ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ ജര്‍മനിക്ക് പിന്നാലെ പ്രതികരണവുമായി അമേരിക്ക. ന്യായവും സുതാര്യവുമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്ക പറഞ്ഞു. കെജ്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ നിരീക്ഷിക്കുന്നതായും സ്‌റ്റേറ്റ് വക്താവ് വ്യക്തമാക്കി.
നേരത്തെ ജര്‍മനിയും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ജര്‍മന്‍ വക്താവിനെ ആഭ്യന്തര മന്ത്രാലയത്തില്‍ വിളിച്ച് വരുത്തി ഇന്ത്യ നേരിട്ട് അതൃപ്തി അറിയിച്ചിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നാണ് ജര്‍മന്‍ വക്താവിനെ വിളിച്ച് വരുത്തി ഇന്ത്യ പറഞ്ഞത്.
എന്നാല്‍ അമേരിക്കയുടെ പ്രസ്താവനയില്‍ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രാജ്യത്തെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും കെജ്‌രിവാളിന്റെ അറസ്റ്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയുടെ പ്രസ്താവന വളരെ നിര്‍ണായകമാണ്.
അതിനിടെ കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ ആം ആദ്മി പാര്‍ട്ടി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്ഥലത്ത് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വലിയ സംഘര്‍ഷമുണ്ടായി. സ്ത്രീകളടക്കം വലിയ പങ്കാളിത്തമായിരുന്നു മാര്‍ച്ചില്‍ ഉണ്ടായിരുന്നത്.
Content Highlight: fair and transparent process is expected; After Germany, the United States reacted to Kejriwal’s arrest