| Thursday, 15th October 2020, 4:52 pm

മുസ്‌ലിം സൈനികര്‍ക്കെതിരെ വിദ്വേഷപ്രചരണം; നടപടിയ്ക്കായി പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുരക്ഷാസേനയിലെ മുസ്‌ലിം സൈനികരെക്കുറിച്ച് വിദ്വേഷപ്രചാരണം നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് 120 ഓളം വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍.

ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും രാഷ്ട്രപതി രാം നാഥ് കോവിന്ദിനും കത്ത് അയച്ചതായാണ് റിപ്പോര്‍ട്ട്. എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സേനയിലെ മുസ്‌ലിം ജവാന്‍മാരെ പറ്റി വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നത് തടയണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരം പ്രചരണങ്ങള്‍ സജീവമായി നടക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നു.

1965-ലെ ഇന്ത്യ- പാക് യുദ്ധത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ആര്‍മിയിലെ മുസ്‌ലിം റെജിമെന്റിനെ പിരിച്ചുവിട്ടുവെന്ന തരത്തില്‍ ചില വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഈ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കത്ത് അയച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇന്ത്യന്‍ ആര്‍മി, നേവി, എയര്‍ഫോഴ്‌സ് എന്നിവയിലെ മുന്‍ ഓഫീസര്‍മാര്‍ കത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒപ്പുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. മുന്‍ നേവി ചീഫ് അഡ്മിറല്‍ എല്‍.രാംദാസ് ഉള്‍പ്പടെയുള്ളവര്‍ കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.

അതേസമയം ഇന്ത്യന്‍ സേനയില്‍ മുസ്‌ലിങ്ങള്‍ക്കായി പ്രത്യേക റെജിമെന്റുകള്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും രാജ്യത്തിന്റെ ഐക്യത്തെയും സുരക്ഷയെയും തകര്‍ക്കാനാണ് ഈ നുണ പ്രചരണമെന്നും കത്തില്‍ പറയുന്നു.

ഹവില്‍ദാര്‍ അബ്ദുള്‍ സമദ്, മേജര്‍ അബ്ദുള്‍ റഫി ഖാന്‍, ഉള്‍പ്പടെയുള്ള സെനികര്‍ പാകിസ്താനുമായുള്ള യുദ്ധത്തില്‍ വീരചരമമടഞ്ഞവരാണെന്നും കത്തില്‍ പറയുന്നുണ്ട്.

ഇത്തരം വിദ്വേഷപ്രചാരണം രാജ്യത്ത് മുസ്‌ലിം വിരുദ്ധ വികാരം വളര്‍ത്തുന്നതാണെന്നും മുസ്‌ലിം സൈനികരുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണെന്നും കത്തില്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Fake Campaign Aganist Muslim Jawans

We use cookies to give you the best possible experience. Learn more