ബോക്‌സ് ഓഫീസില്‍ വലിയ വീഴ്ചകള്‍ക്കും അതിലും വലിയ വാഴ്ചകള്‍ക്കും സാക്ഷ്യം വഹിച്ച വര്‍ഷമാണ് 2023. വമ്പന്‍ ഹൈപ്പില്‍ വന്ന പല ചിത്രങ്ങളും തിയേറ്ററില്‍ മൂക്കുകുത്തിയപ്പോള്‍ പല കുഞ്ഞുചിത്രങ്ങളും 2023ല്‍ 100 കോടി ക്ലബില്‍ വരെ ഇടംപിടിച്ചു. 2023ലെ അത്തരത്തില്‍ ബോക്‌സ് ഓഫീസില്‍ വാണതും വീണതുമായ ചിത്രങ്ങളെ പരിചയപ്പെടാം.
2023ല്‍ ആദ്യം തിയേറ്ററിലെത്തിയ സൂപ്പര്‍ താര ചിത്രം നന്‍പകല്‍ നേരത്ത് മയക്കമായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ചത് വലിയ പ്രതീക്ഷയാണ് ചിത്രത്തിന് നല്‍കിയത്. മേക്കിങ്ങിലും പ്രകടനത്തിലും നന്‍പകല്‍ പ്രതീക്ഷ കാത്തു. ജെയിംസായും സുന്ദരമായും ഒരേ ചിത്രത്തില്‍ നിറഞ്ഞാടിയ മമ്മൂട്ടിയുടെ പ്രകടനം വലിയ നിരൂപക പ്രശംസ നേടി. 2022 ഐ.എഫ്.എഫ്.കെയില്‍ നന്‍പകല്‍ കാണാന്‍ നീണ്ട ക്യൂവും തിരക്കും തര്‍ക്കവും തന്നെ ഉണ്ടായി. പോസിറ്റീവ് റെസ്‌പോണ്‍സ് കിട്ടിയിട്ടും ബോക്‌സ് ഓഫീസ് നമ്പറില്‍ മുന്നേറാന്‍ നന്‍പകലിന് ആയില്ല. എന്നാല്‍ മികച്ച ചിത്രമെന്ന നലിയില്‍ നന്‍പകല്‍ വാഴ്ത്തപ്പെട്ടു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ചിത്രത്തിനും മികച്ച നടനുമുള്ള പുരസ്‌കാരങ്ങള്‍ നന്‍പകല്‍ നേടി.
നന്‍പകലിന് ശേഷം ജനുവരിയില്‍ തന്നെ മറ്റൊരു സൂപ്പര്‍ താര ചിത്രവും തിയേറ്ററിലെത്തി. മോഹന്‍ലാല്‍- ഷാജി കൈലാസ് കൂട്ടുകെട്ടിന്റെ എലോണായിരുന്നു അത്. സിനിമ എന്ന നിലയില്‍ വലിയ വിമര്‍ശനം നേരിട്ട എലോണ്‍ ബോക്‌സ് ഓഫീസിലും തകര്‍ന്നടിഞ്ഞു.
മലയാളത്തില്‍ 2023ലെ ആദ്യഹിറ്റ് പിറന്നത് ഫെബ്രുവരിയിലാണ്. സൗബിന്‍ ഷാഹിര്‍ നായകനായ രോമാഞ്ചം യാതൊരു പ്രതീക്ഷകളുമില്ലാതെയാണ് തിയേറ്ററിലെത്തിയത്. നവാഗതനായ ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സൗബിന്‍, അര്‍ജുന്‍ അശോകന്‍ എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ ബാക്കിയുള്ളവരെല്ലാം താരതമ്യേന പുതുമുഖങ്ങളും സോഷ്യല്‍ മീഡിയ താരങ്ങളുമായിരുന്നു. എന്നാല്‍ മൗത്ത് പബ്ലിസിറ്റിയിലൂടെ വളരെ വേഗം ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ജനപ്രീതി നേടി.
ഫെബ്രുവരിയില്‍ തന്നെയാണ് മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍ തിയേറ്ററുകളിലെത്തിയത്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിനയ് റായ്, സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി, ഷൈന്‍ ടോം ചാക്കോ എന്നിങ്ങനെ വലിയ താരനിരയുണ്ടായിരുന്നു. വലിയ പ്രതീക്ഷകളോടെ തിയേറ്ററിലെത്തിയ ചിത്രം തിയേറ്ററില്‍ പരാജയപ്പെട്ടു.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് തുറമുഖം തിയേറ്ററിലെത്തിയത്. രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളിയായിരുന്നു നായകന്‍. ഇന്ദ്രജിത്ത്, പൂര്‍ണിമ, ജോജു ജോര്‍ജ്, നിമിഷ സജയന്‍, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഷൂട്ടിങ് പൂര്‍ത്തിയായി നാളുകളായെങ്കിലും വിവിധ പ്രതിസന്ധികള്‍ കാരണം റിലീസ് നീണ്ടുപോയിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ബോക്‌സ് ഓഫീസ് നമ്പറിലും തുറമുഖം മങ്ങി.
