍ മേയര്‍ യു.ടി രാജന്‍ സി.പി.ഐ.എമ്മുകാരനാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം. ആദ്യം കോണ്‍ഗ്രസിലും പിന്നീട് കോണ്‍ഗ്രസ് എസിലും എന്‍.സി.പിയിലും ഉണ്ടായിരുന്ന യു.ടി രാജന്‍ ഒരിക്കലും സി.പി.ഐ.എമ്മില്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന വസ്തുത മറച്ചുവെച്ചാണ് പ്രചരണം.

1990 ല്‍ ഇടതുമുന്നണിയ്ക്ക് കോര്‍പ്പറേഷന്‍ ഭരണം ലഭിച്ച സമയത്തുണ്ടാക്കിയ ധാരണപ്രകാരം ഘടകകക്ഷി അംഗമെന്ന നിലയില്‍ യു.ടി രാജന്‍ ഒരു വര്‍ഷം മേയറായിരുന്നു. ഇതിനെ മുന്‍നിര്‍ത്തിയാണ് സി.പി.ഐ.എം ലീഡറും മുന്‍ മേയറുമായ യു.ടി രാജന്‍ ബി.ജെ.പിയില്‍ എന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ വ്യാജപ്രചരണം.

എന്നാല്‍ യു.ടി രാജന്‍ ഒരുകാലത്തും സി.പി.ഐ.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നതായി അറിയില്ലെന്ന് കോഴിക്കോട് മുന്‍ മേയറും സി.പി.ഐ നേതാവുമായ രാജഗോപാലന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘അയാള് സി.പി.ഐ.എം നേതാവൊന്നുമല്ല, കോണ്‍ഗ്രസ്.എസായിരുന്നു. ഇടതുപക്ഷത്തില്‍ നമ്മളുടെ കൂടെ 1990 മേയറായിട്ട് ഉണ്ടായിരുന്നു. ആദ്യത്തെ വര്‍ഷം ഹൈമാവതി തായാട്ട്, രണ്ടാമത്തെ വര്‍ഷം മുഹ്‌സിന്‍ മൂന്നാമത്തെ വര്‍ഷം യു.ടി രാജന്‍, നാലാമത്തെ വര്‍ഷം ഞാന്‍ അഞ്ചാമത്തെ വര്‍ഷം ടി.പി ദാസന്‍ എന്നിങ്ങനെയായിരുന്നു ധാരണ. ആദ്യത്തെ വര്‍ഷവും അവസാനത്തെ വര്‍ഷവും സി.പി.ഐ.എമ്മിന് ബാക്കി വര്‍ഷം ഘടകകക്ഷികള്‍ക്ക് എന്നിങ്ങനെയായിരുന്ന ധാരണ.’

സി.പി.ഐ.എമ്മുമായി അദ്ദേഹം ഒരിക്കലും ചേര്‍ന്നിട്ടില്ല. ആദ്യം കോണ്‍ഗ്രസിലായിരുന്നു, പിന്നീട് കോണ്‍ഗ്രസ് എസിലായി, പിന്നെ എന്‍.സി.പിയായി. ഇപ്പോള്‍ ബി.ജെ.പിയിലേക്ക് പോയെന്ന് പറയുന്നു- രാജഗോപാലന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ പോലുമല്ലാതിരുന്നയാളുടെ അംഗത്വത്തെ മുന്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ബി.ജെ.പിയില്‍ എന്ന പേരിലാണ് നേതാക്കള്‍ അവകാശപ്പെടുന്നത്.

ശനിയാഴ്ചയാണ് ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനില്‍ നിന്ന് യു.ടി രാജനടക്കമുള്ളവര്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ഇതിന്റെ ചിത്രം പ്രചരിപ്പിച്ചാണ് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം നടക്കുന്നത്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more