| Sunday, 29th May 2022, 8:44 am

ക്രൈസ്തവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ കാണിച്ച് കൊടുക്കും; കോടഞ്ചേരിയില്‍ ക്രൈസ്തവ സംഘടനകളുടെ റാലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവമ്പാടി: കോടഞ്ചേരിയില്‍ താമരശ്ശേരി രൂപതയിലെ വിവിധ ക്രൈസ്തവ സംഘടനകളുടെ വിശ്വാസ സംരക്ഷണ റാലി. പരിപാടി ഉദ്ഘാടനം ചെയ്ത താമരശ്ശേരി രൂപത ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ക്രൈസ്തവര്‍ ഉറങ്ങിക്കിടക്കുന്ന സിംഹമാണെന്ന് പറഞ്ഞു.

ക്രൈസ്തവര്‍ക്കെതിരായ പ്രതിലോമശക്തികള്‍ക്കെതിരെ ഞങ്ങള്‍ ഒറ്റക്കെട്ടായിരിക്കും. സമുദായം ഒരുമിച്ച് നില്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. ക്രൈസ്തവരുടെ സഹായത്താല്‍ വളര്‍ന്നവര്‍ ഇപ്പോള്‍ നെഞ്ചത്ത് കയറരുതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ സീറോ മലബാര്‍ സഭ വക്താവ് ഡോ. ചാക്കോ കാളംപറമ്പില്‍ പറഞ്ഞു.

നാര്‍കോട്ടിക്ക് ജിഹാദ്, സ്വര്‍ണക്കടത്ത്, രണ്ടാം ഖിലാഫത്ത് പ്രസ്ഥാനശ്രമം ഇവയെല്ലാം യാഥാര്‍ഥ്യമാണെന്ന് അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍ പറഞ്ഞു. കേരളത്തെ ആറാം നൂറ്റാണ്ടിലേക്കോ ഏഴാം നൂറ്റാണ്ടിലേക്കോ കൊണ്ടു പോകാനാണ് ശ്രമിക്കുന്നത്. ക്രൈസ്തവരെ വെല്ലുവിളിക്കുന്നവരുടെ മുന്നില്‍ തലകുനിക്കില്ല. യേശുവിന്റെ മുന്നില്‍ മാത്രമേ തല കുനിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ മതരാഷ്ട്ര തീവ്രവാദത്തെ നേരിടും. ക്രൈസ്തവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ കാണിച്ച് കൊടുക്കണമെന്നും രാഷ്ട്രീയ കേരളത്തിന്റെ ഭാവി തീരുമാനിക്കുന്ന കൂട്ടായ്മയായി ക്രൈസ്തവര്‍ മാറണമെന്നും ജസ്റ്റിന്‍ പള്ളിവാതുക്കല്‍ കൂട്ടിച്ചേര്‍ത്തു.

ജൂത, ക്രൈസ്തവ വിശ്വാസികളെ ഉറ്റമിത്രങ്ങളാക്കരുതെന്നാണ് ഖുര്‍ആന്റെ ശാസനയെന്ന് പൊതുസമ്മേളനത്തില്‍ സംസാരിച്ച ഫാ. ജോണ്‍സണ്‍ തെക്കടയില്‍ പറഞ്ഞു. ഞങ്ങളുടെ മാര്‍ഗം വാളല്ല, സ്‌നേഹമാണെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ കോടഞ്ചേരി നൂറാംതോട് സ്വദേശിയും സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷെജിന്‍ എം.എസും കോടഞ്ചേരി തെയ്യപ്പാറ സ്വദേശിയും സൗദിയില്‍ നഴ്‌സുമായിരുന്ന ജോയ്‌സന ജോസഫും തമ്മിലുള്ള പ്രണയവും നാടുവിടലും വലിയ കോളിളക്കമുണ്ടാക്കിയിരുന്നു.

ഇതര സമുദായക്കാരായ ഷെജിന്‍ മകളെ തട്ടിക്കൊണ്ടുപോയതാണെന്ന്‌ന ചൂണ്ടിക്കാട്ടി ജോയ്‌സനയുടെ പിതാവ് ജോസഫ് പൊലീസിലും കോടതിയിലും പരാതി നല്‍കിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് വൈദികരുടെ നേതൃത്വത്തില്‍ നടന്ന പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു.

Content Highlight: faith protection rally of various Christian organizations in Thamarassery diocese in Kodancherry

Latest Stories

We use cookies to give you the best possible experience. Learn more