കൊല്‍ക്കത്ത: ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നുണ്ടായ കലാപം ബംഗാളിനെ പിടിച്ചുലച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടെ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനെന്ന തരത്തില്‍, ബംഗാളിലെ ഹിന്ദു സ്ത്രീകളുടെ ദുരവസ്ഥ വ്യക്തമാക്കാനായി ബി.ജെ.പിയുടെ വനിത നേതാവ് പുറത്തു വിട്ട ചിത്രം വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
ബി.ജെ.പിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായ വിജേന്ത് മാലിക്ക് ഹിന്ദു സ്ത്രീകളുടെ അവസ്ഥ വെളിവാക്കുന്ന ചിത്രമെന്ന് പറഞ്ഞ് പുറത്തുവിട്ടത് ബോജ്പുരി സിനിമയിലെ ഒരു രംഗമായിരുന്നു. ബി.ജെ.പി നേതാവിന്റെ കള്ളത്തരം കയ്യോടെ പിടിച്ച സോഷ്യല്‍ മീഡിയ ഇവര്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസമായിരുന്നു ഫെയ്‌സ്ബുക്കിലൂടെ ബി.ജെ.പി വനിത നേതാവ് ചിത്രം പുറത്തുവിട്ടത്. ഒരു സ്ത്രീയുടെ വസ്ത്രം പൊതുജന മധ്യത്തില്‍ വലിച്ചഴിക്കാന്‍ ശ്രമിക്കുന്നതായിരുന്നു ചിത്രം. എന്നാല്‍ ഇത് ബോജ്പുരി സിനിമയിലെ സൂപ്പര്‍ സ്റ്റാറും രാഷ്ട്രീയ നേതാവുമായ മനോജ് തിവാരിയുടെ സിനിമയിലെ രംഗമാണെന്നാണ് കള്ളക്കളി പൊളിച്ച സോഷ്യല്‍ മീഡിയ വ്യക്തമാക്കുന്നത്. ബി.ജെ.പി നേതാവ് തന്നെയാണ് മനോജ് തിവാരിയും.
മനോജ് തിവാരിയുടെ ” ഔറത്ത് ഖിലോന നഹി” എന്ന ചിത്രത്തിലെ രംഗമാണ് ബി.ജെ.പി നേതാവ് ഹിന്ദു സ്ത്രീക്കെതിരായ അതിക്രമമെന്ന നിലയില്‍ പ്രചരിപ്പിച്ചത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. മാലിക്കിനെ അറസ്റ്റ് ചെയ്യണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.
ഹിന്ദു സ്ത്രീ പരസ്യമായി അപമാനിക്കപ്പെടുന്നുവെന്നും എന്തുകൊണ്ട് ആരും പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നില്ലെന്നുമായിരുന്നു മാലിക്ക് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചത്. എന്തു കൊണ്ട് മമത ബാനര്‍ജി ഇതിനെതിരെ നടപടിയെടുക്കുന്നില്ലെന്നും അവര്‍ പോസ്റ്റിലൂടെ ചോദിച്ചിരുന്നു.
ബി.ജെ.പിയക്ക് വേരുറപ്പിക്കാന്‍ കഴിയാത്ത കേരളത്തിലും പശ്ചിമ ബംഗാളിലും അതിനായി സംഘപരിവാര്‍ നടത്തി വരുന്ന വര്‍ഗ്ഗീയ സ്പര്‍ദ്ധ വളര്‍ത്തലിന്റെ ഭാഗമാണ് ഈ സംഭവവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മലപ്പുറത്ത് അമ്പലത്തിന് നേരെയുണ്ടായ ആക്രമണവും തുടര്‍ന്ന് സംഘപരിവാര്‍ നടത്തിയ പ്രചരണവുമെല്ലാം ഉദാഹരണം.