| Wednesday, 4th September 2024, 10:02 pm

പ്രളയത്തെ തടുക്കുന്നതില്‍ പരാജയപ്പെട്ടു; 30 ഉദ്യോഗസ്ഥരെ ഉത്തര കൊറിയ വധിച്ചതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്യോങ്യാങ്: പ്രളയം തടയുന്നതില്‍ പരാജയപ്പെട്ട 30 ഉദ്യോഗസ്ഥരെ വധിച്ച് ഉത്തര കൊറിയ. അഴിമതി, അശ്രദ്ധ എന്നീ വകുപ്പുകള്‍ ചുമത്തി ഉദ്യോഗസ്ഥരെ കഴിഞ്ഞ മാസം കൊറിയന്‍ നേതാവായ കിം ജോങ് ഉന്‍ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഉദ്യോഗസ്ഥരെ ഭരണകൂടം തൂക്കിലേറ്റിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

പേര് വെളിപ്പെടുത്താത്ത ഉത്തര കൊറിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദക്ഷിണ കൊറിയയിലെ ചോസന്‍ ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈയിലുണ്ടായ പ്രളയത്തില്‍ ആയിരത്തോളം പേര്‍ ഉത്തര കൊറിയയില്‍ മരിച്ചിരുന്നു.

പ്രളയം ഉത്തര കൊറിയയില്‍ വലിയ അളവില്‍ നാശനഷ്ടങ്ങള്‍ക്കും കാരണമായിരുന്നു. ഇതിനുപിന്നാലെയാണ് കിം ജോങ് ഉന്‍ ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധിക്കുന്നത്. സിന്‍ജുവില്‍ നടന്ന പോളിറ്റ്ബ്യൂറോ യോഗത്തിലാണ് കിം ജോങ് ഉന്‍ ഈ തീരുമാനത്തിലെത്തിയത്.

കഴിഞ്ഞ മാസം ദുരന്തമുഖത്തെ 20-30 ഉദ്യോഗസ്ഥരെ ഒരേ സമയം ഉത്തര കൊറിയ വധിശിക്ഷയ്ക്ക് വിധേയമാക്കിയതായി സ്ഥിരീകരിച്ചിരുന്നു. വധിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ കൊറിയ പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ 2019 മുതല്‍ ചാങ്ഗാങ് പ്രവിശ്യാ പാര്‍ട്ടി കമ്മിറ്റിയുടെ സെക്രട്ടറി കാങ് ബോങ് ഹൂണ്‍ അടക്കമുള്ളവര്‍ വധിക്കപ്പെട്ടതായി ഉത്തര കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി.

അതേസമയം പ്രളയത്തില്‍ ഉത്തര കൊറിയയിലെ മരണസംഖ്യ ഉയരുന്നു എന്ന വാര്‍ത്തകള്‍ ദക്ഷിണ കൊറിയയിലെ മാധ്യമങ്ങള്‍ ബോധപൂര്‍വം പ്രചരിപ്പിച്ചതാണെന്ന് കിങ് ജോങ് ഉന്‍ ആരോപിച്ചിരുന്നു. എന്നാല്‍ പ്രളയം 4000ത്തിലധികം വീടുകളെ ബാധിച്ചതായും ആയിരക്കണക്കിന് ആളുകളുടെ മരണത്തിന് കരണമായെന്നുമായിരുന്നു അന്നത്തെ റിപ്പോര്‍ട്ടുകള്‍.

ലോകത്തുടനീളമായി കൊവിഡ് വ്യാപിച്ച സാഹചര്യത്തിലും ഉത്തര കൊറിയ പൗരന്മാരെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഉത്തര കൊറിയയിലെ വധശിക്ഷയുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും കൊറിയ ടൈംസിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: failed to stem the flood; North Korea reportedly killed 30 officers

We use cookies to give you the best possible experience. Learn more