| Wednesday, 10th April 2024, 6:00 pm

അന്ന് ഒരു താരത്തിന്റെ ഉദയം നേരില്‍ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി: ഫഹദ് ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ നിന്ന് പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ നടന്മാരാണ് പൃഥ്വിരാജും ഫഹദ് ഫാസിലും. മലയാളത്തിന് പുറമെ, മറ്റ് ഇന്‍ഡസ്ട്രികളിലെ സിനിമകള്‍ നായകതുല്യവേഷങ്ങള്‍ ചെയ്ത് വലിയ സ്വീകാര്യത നേടാന്‍ ഇരുവര്‍ക്കും സാധിച്ചു. വിക്രം എന്ന സിനിമയില്‍ ആദ്യാവസാനം നിറഞ്ഞു നിന്ന ഫഹദിന്റെ അമര്‍ എന്ന കഥാപാത്രവും, സലാര്‍ എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിലെ പൃഥ്വിയുടെ വരദരാജ മന്നാറും ഇതിനുദാഹരണങ്ങളാണ്. സിനിമക്ക് പുറത്ത് ഇതുവരുടെയും സൗഹൃദവും മികച്ചതാണ്.

ആടുജീവിതം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിനിടെ ഫഹദ് അയച്ച വീഡിയോ സന്ദേശത്തില്‍ പൃഥ്വിയുടെ സിനിമാജീവിതത്തിന്റെ തുടക്കം നേരില്‍ കാണാന്‍ ഭാഗ്യം ലഭിച്ചയാളാണെന്ന് ഫഹദ് പറഞ്ഞു. പൃഥ്വിയുടെ ആദ്യ സിനിമയുടെ സ്‌ക്രീന്‍ ടെസ്റ്റ് തന്റെ വീട്ടില്‍ വെച്ചായിരുന്നെന്നും, ഒരു താരത്തിന്റെ ഉദയം അന്ന് നേരില്‍ കണ്ടെന്നും ഫഹദ് പറഞ്ഞു.

‘പൃഥ്വി, എന്റെ സഹോദരതുല്യനായ ഒരാളാണ്. ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പൃഥ്വിയുടെ അഭിനയത്തിന്റെ തുടക്കം എനിക്ക് നേരില്‍ കാണാന്‍ സാധിച്ചിട്ടുണ്ട്. പൃഥ്വിയുടെ ആദ്യസിനിമയുടെ ഓഡിഷന്‍ നടന്നത് എന്റെ വീട്ടില്‍ വെച്ചായിരുന്നു. എന്റെ അച്ഛനാണ് അന്ന് ഓഡിഷന്‍ നടത്തിയത്.

അന്ന് പൃഥ്വിയുടെ പെര്‍ഫോമന്‍സ് കണ്ടപ്പോള്‍ ഒരു താരത്തിന്റെ ഉദയമായാണ് എനിക്ക് തോന്നിയത്. ഇന്ന് ഒരു സിനിമക്ക് വേണ്ടി ഒരു നടനും ചെയ്യാന്‍ പറ്റാത്ത രീതിയില്‍ തന്റെ ശരീരം മാറ്റാന്‍ പറ്റുന്നതിന്റെ മാക്‌സിമം എടുത്തിരിക്കുകയാണ്. ഈ പരിശ്രമം ഒരിക്കലും പാഴാകില്ല എന്ന് ഉറപ്പുണ്ട്. ആടുജീവിതം സിനിമ വലിയ സക്‌സസ് ആകട്ടെ,’ ഫഹദ് പറഞ്ഞു.

Content Highlight: Fahadh shares the experince of watching Prithvi’s audition

We use cookies to give you the best possible experience. Learn more