മലപ്പുറത്തെ പള്ളികളിലും വീടുകളിലും ബോംബ് സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ മാറ്റണം: ഒരു സ്‌ഫോടനം കൂടി നടന്നാല്‍ സൈന്യത്തെ വിന്യസിക്കും: എ.ഡി.ജി.പി സന്ധ്യയുടെ പേരില്‍ വ്യാജ ഓഡിയോ സന്ദേശം
Daily News
മലപ്പുറത്തെ പള്ളികളിലും വീടുകളിലും ബോംബ് സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ മാറ്റണം: ഒരു സ്‌ഫോടനം കൂടി നടന്നാല്‍ സൈന്യത്തെ വിന്യസിക്കും: എ.ഡി.ജി.പി സന്ധ്യയുടെ പേരില്‍ വ്യാജ ഓഡിയോ സന്ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th November 2016, 1:36 pm

മുസ്‌ലിം വീടുകളിലും പള്ളികള്‍ക്ക് സമീപത്തെ കെട്ടിടങ്ങളിലും മറ്റും സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിട്ടുണ്ടെങ്കില്‍ അവ മാറ്റണമെന്നും അങ്ങനെയല്ലെങ്കില്‍  പുരുഷന്മാരെയെല്ലാം ജയിലിലാക്കാന്‍ ഇടയാക്കുമെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.


മലപ്പുറം: മലപ്പുറത്ത് ഒരു സ്‌ഫോടനം കൂടി നടന്നാല്‍ ജില്ലയുടെ ഭരണം സൈന്യം ഏറ്റെടുമെന്ന് എ.ഡി.ജി.പി ബി സന്ധ്യ പറയുന്നതായി വാട്‌സ്ആപ്പ് വഴി വ്യാജ സന്ദേശം പ്രചരിക്കുന്നു.

മലപ്പുറം കളക്‌ട്രേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ അഫ്‌സ്പ നടപ്പിലാക്കണമെന്നും മലപ്പുറത്തിന്റെ നിയന്ത്രണം സൈന്യത്തിന് കൈമാറണമെന്നും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യ സ്വാമി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വാട്‌സ്ആപ്പ് വഴി വ്യാജ സന്ദേശം പ്രചരിക്കുന്നത്.

മലപ്പുറം സ്‌ഫോടനത്തിന്റെ അന്വേഷണ മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പി സന്ധ്യ പറയുന്ന കാര്യങ്ങള്‍ എന്ന വിധത്തിലാണ് ഈ സന്ദേശം പ്രചരിക്കപ്പെടുന്നത്.

ജില്ലയില്‍ ഒരു സ്‌ഫോടനം കൂടി നടന്നാല്‍ സൈന്യത്തിന് ഇക്കാര്യം എളുപ്പമാകുമെന്നും ഭരണം സൈന്യം ഏറ്റെടുത്താല്‍ ജീവിതം ദുസഹമായിരക്കുമെന്നും ഓഡിയോ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.


താന്‍ ഇസ് ലാം മതവിശ്വാസികയല്ലെന്നും ഓഡിയോ സന്ദേശത്തില്‍ സ്വയം വ്യക്തമാക്കുന്നു. മുസ്‌ലിം വീടുകളിലും പള്ളികള്‍ക്ക് സമീപത്തെ കെട്ടിടങ്ങളിലും മറ്റും സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിട്ടുണ്ടെങ്കില്‍ അവ മാറ്റണമെന്നും അങ്ങനെയല്ലെങ്കില്‍  പുരുഷന്മാരെയെല്ലാം ജയിലിലാക്കാന്‍ ഇടയാക്കുമെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.

എന്നാല്‍ തെറ്റിദ്ധാരണ പരത്തുന്ന വിധത്തില്‍ പ്രചരിപ്പിക്കപ്പെട്ടതില്‍ തന്റെ ശബ്ദമല്ലെന്നാണ് എ.ഡി.ജി.പി സന്ധ്യ വ്യക്തമാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച അന്വേഷണം നടക്കുകയാണെന്നും എ.ഡി.ജി.പിയുടെ ഓഫീസ് അറിയിച്ചു.

വ്യാജമായി പ്രചരിപ്പിക്കുന്ന സന്ദേശത്തിലെ സ്ത്രീശബ്ദത്തിന്റെ ഉടമ ആരാണെന്നതിനെ സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നത്.. വിദേശത്തു നിന്നാണ് ഈ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതെന്നാണ് അറിയുന്നത്.

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സ്‌ഫോടനം നടന്നത്. പ്രഷര്‍ കുക്കറും അമോണിയം നൈട്രേറ്റുമാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.

മലപ്പുറം കലക്ടറേറ്റ് പടിക്കല്‍ സ്‌ഫോടനം ഉണ്ടായതി അല്‍ഖായിദയുടെ കേരള അനുയായികള്‍ ആണെന്ന നിഗമനത്തിലാണ് എന്‍ഐഎ അന്വേഷണം മുന്നോട്ടു പോകുന്നത്.