ഉറപ്പിച്ച് പറയാം, മലയന്‍കുഞ്ഞ് പോലൊരു സിനിമ അടുത്ത കാലത്ത് മലയാളത്തില്‍ വന്നിട്ടില്ല: ഫഹദ് ഫാസില്‍
Film News
ഉറപ്പിച്ച് പറയാം, മലയന്‍കുഞ്ഞ് പോലൊരു സിനിമ അടുത്ത കാലത്ത് മലയാളത്തില്‍ വന്നിട്ടില്ല: ഫഹദ് ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 17th July 2022, 11:49 pm

നീണ്ട നാളത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന ഫഹദ് ഫാസിലിന്റെ മലയാളം ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. സര്‍വൈവല്‍ ത്രില്ലറായി ഒരുങ്ങുന്ന മലയന്‍കുഞ്ഞിന്റെ ട്രെയ്‌ലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫാസിലാണ് നിര്‍മിക്കുന്നത്.

അടുത്ത കാലത്തൊന്നും മലയാളത്തില്‍ ഇത്തരമൊരു ചിത്രം ഉണ്ടായിട്ടില്ലെന്ന് പറയുകയാണ് ഫഹദ് ഫാസില്‍. പേളി മാണി ഷോയിലാണ് മലയന്‍കുഞ്ഞിന്റെ വിശേഷങ്ങള്‍ ഫഹദ് പറഞ്ഞത്.

‘എനിക്ക് ഉറപ്പിച്ച് പറയാം. മലയാളത്തില്‍ ഈ അടുത്തൊന്നും ഇങ്ങനൊരു സിനിമ വന്നിട്ടില്ല. ഒരു ഉദാഹരണമായി പറയാന്‍ പറ്റുന്നത് മാളൂട്ടിയാണ്. മാളൂട്ടിയില്‍ പ്രധാനമായും പുറത്ത് നടക്കുന്ന കാര്യങ്ങളാണ് കാണിക്കുന്നത്. ഇടക്ക് ആ കുട്ടിയുടെ കാര്യങ്ങള്‍ കാണിക്കും. ഈ സിനിമയില്‍ ഒരു പോയിന്റിലും പുറത്തേക്ക് പോകുന്നില്ല. അകത്ത് തന്നെയാണ്.

 

അനികുട്ടന്‍ എന്നാണ് ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര്. അനില്‍ ഇലക്ട്രോണിക് മെക്കാനിക്കാണ്. ഇടിയൊക്കെ വെട്ടി ചീത്തയാവുന്ന സാധനങ്ങള്‍ ഇയാളുടെ കയ്യിലാണ് ആളുകള്‍ കൊണ്ടുകൊടുക്കുന്നത്. പുള്ളി എല്ലാം ശരിയാക്കി കൊടുക്കും. അക്കാര്യത്തില്‍ ഭയങ്കര മിടുക്കനാണ്. വെളുപ്പിനെ മൂന്ന് മണി സമയത്തൊക്കെയാണ് പുള്ളി വര്‍ക്ക് ചെയ്യുന്നത്.

അനിലിന്റെ വീടിന്റെ അടുത്ത് ഒരു കുട്ടി ജനിക്കുകയും അവര്‍ വീട്ടിലേക്ക് വരുന്നിടത്തുമാണ് സിനിമ തുടങ്ങുന്നത്. അനില്‍ വെളുപ്പിനെ മൂന്ന് മണിക്കൊക്കെയാണ് ജോലിക്ക് എഴുന്നേല്‍ക്കുന്നത്. ആ സമയത്ത് ഈ കൊച്ച് എഴുന്നേറ്റ് കരയും. അത് അയാള്‍ക്ക് ശല്യമാണ്. അയാളുടെ ഉറക്കം നഷ്ടപ്പെടുന്നു, ജോലി ചെയ്യാന്‍ പറ്റാതാവുന്നു. ടൈം ടേബിള്‍ മുഴുവന്‍ തെറ്റുകയാണ്.

 

അങ്ങനെ ഇവരെ എങ്ങനെയെങ്കിലും അവിടെ നിന്നും മാറ്റാന്‍ നോക്കുകയാണ്. ആ സമയത്താണ് അവിടെ മണ്ണിടിച്ചില്‍ ഉണ്ടാവുന്നത്. ഇയാള്‍ക്ക് ആകെ കേള്‍ക്കാന്‍ പറ്റുന്നത് ഈ കൊച്ചിന്റെ കരച്ചിലാണ്. വെറുത്ത കൊച്ചിന്റെ കരച്ചില്‍ അയാളുടെ ലൈഫില്‍ ഒരു സിഗ്നലായി മാറുകയാണ്. ആ ശബ്ദമാണ് അയാള്‍ക്ക് രക്ഷയായി മാറുന്നത്,’ ഫഹദ് ഫാസില്‍ പറഞ്ഞു.

Content Highlight: Fahadh Fasil says a movie like Malayankunju has not come out in Malayalam in recent times