കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഫഹദ് ഫാസില്‍. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായതോടൊപ്പം സംവിധായകന്‍ ഫാസിലിന്റെ മകന്‍ എന്ന നിലയില്‍ ഫഹദ് ഒരുപാട് വിമര്‍ശനവും നേരിട്ടു. എന്നാല്‍ പിന്നീട് മലയാള സിനിമ കണ്ടത് ഫഹദ് എന്ന ഗംഭീര നടന്റെ തിരിച്ചുവരവായിരുന്നു.
രണ്ടാം വരവില്‍ ചെയ്ത കഥാപാത്രങ്ങളെല്ലാം ഏറ്റവും മികച്ച രീതിയിലാണ് ഫഹദ് ചെയ്തത്. മലയാളത്തേക്കാള്‍ ഇപ്പോള്‍ അന്യഭാഷയില്‍ തിരക്കുള്ള നടനാണ് ഫഹദ്. ഇന്ത്യ ഒട്ടാകെയുള്ള സിനിമാപ്രേമികള്‍ ഇപ്പോള്‍ ഫഹദിന്റെ ആരാധകരാണ്. മികച്ച സിനിമകള്‍ നല്‍കുന്ന പ്രൊഡക്ഷന്‍ ഹൗസും ഫഹദിനുണ്ട്.
ഫഹദ് നായകനായെത്തി ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറിയ ചിത്രമാണ് ആവേശം. രംഗണ്ണനായി ഫഹദ് എത്തിയ പടം സംവിധാനം ചെയ്തത് ജിത്തു മാധവനാണ്. ആവേശത്തെ കുറിച്ച് സംസാരിക്കുകയാണ് ഫഹദ് ഫാസില്‍. തന്റെ ബൗണ്ടറി പരീക്ഷിക്കാന്‍ വേണ്ടി ചെയ്ത ചിത്രമാണ് ആവേശമെന്നും അതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് അതെന്നും ഫഹദ് പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഫഹദ് ഫാസില്‍.
‘ആവേശം സിനിമ എന്റെ ബൗണ്ടറി പരീക്ഷിക്കാന്‍ വേണ്ടിയുള്ള എന്റെ ഒരു ശ്രമമായിരുന്നു. അതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു ആവേശത്തിലെ രംഗണ്ണന്‍. ആ സിനിമ സത്യത്തില്‍ ഓഡിയന്‍സിന്റെ കൂടെയാണ് സഞ്ചരിക്കുന്നത്. അവരുടെ ഒരു ഫ്ളോയിലാണ് സിനിമയും സഞ്ചരിക്കുന്നത്. കഥാപാത്രങ്ങളും മറ്റ് ഫാക്റ്ററുകളെക്കാളും സിനിമയില്‍ ഫോക്കസ് ചെയ്യുന്നത് പ്രേക്ഷകരെ തന്നെയാണ്.
ആവേശത്തിന് മുന്‍പ് ഞാന്‍ അത്തരത്തില്‍ ഒരു കഥാപാത്രമോ സിനിമയോ ചെയ്തിട്ടില്ല. അത്തരം കഥയുമായി ആരും എന്നെ സമീപിച്ചിട്ട് പോലും ഇല്ലായിരുന്നു. സാധാരണ ഞാന്‍ എല്ലാ സിനിമയിലും ചെയ്യുന്നത് തിരക്കഥയുമായി ചേര്‍ന്ന് ആ ഒഴുക്കില്‍ അങ്ങ് പോകുന്നതായിരിക്കും. എന്നാല്‍ ജിത്തു എന്നോട് അങ്ങനെ അല്ല ചെയ്യേണ്ടത് നമുക്ക് വ്യത്യസ്തമായ എന്തെങ്കിലും ഒന്ന് ചെയ്യാം എന്നാണ് പറഞ്ഞത്,’ ഫഹദ് ഫാസില്‍ പറയുന്നു.
Content Highlight: Fahd Fasil Talks About Aavesham Movie