| Wednesday, 7th December 2016, 9:00 am

ഫൈസല്‍വധം: മുഖ്യ പ്രതികളായ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


തിരിച്ചറിയല്‍ പരേഡുള്ളതിനാല്‍ പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാനാകില്ലെന്ന് പൊലീസ് പറഞ്ഞു.


മലപ്പുറം : തിരൂരങ്ങാട് ഫൈസല്‍വധക്കേസില്‍ മുഖ്യപ്രതികളെ പൊലീസ് പിടികൂടി. ബാബു, കുട്ടാപ്പു, അപ്പൂസ് എന്നിവരാണ് പിടിയിലായത്. മലപ്പുറം പുല്ലൂന്നി സ്വദേശികളാണിവര്‍.

തിരിച്ചറിയല്‍ പരേഡുള്ളതിനാല്‍ പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാനാകില്ലെന്ന് പൊലീസ് പറഞ്ഞു.

പിടിയിലായവരില്‍ ബാബുവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ മറ്റുളള രണ്ടുപേരുടെ അറസ്റ്റ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മുഖം മറച്ചാണ് പൊലീസ് ബാബുവിനെ കോടതിയില്‍ ഹാജരാക്കിയിരുന്നത്.

നേരത്തെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ സഹോദരി ഭര്‍ത്താവടക്കം എട്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. സഹോദരി ഭര്‍ത്താവ് വിനോദ്, ഹരിദാസ്, ഷാജി, സുനി, ലികേഷ്, പ്രദീപ്, സതീഷ്, ജയപ്രകാശ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.


Read more: ബംഗാളില്‍ രേഖകളില്ലാത്ത 33 ലക്ഷം രൂപയുമായി ബി.ജെ.പി നേതാവും സംഘവും പിടിയില്‍; ആയുധങ്ങളും പിടികൂടി


ആര്‍.എസ്.എസ്സി.പി.എം സംഘര്‍ഷ മേഖലയായ പുല്ലൂണിയില്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘമാണ് ഫൈസലിനെ കൊലപ്പെടുത്തിയതെന്ന് നേരത്തെ തെളിഞ്ഞിരുന്നു.

നവംബര്‍ 19നാണ് ഫൈസല്‍ കൊല്ലപ്പെടുന്നത്. അന്ന് പുലര്‍ച്ചെ അഞ്ചോടെ കൊടിഞ്ഞി പാലാ പാര്‍ക്കിലെ വാടക വീട്ടില്‍നിന്ന് സ്വന്തം ഓട്ടോയില്‍ താനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെട്ടതായിരുന്നു ഫൈസല്‍. തിരുവനന്തപുരത്തുനിന്ന് ഭാര്യ ജസ്‌ന (പ്രിയ)യുടെ അച്ഛന്‍ കാര്‍ത്തികേയനും അമ്മ പ്രഭാകുമാരിയും അനുജത്തി രൂപയും ട്രെയിനിന് വരുന്നുണ്ടായിരുന്നു. ഇവരെ കൂട്ടാനായിരുന്നു ഫൈസല്‍ വെളുപ്പിന് അഞ്ചോടെ വീട്ടില്‍നിന്ന് പോയിരുന്നത്.

മകന്റെ കൊലപാതകത്തില്‍ ബന്ധുക്കളാണ് പ്രതികളെന്നും മതംമാറിയത് കൊണ്ടുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഫൈസലിന്റെ അമ്മ മീനാക്ഷി പൊലീസിന് മൊഴി നല്‍കിയിരുന്നു.

ഫൈസലിന്റെ  ഭാര്യയും രണ്ടു മക്കളും അമ്മാവനും നേരത്തെ ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു. ഫൈസലിന്റെ കൊലപാതകത്തിനുശേഷം അമ്മ മീനാക്ഷിയും ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more