| Thursday, 26th October 2017, 7:44 am

'ആരെങ്കിലും ചര്‍ദ്ദിച്ചത് സ്വാദോടെ വിഴുങ്ങുകയും സോഷ്യല്‍ മീഡിയയില്‍ തുപ്പുകയും ചെയ്യുകയും മുമ്പ് കാര്യമെന്തെന്ന് അന്വേഷിക്കണം'; സുരേന്ദ്രന് മറുപടിയുമായി മിനി കൂപ്പര്‍ ഉടമ ഫൈസല്‍ കാരാട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യാത്രയ്ക്കുപയോഗിച്ചത് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ ഫൈസല്‍ കാരാട്ടിന്റെ വാഹനമാണെന്ന ആരോപണവുമായി ബി.ജെ.പിയും ലീഗും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എന്നാല്‍ സുരേന്ദ്രന്‍ പറയുന്നതു പോലെ താന്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയല്ലെന്നാണ് ഫൈസല്‍ കാരാട്ട് നല്‍കുന്ന വിശദീകരണം. പ്രസ്താവനയിലൂടെയായിരുന്നു ഫൈസലിന്റെ വിശദീകരണം.

“കൊടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ കൊടുവള്ളിയില്‍ നടന്ന എല്‍ഡിഎഫ് ജനജാഗ്രതാ യാത്രയില്‍ എന്റെ കാറ് സ്വീകരണത്തിന് ഉപയോഗപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ സോഷ്യല്‍ മീഡിയയില്‍ വസ്തുതാ വിരുദ്ധവും അടിസ്ഥാന രഹിതവുമായ ഒരു പോസ്റ്റിട്ടതായി ശ്രദ്ധയില്‍പ്പെട്ടു. കൊടുവള്ളി മുനിസിപ്പാലിറ്റി പറമ്പത്തുകാവ് ഡിവിഷനിലെ കൗണ്‍സിലറായ എന്റെ വാഹനം ഈ സ്വീകരണ പരിപാടിയില്‍ ഉപയോഗിച്ചതില്‍ എന്തെങ്കിലും തെറ്റുള്ളതായി ഞാന്‍ കരുതുന്നില്ല.” ഫൈസല്‍ പറയുന്നു.

വസ്തുതകള്‍ മനസ്സിലാക്കാതെ തനിക്കെതിരെ പോസ്റ്റിട്ട സുരേന്ദ്രന്‍ പറഞ്ഞ കാര്യങ്ങളില്‍ കൂടുതലും അദ്ദേഹത്തിന്റെ വിവരക്കേടാണ് വ്യക്തമാക്കുന്നതെന്നും ആരെങ്കിലും ചര്‍ദ്ദിച്ചത് സ്വാദോടെ വിഴുങ്ങുകയും സോഷ്യല്‍ മീഡിയയില്‍ തുപ്പുകയും ചെയ്യുന്നതിന് മുമ്പ് സുരേന്ദ്രന് കാര്യമെന്ത് എന്നതിനെക്കുറിച്ച് ഒരു അന്വേഷണം നടത്താമായിരുന്നു എന്നും ഫൈസല്‍ പറഞ്ഞു.


Also Read: കാര്‍ ആരുടേതാണെന്ന് അറിയില്ലായിരുന്നു; വീഴ്ച്ച സംഭവിച്ചതായി കരുതുന്നില്ല; സ്വര്‍ണകടത്തുകാരന്റെ കാറില്‍ സഞ്ചരിച്ചെന്ന ആരോപണത്തിനു മറുപടിയുമായി കോടിയേരി


2013 ല്‍ നടന്ന കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ ഡി.ആര്‍.ഐ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും അവരെ കോഫേപോസ പ്രകാരം കരുതല്‍ തടങ്കലില്‍ വെക്കുകയും ചെയ്തിരുന്നു. സ്ഥലത്തില്ലാത്ത രണ്ട് പേര്‍ക്കെതിരെ കോഫേപോസ നിയമപ്രകാരം കരുതല്‍ തടങ്കല്‍ ഉത്തരവ് നിലനില്‍ക്കുന്നതായുമാണ് തന്റെ അറിവ്. ഈ കേസിലെ ഒരു പ്രതിയും തന്റെ ബന്ധുവും സുഹൃത്തുമായിരുന്ന വ്യക്തിയുടെ ഭാര്യയുടെ പേരിലുള്ള കെഎല്‍ 57 എച്ച് 7 എന്ന ഓഡി ക്യു7 കാര്‍ തന്റെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു എന്നതിന്റെ പേരില്‍ തന്നെ ഡിആര്‍ഐ അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. അതല്ലാതെ സുരേന്ദ്രന്‍ പറഞ്ഞതുപോലെ തനിക്കെതിരെ കോഫേപോസ ചുമത്തിയിട്ടില്ലെന്നും താന്‍ ഒരു കേസിലും പ്രതിയല്ലെന്നും ഫൈസല്‍ വ്യക്തമാക്കുന്നു.

ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട അന്വേഷണ ഏജന്‍സിയായ ഡി.ആര്‍.ഐ എന്താണെന്ന് പോലും അറിയാത്ത കെ. സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണം തന്നെ വ്യക്തിപരമായി തേജോവധം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് എന്ന് മനസ്സിലാക്കുന്നതിനാല്‍ സുരേന്ദ്രനെതിരില്‍ മാനനഷ്ടക്കേസ് നല്‍കുന്നതിന് തീരുമാനിച്ചിരിക്കുകയാണെന്നും ഫൈസല്‍ അറിയിച്ചു.

ഇത്തരം വിലകുറഞ്ഞ കുപ്രചരണങ്ങളിലൂടെ തന്നെ തകര്‍ക്കാമെന്ന് കരുതി ഇറങ്ങിപ്പുറപ്പെട്ടവര്‍ വൃഥാ വ്യായാമമാണ് നടത്തുന്നത് എന്ന് ഓര്‍മ്മപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more