| Monday, 10th August 2020, 5:23 pm

fact check: കരിപ്പൂര്‍ വിമാനപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ആര്‍.എസ്.എസ് സ്വയംസേവകവരെയാണോ പൊലീസ് സല്യൂട്ട് ചെയ്തത്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കരിപ്പൂരില്‍ വിമാന ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് ആദരമര്‍പ്പിച്ച് പൊലീസുകാരന്‍ സല്യൂട്ട് നല്‍കുന്ന ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ക്വാറന്റൈനില്‍ കഴിയുന്ന രക്ഷാപ്രവര്‍ത്തകര്‍ക്കാണ് പൊലീസുകാരന്‍ സല്യൂട്ട് നല്‍കി ആദരം അര്‍പ്പിച്ചത്. നിരവധി പേര്‍ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തിയെ അനുമോദിച്ച് രംഗത്തെത്തിയിരുന്നു.

എന്നാല്‍ പൊലീസുദ്യോഗസ്ഥന്‍ സല്യൂട്ട് നല്‍കി ആദരിച്ചത് ആര്‍.എസ്.എസ് പ്രവര്‍ത്തകരെയാണെന്ന തരത്തില്‍ ചിലര്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. മാത്രമല്ല രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയത് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന തരത്തിലും ചില ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇപ്പോള്‍ വ്യാപകമാകുന്നുണ്ട്.

കിഷോര്‍ കെ സ്വാമി എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇത്തരത്തില്‍ പരാമര്‍ശമുള്ളത്. മലപ്പുറം ക്വാറന്റീനില്‍ കഴിയുന്ന രക്ഷാപ്രവര്‍ത്തകരെ പൊലീസ് ഉദ്യോഗസ്ഥന്‍ സല്യൂട്ട് ചെയ്യുന്ന ചിത്രത്തോടൊപ്പം തമിഴിലാണ് ഈ കമന്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

‘കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാരെ രക്ഷിച്ച ആര്‍.എസ്.എസ് സ്വയം സേവകരെ പൊലീസ് സല്യൂട്ട് നല്‍കി ആദരിക്കുന്നു’-ഇതായിരുന്നു പോസ്റ്റ്. തമിഴിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്

അതേസമയം പോസ്റ്റിനെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. സംഘപരിവാറിന്റെ പ്രചരണരീതിയുടെ ഉദാഹരണമാണിതെന്ന് വ്യാപക വിമര്‍ശനമുയരുന്നുണ്ട്. അതോടൊപ്പം കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ സംഘം ഏറ്റെടുത്തെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

അതേസമയം ഉന്നതമേധാവികളുടെ അനുമതിയില്ലാതെയാണ് പൊലീസുദ്യോഗസ്ഥന്‍ ആദരം നടത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ചിത്രം വൈറല്‍ ആയതോടെ വ്യാജമാകാനാണ് സാധ്യതയെന്നായിരുന്നു ജില്ലാ പൊലീസ് മേധാവിയുള്‍പ്പെടെയുള്ളവര്‍ ആദ്യം പ്രതികരിച്ചതെങ്കിലും അന്വേഷണത്തിനൊടുവില്‍ സല്യൂട്ട് ചെയ്ത പൊലീസുകാരനെ തിരിച്ചറിഞ്ഞു.

കണ്‍ട്രോള്‍ റൂമില്‍ നിന്നും സ്പെഷ്യല്‍ ഡ്യൂട്ടിക്കെത്തിയ പൊലീസുകാരനാണ് ഔദ്യോഗിക തീരുമാനപ്രകാരമല്ലാതെ ആദരം നടത്തിയത് എന്നാണ് വിവരം. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊണ്ടോട്ടി സി.ഐ യോട് ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights:  karippur plane crash rss sangaparivar propaganda

We use cookies to give you the best possible experience. Learn more