|

വ്യക്തികളെയോ സ്ഥാപനങ്ങളേയോ ബാധിക്കുന്ന സെന്‍സിറ്റീവായ വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നീതിയും കൃത്യതയും ഉറപ്പാക്കണം: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വ്യക്തികളുടെയോ സ്ഥാപനങ്ങളുടേയോ സമഗ്രതയെ ബാധിക്കുന്ന സെന്‍സിറ്റീവ് ആയിട്ടുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നീതിയും കൃത്യതയും ഉറപ്പാക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് നിര്‍ണായകമായ ഉത്തരവാദിത്തമുണ്ടെന്ന് സുപ്രീം കോടതി.

മാധ്യമങ്ങളുടെ അധികാരം അതീവ ജാഗ്രതയോടെയും ഉത്തരവാദിത്തത്തോടെയും വിനിയോഗിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ജെ.ബി. പര്‍ദ്ദിവാല, ആര്‍.മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

പത്രത്തിന്റെ എഡിറ്റോറിയല്‍ ഡയറക്ടര്‍ക്കും നിരവധി പത്രപ്രവര്‍ത്തകര്‍ക്കുമെതിരെ 2014ലെ മാനനഷ്ടക്കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. ടൈംസ് ഓഫ് ഇന്ത്യയില്‍ അന്ന് കറസ്പോണ്ടന്റുമാരായോ എഡിറ്റര്‍മാരായോ ജോലി ചെയ്തിരുന്ന നെര്‍ഗിഷ് സുനവാല, സ്വാതി ദേശ്പാണ്ഡെ, നീലം രാജ് എന്നിവര്‍ക്കെതിരായ നടപടികളും കോടതി റദ്ദാക്കി.

ബിഡ് ആന്‍ഡ് ഹാമര്‍ ഓക്ഷനിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ലേലം ചെയ്ത ചില ചിത്രങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്യുന്ന നിരവധി വാര്‍ത്താ റിപ്പോര്‍ട്ടുകളുടെ പേരില്‍ ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനി ലിമിറ്റഡിനും (ടൈംസ് ഓഫ് ഇന്ത്യയും മറ്റ് ചില പ്രസിദ്ധീകരണങ്ങളും പ്രസിദ്ധീകരിക്കുന്ന കമ്പനി) അതിന്റെ 14 എഡിറ്റര്‍മാര്‍ക്കും ലേഖകര്‍ക്കും എതിരെ 2014 ല്‍ സമര്‍പ്പിച്ച പരാതിയാണ് സുപ്രീം കോടതി പരിഗണിച്ചത്.

പൊതുജനാഭിപ്രായം രൂപീകരിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ രീതിയിലുള്ള പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കിയ കോടതി പൊതുജനവികാരങ്ങളെ സ്വാധീനിക്കാനും ധാരണകളെ ശ്രദ്ധേയമായി തന്നെ മാറ്റാനുമുള്ള കഴിവ് മാധ്യമങ്ങള്‍ക്കുണ്ടെന്നും ചൂണ്ടിക്കാട്ടി.

ഒരു ലേഖനത്തിന്റെയോ റിപ്പോര്‍ട്ടിന്റെയോ വ്യാപ്തിക്ക് ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസത്തെയും വിധിന്യായങ്ങളെയും രൂപപ്പെടുത്താന്‍ കഴിയുമെന്നും ബന്ധപ്പെട്ടവരുടെ പ്രശസ്തിക്കും മറ്റും ഗുരുതരമായ നാശം വരുത്താനും അതിന് കഴിയുമെന്നും കോടതി നിരീക്ഷിച്ചു. അത് സംബന്ധിച്ചുണ്ടാവുന്ന അനന്തര ഫലങ്ങള്‍ കാലങ്ങളോളം നിലനില്‍ക്കുന്നതായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഭരണഘടന നല്‍കുന്ന ആര്‍ട്ടിക്കിള്‍ 19(1)എ പ്രകാരം അഭിപ്രായ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വാര്‍ത്തകളും അഭിപ്രായങ്ങളും ഉത്തരവാദിത്തത്തോടെ പ്രസിദ്ധീകരിക്കാനുള്ള കടമയുണ്ടെന്നും കോടതി പറഞ്ഞു.

Content Highlight: Fairness and accuracy must be ensured while reporting sensitive matters affecting individuals or institutions: Supreme Court

Video Stories