സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രമാണ് ആവേശം. രോമാഞ്ചമെന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്. മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം സുഷിന്‍ ശ്യാം സംഗീതം ചെയ്യുന്ന ചിത്രത്തിലെ പാട്ടുകളെല്ലാം ഇതിനോടകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്.
ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റില്‍ താന്‍ ചെയ്ത സിനിമകളില്‍ വ്യത്യസ്ത അനുഭവം നല്‍കിയ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് ഫഹദ് ഫാസില്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും തനിക്ക് അങ്ങനെയൊരു അനുഭവമായിരുന്നുവെന്നും, അതിന് മുന്നേ അതുപോലൊരു സിനിമാനുഭവം ഉണ്ടായിട്ടില്ലെന്നും ഫഹദ് പറഞ്ഞു. ശരിക്കുമുള്ള പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ പോലെയായിരുന്നു ആ സിനിമയുടെ ആദ്യദിനമെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു.
‘എനിക്ക് വ്യത്യസ്തമായ ഒരു അനുഭവം നല്‍കിയ സിനിമയായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും. കാരണം, അതില്‍ ഞങ്ങള്‍ ഒരു പൊലീസ് സ്റ്റേഷന്‍ സെറ്റ് ചെയ്തിട്ട് ഒരുകൂട്ടം യഥാര്‍ത്ഥ പൊലീസുകാരെ കാസ്റ്റ് ചെയ്യുകായിരുന്നു. ഞാനും അലന്‍സിയറും, സുരാജും മാത്രമേ ആര്‍ട്ടിസ്റ്റുകളായി ഉണ്ടായിട്ടുള്ളൂ. ബാക്കി മുഴുവന്‍ ഒറിജിനല്‍ പൊലീസുകാരായിരുന്നു.
ഷൂട്ടിന്റെ ഫസ്റ്റ് ഡേ പോയപ്പോള്‍ ചുറ്റിലും കുറെ പൊലീസും അവരുടെ നടുക്ക് ഞാനും. ദിലീഷ് അവര്‍ക്ക് കൊടുത്ത ഇന്‍സ്ട്രക്ഷന്‍ എന്തായിരുന്നെന്ന് വെച്ചാല്‍, ബസില്‍ വച്ച് ഒരാള്‍ ഒരു സ്ത്രീയുടെ മാല മോഷ്ടിച്ചു. അയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുമ്പോള്‍ എന്തൊക്കെയാണ് ചെയ്യുന്നത്, അത് മുഴുവന്‍ ഇവിടെയും ചെയ്യുക എന്നായിരുന്നു. വല്ലാത്ത ഒരു എക്‌സ്പീരിയന്‍സായിരുന്നു ആ സിനിമ,’ ഫഹദ് പറഞ്ഞു.
Content Highlight: Fahadh Fassil about the experience of Thondimuthalum Driksakshiyum