ശങ്കര രാമകൃഷ്ണന്റെ സംവിധാനത്തില്‍ പുറത്ത് വന്ന ചിത്രമാണ് 18ാം പടി. രണ്ട് സ്‌കൂളുകളിലെ കുട്ടികള്‍ തമ്മിലുള്ള പകയുടെയും പോരാട്ടത്തിന്റെ കഥ പറഞ്ഞ ചിത്രം പുതുമുഖങ്ങളെ അണിനിരത്തിയാണ് സംവിധായകന്‍ ഒരുക്കിയത്. പുതുമുഖങ്ങളാണ് കേന്ദ്രകഥാപാത്രങ്ങളായതെങ്കിലും മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദന്‍ എന്നിങ്ങനെ വലിയ താരനിര ചിത്രത്തിലെത്തിയിരുന്നു. പ്രത്യേകിച്ചും ചിത്രത്തിന്റെ സെറ്റില്‍ നിന്നും അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് മുന്നില്‍ നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രം വൈറലായിരുന്നു.
18ാം പടിയില്‍ മമ്മൂട്ടി വരുമെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്ന് പറയുകയാണ് ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച ഫാഹിം സഫര്‍. മമ്മൂട്ടി പെട്ടെന്നാണ് ചിത്രത്തിലേക്ക് എത്തിയതെന്നും അത് എല്ലാവര്‍ക്കും സര്‍പ്രൈസായിരുന്നുവെന്നും ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഫാഹിം പറഞ്ഞു.
‘ഓഡിഷന്‍ കഴിഞ്ഞ് വിളിക്കുമ്പോള്‍ ഒന്നും അറിയില്ലായിരുന്നു മമ്മൂക്ക വരുമെന്ന്. രണ്ട് സ്‌കൂളുകളിലുള്ള കുട്ടികളുടെ റൈവല്‍റിയുടെ കഥയാണെന്ന് മാത്രമേ അറിയുകയുള്ളൂ. ഓരോ ദിവസവും പോകുമ്പോഴാണ് വലിയ ആളുകള്‍ വരുന്നുണ്ടെന്ന് അറിയുന്നത്. പൃഥ്വിരാജൊക്കെ പ്രൊഡക്ഷന്റെ ഭാഗമായിരുന്നു. ചിലപ്പോള്‍ പുള്ളിയൊക്കെ വരുമെന്ന് നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും പറയുമായിരുന്നു.
പക്ഷേ മമ്മൂക്കയൊക്കെ പെട്ടെന്ന് വരുകയായിരുന്നു,അറിയില്ലായിരുന്നു. അത് വലിയ സര്‍പ്രൈസായിരുന്നു, ഒരു ഭാഗ്യമായിരുന്നു. ആദ്യ ചിത്രത്തില്‍ തന്നെ മമ്മൂക്കക്കൊപ്പം അഭിനയിക്കാനായി. രണ്ടുമൂന്ന് സീനുണ്ടായിരുന്നു. വളരെ ലക്കിയായിട്ടുള്ള എക്‌സ്പീരിയന്‍സായിരുന്നു,’ ഫാഹിം പറഞ്ഞു.
ജാക്‌സണ്‍ ബസാറാണ് റിലീസ് ചെയ്ത ഫാഹിമിന്റെ പുതിയ ചിത്രം. ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മധുരത്തിന് ശേഷം ജാഫര്‍ ഇടുക്കിക്കും ഇന്ദ്രന്‍സിനുമൊപ്പം അഭിനയിച്ചതിനെ പറ്റിയും ഫാഹിം സംസാരിച്ചു.
‘മധുരത്തില്‍ ഇന്ദ്രന്‍സേട്ടനുമായിട്ടായിരുന്നു കൂടുതല്‍ കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നത്. അതില്‍ ജാഫറിക്കക്ക് വേറെ ട്രാക്കായിരുന്നു. അദ്ദേഹത്തിനൊപ്പം രണ്ട് സീനൊക്കെ ഉണ്ടായിരുന്നുള്ളൂ. ജാക്‌സണ്‍ ബസാറില്‍ ജാഫറിക്കക്കൊപ്പമുള്ള സീനുകള്‍ ഉണ്ട്. പുള്ളി അടിപൊളി വൈബാണ്. സെറ്റിലെ ഏറ്റവും യങ്ങസ്റ്റായ ആള് പുള്ളിയാണ്,’ ഫാഹിം പറഞ്ഞു.
Content Highlight: fahim safar talks about mammootty’s cameo in pathinettam padi