മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ 11 പ്രതികള്‍ക്ക് ജാമ്യം. ജില്ലാ കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. നേരത്തേ രണ്ടുതവണ പ്രതികളുടെ ജാമ്യാപേക്ഷ പരപ്പനങ്ങാടി കോടതി തള്ളിയിരുന്നു.
ഗൂഢാലോചന കേസ് പ്രതികളായ ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് പുല്ലാണി വിനോദ് (39), മാതൃസഹോദര പുത്രന്‍ പുല്ലാണി സജീഷ് (32), പുളിക്കല്‍ ഹരിദാസന്‍ (30), ജ്യേഷ്ഠന്‍ ഷാജി (39), ചാനത്ത് സുനില്‍ (39), പരപ്പനങ്ങാടി കോട്ടയില്‍ ജയപ്രകാശ് (50), കളത്തില്‍ പ്രദീപ് ( 32), പാലത്തിങ്ങല്‍ പള്ളിപ്പടി ലിജീഷ് എന്ന ലിജു (27).
കൃത്യം നടത്തിയ കേസിലുള്‍പ്പെട്ട തിരൂര്‍ പുല്ലൂണി കണക്കന്‍ പ്രജീഷ് എന്ന ബാബു (30), വള്ളിക്കുന്ന് അത്താണിക്കല്‍ പല്ലാട്ട് ശ്രീജേഷ് എന്ന അപ്പു (26), വെള്ളിയാമ്പുറം ചൂലന്‍കുന്ന് സ്വദേശിയും തിരൂര്‍ പുല്ലൂണിയില്‍ താമസക്കാരനുമായ തടത്തില്‍ സുധീഷ് കുമാര്‍ എന്ന കുട്ടാപ്പു (25) എന്നിവര്‍ക്കാണ് ജാമ്യ ലഭിച്ചത്.
കേസിലെ പത്താംപ്രതിയും ആര്‍.എസ്.എസ് ജില്ലാ ഭാരവാഹിയുമായ മഠത്തില്‍ നാരായണന്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. കേസില്‍ പിടികൂടാനുള്ള അവസാനപ്രതിയായിരുന്നു മഠത്തില്‍ നാരായണന്‍. നേരത്തെ തിരൂരിലെ യാസിര്‍ എന്നയാളെ ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊലപ്പെടുത്തിയ കേസിലെ പ്രതികൂടിയാണ് നാരായണന്‍.
ഗള്‍ഫില്‍ വച്ച് ഇസ്‌ലാം മതം സ്വീകരിച്ച ഫൈസല്‍ നാട്ടിലെത്തിയപ്പോഴാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. ഫൈസലിനൊപ്പം ഭാര്യയും രണ്ട് മക്കളും ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു. ഭാര്യയുടെ കുടുംബത്തെ സ്വീകരിക്കാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകവേയായിരുന്നു ഫൈസല്‍ കൊല്ലപ്പെട്ടത്.