മതത്തിനെ വിമര്‍ശിച്ചതുകൊണ്ടാകാം ആ സിനിമ പരാജയപ്പെട്ടത്, എനിക്ക് ഒരുപാട് പ്രതീക്ഷകളുള്ള സിനിമയായിരുന്നു അത്: ഫഹദ് ഫാസില്‍
Entertainment
മതത്തിനെ വിമര്‍ശിച്ചതുകൊണ്ടാകാം ആ സിനിമ പരാജയപ്പെട്ടത്, എനിക്ക് ഒരുപാട് പ്രതീക്ഷകളുള്ള സിനിമയായിരുന്നു അത്: ഫഹദ് ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 24th April 2024, 4:38 pm

ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും ഹൈപ്പുള്ള സിനിമകളിലൊന്നായിരുന്നു 2020ല്‍ റിലീസായ ട്രാന്‍സ്. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രത്തിന് റിലീസിന് മുമ്പ് വലിയ ഹൈപ്പായിരുന്നു ഉണ്ടായിരുന്നത്. ചിത്രത്തില്‍ ഫഹദിന്റെ ലുക്കും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ സിനിമക്ക് സാധിച്ചില്ല.

തനിക്ക് ഏറെ പ്രതീക്ഷയുള്ള സിനിമകള്‍ കുമ്പളങ്ങി നൈറ്റ്‌സ്, വരത്തന്‍, ട്രാന്‍സ് എന്നിവയായിരുന്നെന്നും ഇതില്‍ കുമ്പളങ്ങിയും വരത്തനും വിജയിച്ചുവെന്നും ഫഹദ് പറഞ്ഞു. മതത്തെ വിമര്‍ശിച്ചതുകൊണ്ടാണ് ട്രാന്‍സ് പരാജയമായതെന്നാണ് താന്‍ കരുതുന്നതെന്ന് ഫഹദ് പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്.

‘ചില സിനിമകള്‍ കമ്മിറ്റ് ചെയ്യുമ്പോള്‍ തന്നെ അത് വിജയമായകുമെന്ന ഗട്ട് ഫീലിങ് നമുക്കുണ്ടാകും. കുറെ സിനിമകളില്‍ എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്‌സ്, വരത്തന്‍ അങ്ങനെ തോന്നിയ സിനിമകളാണ്. അതൊക്കെ വിജയമാവുകയും ചെയ്തു. പക്ഷേ അതുപോലെ ഗട്ട് ഫീലിങ് തോന്നിയിട്ടും പരാജയമായ സിനിമ ട്രാന്‍സ് ആയിരുന്നു.

എനിക്ക് തോന്നുന്നത്, മതത്തെ വിമര്‍ശിച്ചതുകൊണ്ടാണ് ട്രാന്‍സ് പരാജയമായതെന്നാണ്. എനിക്ക് പ്രതീക്ഷയുള്ള സിനിമകളിലൊന്നായിരുന്നു അത്. വലിയ കോസ്റ്റുള്ള സിനിമയായിരുന്നു അത്. സിനിമയുടെ വിജയവും പരാജയവും എന്നെ ബാധിക്കാറില്ലെങ്കിലും പ്രൊഡ്യൂസര്‍ക്ക് ബജറ്റ് റിക്കവര്‍ ചെയ്യാന്‍ പറ്റണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ട്രാന്‍സിന്റെ കാര്യത്തില്‍ അതുണ്ടായില്ല.

റിലീസിന് മുന്നേ പലര്‍ക്കും സംശയമുണ്ടായിരുന്ന സിനിമയായിരുന്നു ഇയോബിന്റെ പുസ്തകം. അതും മതപരമായ കാര്യം സംസാരിക്കുന്ന സിനിമയാണോ എന്ന് പലരും ചിന്തിച്ചിരുന്നു. പക്ഷേ ആ പേരില്‍ മാത്രമേ മതപരമായിട്ടുള്ള ടച്ചുള്ളൂ. അല്ലാതെ വേറെ ബന്ധമൊന്നുമില്ല,’ ഫഹദ് പറഞ്ഞു.

Content Highlight: Fahadh Fassil about the failure of Trance