| Wednesday, 27th March 2024, 1:41 pm

അവർ ചെയ്തത് തെറ്റ് തന്നെ; രാമകൃഷ്ണൻ- സത്യഭാമ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഫഹദ് ഫാസിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: ആർ.എൽ.വി രാമകൃഷ്ണനെതിരെ നർത്തകി സത്യഭാമ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി നടൻ ഫഹദ് ഫാസിൽ. പുതിയ ചിത്രം ആവേശത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ആലുവ യു. സി കോളേജിൽ വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോഴാണ് ഫഹദ് തന്റെ നിലപാട് വ്യക്തമാക്കിയത്.

സത്യഭാമ – രാമകൃഷ്ണൻ വിഷയത്തിൽ എന്താണ് ഫഹദിന്റെ നിലപാട് എന്ന ചോദ്യത്തിന്,’ എന്റെ നിലപാട് അങ്ങ് പറഞ്ഞേക്കാം. അവർ ചെയ്തത് തെറ്റാണ് എന്നായിരുന്നു ഫഹദ് മറുപടി പറഞ്ഞത്. താരത്തിന്റെ മറുപടിക്ക് ഐക്യദാർഢ്യമെന്നോണം വിദ്യാർത്ഥികൾ കയ്യടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ചോദ്യങ്ങൾ ഇനി ചോദിക്കേണ്ടായെന്നും ഫഹദ് പറയുന്നുണ്ട്.

അതേസമയം, സത്യഭാമക്കെതിരെ ആർ.എൽ.വി രാമകൃഷ്ണൻ ചാലക്കുടി ഡി. വൈ. എസ് പിക്ക് പരാതി നൽകിയിട്ടുണ്ട്. തന്നെ വ്യക്തിപരമായി അപമാനിച്ചു എന്നാണ് രാമകൃഷ്ണൻ പരാതിയിൽ പറയുന്നത്.

പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് മോശമാണെന്നും, ഇയാൾക്ക് കാക്കയുടെ നിറമാണെന്നും സത്യഭാമ ഒരു യൂട്യൂബ് ചാനൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്. പിന്നാലെ നിരവധി പേരാണ് സത്യഭാമക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

‘മോഹിനിയാട്ടം കളിക്കുന്ന ആളുകള്‍ എപ്പോഴും മോഹിനി ആയിരിക്കണം. ഇയാളെ കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറമാണ്. മോഹിനിയാട്ടം കളിക്കുന്ന പുരുഷന്‍മാര്‍ക്ക് നല്ല സൗന്ദര്യം വേണം. ഇവനെ കണ്ട് കഴിഞ്ഞാല്‍ ദൈവം പോലും സഹിക്കില്ല’, എന്നായിരുന്നു സത്യഭാമയുടെ വിവാദ പരാമര്‍ശം.

അതിനിടെ കലാമണ്ഡലത്തിലെ കൂത്തമ്പലത്തില്‍ ചൊവ്വാഴ്ച ആര്‍.എല്‍.വി രാമകൃഷ്ണന്റെ മോഹനിയാട്ടം നടന്നിരുന്നു. കലാമണ്ഡലം വിദ്യാര്‍ത്ഥി യൂണിയന്‍ ആണ് അദ്ദേഹത്തിന് മോഹനിയാട്ടം നടത്താനുള്ള അവസരം ഒരുക്കിയത്. സത്യഭാമയുടെ ജാതി അധിക്ഷേപത്തിന് പിന്നാലെയായിരുന്നു ക്ഷണം.

Content Highlight: Fahadh Fazil Repsond About Sathyabama – Ramakrishnan Issue

We use cookies to give you the best possible experience. Learn more