വലിയ ഹൈപ്പുമായി തിയേറ്ററിലെത്തി പരാജയപ്പെട്ട മറ്റൊരു ചിത്രമാണ് ആഷിഖ് അബുവിന്റെ നീലവെളിച്ചം. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ടെക്‌നിക്കല്‍ ക്വാളിറ്റിയില്‍ പ്രശംസ നേടിയെങ്കിലും മേക്കിങ്ങിലും പ്രകടനത്തിലും ചിത്രം പിന്നോട്ട് പോയി.
2023ലെ അടുത്ത മലയാളം ഹിറ്റ് പിറന്നത് മെയിലാണ്. 2018ലെ പ്രളയം ആസ്പദമാക്കി ജൂഡ് ആന്തണി ഒരുക്കിയ 2018ന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ലാല്‍, നരേന്‍, അപര്‍ണ ബാലമുരളി, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിലുണ്ടായിരുന്നത്. മൗത്ത് പബ്ലിസിറ്റി 2018നേയും തുണച്ചു. കേരളത്തിന് പുറത്ത് നിന്നും 2018ന് വലിയ പ്രശംസ ലഭിച്ചു. ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംനേടി. കേരളത്തിനെതിരെ വലിയ പ്രൊപ്പഗണ്ട പ്രചരിപ്പിക്കുന്ന കേരള സ്റ്റോറി എന്ന ചിത്രം ഇറങ്ങിയ അതേസമയത്ത് തന്നെയാണ് കേരളത്തിന്റെ കെട്ടുറപ്പിനെ കാണിച്ചുതന്ന 2018 ഇറങ്ങിയത് എന്നതും മറ്റൊരു യാദൃശ്ചികതയായി.
2023ല്‍ ഏറ്റവും ചര്‍ച്ചയായ പരാജയമാണ് ദുല്‍ഖര്‍ സല്‍മാന്റെ കിങ് ഓഫ് കൊത്ത. പ്രഖ്യാപനം മുതല്‍ വമ്പന്‍ ഹൈപ്പാണ് ചിത്രത്തിന് ലഭിച്ചത്. കൊത്ത എന്ന സാങ്കല്‍പിക ഗ്രാമത്തിലെ രാജു എന്ന ഗ്യാങ്സ്റ്ററിന്റെ കഥയാണ് കിങ് ഓഫ് കൊത്ത പറഞ്ഞത്. അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി, പ്രസന്ന, നൈല ഉഷ, ചെമ്പന്‍ വിനോദ്, ഷബീര്‍ കല്ലറക്കല്‍, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍ തുടങ്ങിയ താരനിര ഉണ്ടായിരുന്നു. ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ ഇളക്കിമറിച്ച പ്രൊമോഷനാണ് കിങ് ഓഫ് കൊത്തക്കായി ദുല്‍ഖര്‍ നടത്തിയത്. പാന്‍ ഇന്ത്യന്‍ ലെവലില്‍ റിലീസ് ചെയ്ത ചിത്രത്തിന് മോശം പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. തിരക്കഥയിലെ പാളിച്ചയും കഥാപാത്രങ്ങളുടെ കെട്ടുറപ്പില്ലായ്മയും കൊത്തയെ ബാധിച്ചു.
കിങ് ഓഫ് കൊത്ത ഉള്‍പ്പെടെ മൂന്ന് ചിത്രങ്ങളാണ് 2023 ഓണക്കാലത്ത് റിലീസ് ചെയ്തത്. കൊത്തക്കൊപ്പമിറങ്ങിയ നിവിന്‍ പോളി- ഹനീഫ് അദേനി കൂട്ടുകെട്ടിലിറങ്ങിയ ബോസ് ആന്‍ഡ് കോയ്ക്ക് മേലും വലിയ പ്രേക്ഷക പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ റിലീസിന് പിന്നാലെ വലിയ വിമര്‍ശനമാണ് ചിത്രത്തിനേല്‍ക്കേണ്ടി വന്നത്. തിയേറ്ററിലും വന്‍ പരാജയമായി.
