| Thursday, 16th February 2023, 8:20 pm

2013, ഫഹദ് ഫാസില്‍ നടനായി മിനുങ്ങിയ വര്‍ഷം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2002ല്‍ തന്റെ അച്ഛനായ ഫാസില്‍ സംവിധാനം ചെയ്ത കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാല്‍വെപ്പ് നടത്തിയ നടനാണ് ഫഹദ് ഫാസില്‍. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു. അന്ന് സിനിമയുടെ പരാജയത്തിന്റെ പേരില്‍ ഫാസിലിനെ എല്ലാവരും കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ തന്റെ പരാജയത്തില്‍ അച്ഛനെ ആരും കുറ്റപ്പെടുത്തരുത്. കാരണം ഇത് എന്റെ തെറ്റാണ്. ഒരു പ്രിപ്പറേഷനും ഇല്ലാതെയാണ് ഞാന്‍ സിനിമയിലേക്ക് എത്തിയതെന്ന് ഫഹദ് പറഞ്ഞു.

പിന്നീട് തുടര്‍ പഠനത്തിനായി ഫഹദ് സിനിമയില്‍ നിന്നും വിട്ട് നിന്നു. സിനിമയെക്കുറിച്ചും അഭിനയത്തെക്കുറിച്ചും പഠിച്ചു വന്ന ഫഹദ് വീണ്ടും അഭിനയ രംഗത്തേക്ക് തിരികെ വന്നു. 2002 ല്‍ സിനിമയിലെത്തിയ ഫഹദ് ഫാസിലിന്റെ അത്ഭുത പ്രകടനം പ്രേക്ഷകര്‍ കണ്ടത് 2012 മുതലാണ്. പിന്നീടിങ്ങോട്ട് ഫഹദിലെ സ്വയം മിനുക്കിയെടുത്ത നടനെ അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്ന് കാട്ടി.

10 വര്‍ഷത്തെ ഗ്യാപ്പിന് ശേഷം ചാപ്പ കുരിശിലൂടെ ഫഹദ് തന്നിലെ മിനുക്കിയെടുത്ത നടനെ മികച്ച രീതിയില്‍ വേറിട്ട കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുകയായിരുന്നു. ഡയമണ്ട് നെക്‌ലേസ്(2012), 22 ഫീമെയില്‍ കോട്ടയം(2012) തുടങ്ങിയ സിനിമകളാണ് പ്രേക്ഷകര്‍ എടുത്ത് പറയുന്ന 2012ലെ ഫഹദ് ചിത്രങ്ങള്‍. നത്തോലി ഒരു ചെറിയ മീനല്ല(2013), അന്നയും റസൂലും(2013), ആമേന്‍(2013), അകം, നോര്‍ത്ത് 24കാതം(2013), ഒരു ഇന്ത്യന്‍ പ്രണയകഥ(2013) തുടങ്ങിയവ 2013ലെ ഫഹദ് ചിത്രങ്ങളാണ്. അന്നയും റസൂലും സിനിമ ഇന്നും ഏറെ ആരാധകരുള്ള ചിത്രമാണ്. ആമേന്‍, നോര്‍ത്ത് 24 കാതം, ഒരു ഇന്ത്യന്‍ പ്രണയകഥ തുടങ്ങിയ ചിത്രങ്ങളിലൂടെ കൂടുതല്‍ പ്രേക്ഷക പ്രശംസയും അദ്ദേഹത്തിന് ലഭിച്ചു.

2013ലൂടെ വന്‍ തിരിച്ച് വരവ് നടത്തിയ ഫഹദ് ഇന്ന് മലയാള സിനിമയിലെ ശ്രദ്ധേയനായ നടനാണ്. മലയാളത്തില്‍ മാത്രമല്ല എല്ലാ ഇന്‍ഡസ്ട്രികളിലും ആരാധകരുള്ള പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ കൂടിയാണ് ഫഹദ് ഫാസില്‍. മലയാളം ഇന്‍ഡസ്ട്രിയെക്കുറിച്ച് മറ്റ് ഇന്‍ഡസ്ട്രികളിലുള്ള താരങ്ങളോടും ചോദിക്കുമ്പോള്‍ അവര്‍ എടുത്ത് പറയുന്നത് ഫഹദിന്റെ സിനിമകളാണ്.

ഫഹദിന്റെ തിരിച്ച് വരവിന്റെ വര്‍ഷമാണ് 2013 എങ്കില്‍ ഇനി ഫഹദ് എത്തുന്നത് വമ്പന്‍ ചിത്രങ്ങളുമായിട്ടാണ്. അല്ലു അര്‍ജുന്‍-ഫഹദ് ഫാസില്‍ സൂപ്പര്‍ഹിറ്റ് ചിത്രം പുഷ്പ 2, ഹോംമ്പാലെ ഫിലിംസ് പ്രൊഡ്യൂസ് ചെയ്യുന്ന ധൂമം, അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന പാച്ചുവും അത്ഭുത വിളക്കും, മാരി സെല്‍വരാജന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം മാമന്നന്‍, ഹനുമാന്‍ ഗീയര്‍, ഓടും കുതിര ചാടും കുതിര തുടങ്ങി നിരവധി സിനിമകളാണ് ഫഹദിന്റേതായി പുറത്തിറങ്ങുന്നവ.

സിനിമയില്‍ അഭിനയിക്കാനെത്തുന്ന യുവ തലമുറക്ക് വലിയ പ്രചോദനം കൂടിയാണ് ഫഹദ് ഫാസില്‍ കാരണം നടനെന്ന നിലയില്‍ സിനിമയില്‍ നില നിന്ന സൗന്ദര്യ സംഘല്‍പങ്ങള്‍ പൊളിച്ചെഴുതിയ നടനും കൂടിയാണ് അദ്ദേഹം. കണ്ണ് കൊണ്ട് തീര്‍ക്കുന്ന മായാവലയത്തിലൂടെ അഭിനയത്തിന്റെ പല തലങ്ങളും പ്രേക്ഷകര്‍ക്ക് മുന്നില്‍ ഫഹദ് അവതരിപ്പിക്കുന്നു. 2023ലെ താരം ഫഹദാകുമോയെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

content highlight: fahadh fasil’s year

We use cookies to give you the best possible experience. Learn more