| Tuesday, 23rd June 2020, 11:46 am

Fact Check-യെച്ചൂരിയും ബൃന്ദാ കാരാട്ടും ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിച്ചോ?;സംഘപരിവാര്‍ പ്രചരണത്തിന്റെ സത്യാവസ്ത എന്ത്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പി.ബി അംഗം ബൃന്ദാ കാരാട്ടും ഇന്ത്യന്‍ സൈനികര്‍ക്കെതിരെ പ്രതിഷേധം നടത്തിയെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം. ജൂണ്‍ 16ന് കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സി.പി.ഐ.എം നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളുടെ ചിത്രം എഡിറ്റ് ചെയ്ത് സംഘപരിവാര്‍ അനുകൂല സോഷ്യല്‍മീഡിയ ഹാന്‍ഡിലുകളിലാണ് വ്യാജപ്രചരണം.

‘ഇന്ത്യന്‍ സൈന്യം മൂര്‍ദ്ദാബാദ്, ഞങ്ങള്‍ ചൈനയെ പിന്തുണയ്ക്കുന്നു, ചൈന സിന്ദാബാദ്’ എന്നീ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളേന്തി യെച്ചൂരിയും ബൃന്ദയും നില്‍ക്കുന്ന ചിത്രങ്ങളാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഈ ചിത്രങ്ങള്‍ വ്യാജമാണ്.


രാജ്യത്തെമ്പാടും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ പ്രതിഷേധം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം സാമൂഹ്യ അകലം പാലിച്ച് കൊണ്ട് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ജൂണ്‍ 16 ന് പ്ലക്കാര്‍ഡുകളേന്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

ആദായനികുതി പരിധിക്ക് പുറത്തുള്ള എല്ലാവര്‍ക്കും മൂന്ന് മാസത്തേക്ക് 7500 രൂപ ഉടന്‍ അനുവദിക്കുക എന്ന പ്ലക്കാര്‍ഡാണ് യഥാര്‍ത്ഥത്തില്‍ യെച്ചൂരി പിടിച്ചിരുന്നത്. ആറ് മാസത്തേക്ക് ആവശ്യമുള്ളവര്‍ക്ക് 10 കിലോ ഭക്ഷ്യധാന്യം അനുവദിക്കണം എന്നതായിരുന്നു ബൃന്ദയുടെ കൈയിലെ പ്ലക്കാര്‍ഡ്.

രാജ്യത്തെ ഒറ്റുകൊടുക്കുന്ന ഇടത് തീവ്രവാദികളെ തിരിച്ചറിയൂ എന്ന അടിക്കുറിപ്പോടെയാണ് സോഷ്യല്‍മീഡിയയില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more