കിങ് ഓഫ് കൊത്തയേയും രാമചന്ദ്ര ബോസ് ആന്‍ഡ് കോയേയും അപേക്ഷിച്ച് ഹൈപ്പ് കുറഞ്ഞ ചിത്രമായിരുന്നു നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍.ഡി.എക്‌സ്. ആന്റണി വര്‍ഗീസ് പെപ്പെ, നീരജ് മാധവ്, ഷെയ്ന്‍ നിഗം എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായത്. റിലീസിന് മുന്നേ പല വിധത്തില്‍ ട്രോള്‍ ചെയ്യപ്പെട്ടെങ്കിലും തിയേറ്ററിലെത്തിയതോടെ ആര്‍.ഡി.എക്‌സിന് വലിയ മൗത്ത് പബ്ലിസിറ്റി ലഭിച്ചു. ആക്ഷന്‍ ഴോണറില്‍ വന്ന ചിത്രത്തിന് വളരെ പെട്ടെന്ന് പ്രേക്ഷകനുമായി കണക്ട് ചെയ്യാന്‍ പറ്റി. 2023ല്‍ 100 കോടി ക്ലബില്‍ കേറിയ മറ്റൊരു മലയാള ചിത്രമാവാനും ആര്‍.ഡി.എക്‌സിനായി.
മമ്മൂട്ടി ചിത്രമായിട്ടും വലിയ ഹൈപ്പില്ലാതെയാണ് കണ്ണൂര്‍ സ്‌ക്വാഡ് തിയേറ്ററിലെത്തിയത്. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം കേരളത്തിലെ കുറ്റകൃത്യത്തിന് ശേഷം നോര്‍ത്ത് ഇന്ത്യയിലേക്ക് രക്ഷപ്പെട്ട പ്രതികളെ പിടിക്കാനായി പോകുന്ന നാലംഗം അന്വേഷണ സംഘത്തിന്റെ കഥയാണ് പറഞ്ഞത്. പ്രേക്ഷക പ്രശംസക്കൊപ്പം തിയേറ്ററിലും വലിയ വിജയമാവാന്‍ കണ്ണൂര്‍ സ്‌ക്വാഡിനായി. കേരളത്തിന് പുറത്തേക്കും ചിത്രത്തിന് പ്രശംസ ലഭിച്ചു. മമ്മൂട്ടിക്കൊപ്പം ചിത്രത്തില്‍ എത്തിയ റോണി ഡേവിഡ്, ശബരീഷ് വര്‍മ, അസീസ് നെടുമങ്ങാട് എന്നിവരുടെ പ്രകടനവും പ്രശംസിക്കപ്പെട്ടു.
വലിയ പ്രതീക്ഷകളുമായെത്തി തിയേറ്ററില്‍ പരാജയമായ അടുത്ത ചിത്രം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചാവേറാണ്. കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ അശോകന്‍, ആന്റണി വര്‍ഗീസ് പെപ്പെ, മനോജ് കെ.യു. എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായത്. മേക്കിങ്ങില്‍ മികച്ച് നിന്നിട്ടും തിരക്കഥ പിന്നോട്ട് പോയത് ചിത്രത്തെ പ്രതികൂലമായി ബാധിച്ചു.
ഹൈപ്പില്‍ വന്ന് പരാജയപ്പെട്ട ചിത്രങ്ങളുടെ നിരയിലേക്ക് തന്നെയാണ് ദിലീപ് ചിത്രം ബാന്ദ്രയും ഇടംപിടിച്ചത്. ഉദയകൃഷ്ണ തിരക്കഥ രചിച്ച ചിത്രം സംവിധാനം ചെയ്തത് അരുണ്‍ ഗോപിയാണ്. തെന്നിന്ത്യന്‍ താരം തമന്ന ആദ്യമായി മലയാളത്തിലേക്ക് വന്ന ചിത്രം കൂടിയായിരുന്നു ബാന്ദ്ര. പ്രേക്ഷകരില്‍ നിന്നും വലിയ വിമര്‍ശനം നേരിട്ട ബാന്ദ്ര തിയേറ്റരിലും പരാജയപ്പെട്ടു.
നവംബറില്‍ തന്നെ റിലീസ് ചെയ്ത സുരേഷ് ഗോപി ചിത്രം ഗരുഡന്‍ മമ്മൂട്ടി ചിത്രം കാതല്‍ ദി കോര്‍ എന്നിവയും പ്രേക്ഷകപ്രശംസക്കൊപ്പം തിയേറ്ററിലും മികച്ച പ്രകടനം കാഴ്ചവെച്ചു.
ഇതിനൊപ്പം തന്നെ 2023 ചില ചെറിയ വിജയങ്ങളും മറന്നുകൂട. പ്രണയ വിലാസം, കഠിനകഠോരം ഈ അണ്ഡകടാഹം, സുലൈഖ മന്‍സില്‍, പാച്ചുവും അത്ഭുതവിളക്കും, നെയ്മര്‍, മധുരമനോഹര മോഹം, ജേര്‍ണി ഓഫ് ലവ് 18 പ്ലസ്, കൊറോണ ധവാന്‍ എന്നീ കുഞ്ഞന്‍ ചിത്രങ്ങളും മികച്ച അഭിപ്രായത്തിനൊപ്പം തിയേറ്ററിലും മാന്യമായ കളക്ഷന്‍ നേടി.
Content Highlight: failed and success movies of malayalam film industry in 2023