| Sunday, 21st June 2020, 9:32 am

'രാഹുല്‍ ഗാന്ധി അവിടെയുള്ളപ്പോള്‍ ഞങ്ങള്‍ക്ക് ഒരു പേടിയുമില്ല' എന്ന ചൈനീസ് മാധ്യമപ്രവര്‍ത്തകന്റെ ട്വീറ്റിന് പിന്നിലെ സത്യം ഇതാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജൂണ്‍ 16ന് ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സൈനികരുമായി നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നരേന്ദ്രമോദി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. കൊല്ലപ്പെട്ടഇന്ത്യന്‍ സൈനികര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്ന വീഡിയ ലിങ്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഷെയര്‍ ചെയ്തിരുന്നു. മറ്റൊരു ട്വീറ്റില്‍ സൈനികരുടെ മരണത്തില്‍ കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങിനെ ചോദ്യം ചെയ്തിരുന്നു. പ്രധാനമന്ത്രി എന്തുകൊണ്ടാണ് നിശബ്ദനായിരിക്കുന്നത്?.എന്തിനാണ് അദ്ദേഹം ഒളിച്ചിരിക്കുന്നത്. ഇനിയും മിണ്ടാതിരിക്കാനാവില്ല. എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ അറിയേണ്ടതുണ്ട്.
നമ്മുടെ സൈനികരെ വധിക്കാന്‍ അവര്‍ എങ്ങനെ ധൈര്യപ്പെട്ടു? നമ്മുടെ ഭൂമി കയ്യേറാന്‍ അവര്‍ക്ക് എങ്ങനെ ധൈര്യം വന്നു എന്ന് പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു.

ജൂണ്‍ 17ന് ലീ ജീ എന്ന ചൈനീസ് ട്വിറ്റര്‍ ഉപഭോക്താവ് ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ രാഹുല്‍ ഗാന്ധി ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ നന്ദിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തിരുന്നു. താങ്കള്‍ അവിടെയുള്ളപ്പോള്‍ ഞങ്ങള്‍ക്ക് പേടിയില്ലെന്ന് ട്വീറ്റില്‍ പറഞ്ഞിരുന്നു. ചൈന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ന്യൂസ് എന്ന മാധ്യമസ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകനാണ് താന്‍ എന്നാണ് ഇയാള്‍ വിശേഷിപ്പിക്കുന്നത്. രാഹുലിന് നന്ദി പറഞ്ഞു കൊണ്ടുള്ള ട്വീറ്റ് ഇന്ത്യയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.

ഐ സപ്പോര്‍ട്ട് നരേന്ദ്രമോദി എന്ന ഫേസ്ബുക്ക് പേജില്‍ ഈ ട്വീറ്റ് ഷെയര്‍ ചെയ്തിരുന്നു. 16 ലക്ഷം ഫോളോവേഴ്‌സാണ് ഈ പേജിനുള്ളത്. ഈ പേജ് നടത്തുന്ന വികാസ് പാണ്ഡെയും ട്വീറ്റ് ഷെയര്‍ ചെയ്തു. ഒരു ലക്ഷത്തോളം ഫോളോവേഴ്‌സാണ് വികാസിനുള്ളത്. എന്നാല്‍ ഈ ട്വിറ്റര്‍ അക്കൗണ്ട് വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ആള്‍ട്ട് ന്യൂസ്.

ഈ ട്വിറ്റര്‍ അക്കൗണ്ട് 2020 ജൂണിലാണ് ആരംഭിച്ചത്. ജൂണ്‍ 17ന് രാഹുല്‍ ഗാന്ധിയെ കുറിച്ച് എഴുതിയ ട്വീറ്റിന് മുമ്പേ മറ്റൊരു ട്വീറ്റ് പോലും ഈ അക്കൗണ്ടില്‍ നിന്നില്ല. എല്ലാ റീ ട്വീറ്റുകളും ജൂണിലെ മാത്രമാണ്. ഒരെണ്ണം മാത്രം ഏപ്രിലിലേതാണ്.

ചൈനീസ് പൗരനാണ് താനെന്ന് അക്കൗണ്ട് അവകാശപ്പെടുമ്പോള്‍, ചൈനയില്‍ നിന്നുള്ള ഒരാള്‍ പോലും ഫോളോ ചെയ്യുന്നില്ല. ഫോളോ ചെയ്യുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഗ്ലോബല്‍ ടൈംസില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ പോലും ഈ അക്കൗണ്ടിനെ ഫോളോ ചെയ്യുന്നില്ല.

അക്കൗണ്ടിന്റെ പ്രൊഫൈല്‍ ചിത്രത്തിലുള്ള വ്യക്തിയും മറ്റൊരാളാണ്. ഹുയാങ് യിബോ എന്ന ചൈനയില്‍ പ്രസിദ്ധനായ വ്യക്തിയാണ് പ്രൈാഫൈല്‍ ചിത്രത്തിലുള്ളത്. സ്‌മോക്കിംഗ് കില്‍സ് എന്ന ട്രോള്‍ അക്കൗണ്ട് ആണ് ഈ വ്യാജ അക്കൗണ്ടിന് പിന്നിലെന്നും ആള്‍ട്ട് ന്യൂസ് കണ്ടെത്തി.

We use cookies to give you the best possible experience. Learn more