| Tuesday, 17th April 2012, 8:10 am

ഫെയര്‍ ആന്റ് ലവ്‌ലിയില്‍ മെര്‍ക്കുറി, ആരോഗ്യത്തിന് ഹാനികരമെന്ന് പഠനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സൗന്ദര്യവര്‍ധക വസ്തുവായ ഫെയര്‍ ആന്റ് ലവ്‌ലിയില്‍ വിഷാംശങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തല്‍. കരള്‍, കിഡ്‌നി, തലച്ചോറ് എന്നിവയെ ബാധിക്കുന്ന വിഷാംശങ്ങളാണ് ഇതില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. സൗദിയില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിശ്ചയിച്ച പരിധിയില്‍ താഴെയാണ് ഇതിലെ മെര്‍ക്കുറി സാന്നിധ്യമെങ്കിലും ഇവയ്ക്ക് വൃക്ക, കരള്‍, തലച്ചോറ് എന്നിവിടങ്ങളിലെ കോശങ്ങളുടെയും കലകളുടെയും ഘടനയില്‍ മാറ്റം വരുത്താന്‍ സാധിക്കുമെന്നാണ് പരിശോധനയില്‍ വ്യക്തമായത്.

വെള്ള എലിയില്‍ നടത്തിയ പരീക്ഷണങ്ങളാണ് ഫെയര്‍ ആന്റ് ലവ്‌ലിയുടെ ദൂഷ്യഫലങ്ങള്‍ വെളിവാക്കിയത്. ഒരു മാസത്തില്‍  വ്യത്യസ്ത ഇടവേളകളിലായി ഈ എലികളില്‍ ഫെയര്‍ ആന്റ് ലവ്‌ലി പുരട്ടി. ഫെയര്‍ ആന്റ് ലവ്‌ലി പുരട്ടിയ 75 എലികളുടെയും തലച്ചോറ്, കരള്‍, വൃക്ക എന്നിവിടങ്ങളിലെ കലകളിലെ മെര്‍ക്കുറിയുടെ അളവ് പരിശോധിച്ചു. ക്രീം പുരട്ടിയ എലികളില്‍ മെര്‍ക്കുറിയുടെ അളവ് 0.193+/0.319 microg/g ആണ്. അതേസമയം ക്രീം പുരട്ടാത്തവയില്‍ 0.041 microg/g+/0.041microg/g ഉം ആണ്. കിഡ്‌നിയിലാണ് ഏറ്റവും കൂടുതല്‍ മെര്‍ക്കുറിയുള്ളത്. തലച്ചോറിലാണ് കുറവ്. ക്രീം പുരട്ടിയ എലികളുടെ തൂക്കവും നന്നായി കുറഞ്ഞതായി കണ്ടെത്തി.

വിഷഫലമുണ്ടാക്കുന്നതിനാല്‍ മെര്‍ക്കുറി, മെര്‍ക്കുറിക്ക് ക്ലോറൈഡ്, മെര്‍ക്കുറിക്ക് ഓക്‌സൈഡ് എന്നിവ സൗന്ദര്യവര്‍ധക വസ്തുക്കളില്‍ ഉപയോഗിക്കുന്നത് നിരോധിച്ചതാണ്. എന്നാല്‍ മിക്ക നിര്‍മാതാക്കളും മുഖകാന്തി നല്‍കുന്ന ഉല്പന്നങ്ങളില്‍ ഇവ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മെര്‍ക്കുറിയുടെ സാന്നിധ്യം അധികമാവുമ്പോള്‍ തൊലിക്ക് ആഗിരണം ചെയ്യാനുള്ള കഴിവ് കൂടും. മെര്‍ക്കുറി തൊലിയിലൂടെ പ്രവേശിച്ച് ശരീരത്തിന്റെ മിക്ക ഭാഗങ്ങളിലും അടിഞ്ഞുകൂടും. ഇവ ഏറ്റവുമധികം ചെന്നെത്തുന്നത് വൃക്കകളിലാണ്. ഇത് റിവേഴ്‌സിബിള്‍ പ്രോട്ടീന്യൂറിയ, അക്യൂട്ട് ട്യൂബര്‍ നെക്രോസിസ്, നെഫ്രോട്ടിക് സിന്‍ഡ്രോം എന്നിവയ്ക്ക് കാരണമാവും. ഇവയുടെ ഉപയോഗം അധികമായാല്‍ കേന്ദ്രനാഡീ വ്യൂഹത്തെ വരെ അത് ബാധിക്കാനിടയുണ്ട്.

സൌന്ദര്യ വര്‍ധന വസ്തുക്കള്‍ നിര്‍മ്മിക്കുമ്പോള്‍ മെര്‍ക്കുറി ചേര്‍ക്കുന്നതിനു കര്‍ശനമായ നിരോധനം കൊണ്ടുവരണം എന്നാണു വിദഗ്ധ സംഘം നല്‍കുന്ന മുന്നറിയിപ്പ്. ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നതിന്റെ ആരോഗ്യ പ്രശ്നങ്ങളെപ്പറ്റി ജനങ്ങളെ ബോധാവാന്മാരാക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Latest Stories

We use cookies to give you the best possible experience. Learn more