തന്റെ സിനിമകളെപ്പറ്റി സംസാരിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ് അഭിമുഖങ്ങളില്‍ പങ്കെടുക്കാത്തതെന്ന് ഫഹദ് ഫാസില്‍. വീട്ടിലാണെങ്കിലും സുഹൃത്തുക്കളോടൊപ്പമാണെങ്കിലും താന്‍ സിനിമകളെക്കുറിച്ച് സംസാരിക്കാറില്ല. പകരം താനോ അവരോ വായിച്ച പുസ്തകങ്ങളെക്കുറിച്ചോ അല്ലെങ്കില്‍ ജീവിതത്തെക്കുറിച്ചോ മാത്രമേ സംസാരിക്കാറുള്ളൂവെന്നും ഫഹദ് പറഞ്ഞു.
ശ്യാം പുഷ്‌കരനോടോ, ദിലീഷിനോടോ സിനിമകളെപ്പറ്റി സംസാരിക്കാറല്ലെന്നും, ആകെ സിനിമയെപ്പറ്റി സംസാരിക്കുന്നത് അമല്‍ നീരദിനോട് മാത്രമാണെന്നും, അമല്‍ സിനിമയുടെ എന്‍സൈക്ലോപീഡിയയാണെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘ഞാന്‍ ഇന്റര്‍വ്യൂയില്‍ ഒന്നും പങ്കെടുക്കാത്തതിന്റെ കാരണം എന്റെ സിനിമകളെപ്പറ്റി സംസാരിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ്. എന്റെ സിനിമകള്‍ കണ്ട് അവര്‍ കാര്യങ്ങള്‍ മനസിലാക്കട്ടെ. വീട്ടിലാണെങ്കില്‍ പോലും ഞാനും നസ്രിയയും സിനിമയെപ്പറ്റി സംസാരിക്കാറില്ല. എനിക്കെന്തോ, അങ്ങനെ സംസാരിക്കാന്‍ പറ്റാറില്ല.
വീട്ടില്‍ മാത്രമല്ല, സുഹൃത്തുക്കളുടെ കൂടെയാണെങ്കിലും ഇതുപോലെയൊക്കെ തന്നെയാണ് ഞാന്‍. ശ്യാമിനോട് സംരിക്കുമ്പോള്‍ ഒരിക്കലും സിനിമ ഞങ്ങളുടെ ഇടയിലേക്ക് കടന്നുവരാറില്ല. പകരം അയാള്‍ വായിച്ച ഏതെങ്കിലും പുസ്തകമോ, അല്ലെങ്കില്‍ ഏതെങ്കിലുമൊരു കഥയോ മറ്റോ ആവും ഞങ്ങള്‍ സംസാരിക്കുക.
ദിലീഷിനോടും ഇതുപോലെ തന്നെ. ദിലീഷിന്റെ കാര്യം പറഞ്ഞാല്‍, അവന്‍ ചെയ്ത സിനിമയല്ലാതെ വേറെ ഏതെങ്കിലും സിനിമ കണ്ടിട്ടുണ്ടോ എന്ന് സംശയമാണ്. ഇവരോടൊക്കെ സംസാരിക്കുന്ന സമയത്ത്, ‘ഭായ് ആ സിനിമ കണ്ടായിരുന്നോ? അതുപോലെ ഒരെണ്ണം നമുക്കും ചെയ്യണ്ടേ’ എന്നൊന്നും ചോദിക്കാറില്ല.
ആകെ സിനിമയെപ്പറ്റി സംസാരിക്കുന്നത് അമല്‍ നീരദിനോട് മാത്രമാണ്. കാരണം നമുക്ക് ഏതെങ്കിലും സിനിമയെപ്പറ്റി സംശയമുണ്ടെങ്കില്‍ അമലിനോട് ചോദിക്കും, ‘ചേട്ടാ, ആ 80സില്‍ ഇറങ്ങിയ സിനിമയുടെ പേരെന്തായിരുന്നു എന്നൊക്കെയായിരിക്കും ചോദിക്കുക. സിനിമയെപ്പറ്റി അത്രയും നോളേജുള്ള ആളാണ് അമല്‍. ഒരു എന്‍സൈക്ലോപീഡിയ എന്നുതന്നെ പറയാം,’ ഫഹദ് പറഞ്ഞു.
Content Highlight: Fahadh Fasil saying that he don’t want to talk about cinema with his friends