| Monday, 18th July 2022, 12:02 pm

മലയന്‍കുഞ്ഞിനെ ആമസോണിന് കൊടുത്തിടത്ത് നിന്ന് തിരിച്ചുവാങ്ങിയതാണ്; ഇതുമാത്രമായിരുന്നു അതിനുള്ള കാരണം: ഫഹദ് ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫാസിലിന്റെ നിര്‍മാണത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്ന മലയന്‍കുഞ്ഞ് തിയേറ്ററുകളിലേക്ക് എത്തുകയാണ്. രണ്ടര വര്‍ഷത്തിന് ശേഷമാണ് ഫഹദ് നായകനാകുന്ന ഒരു മലയാള ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്.

നസ്രിയയും ഫഹദും ഒന്നിച്ചെത്തിയ ട്രാന്‍സ് ആയിരുന്നു ഒടുവില്‍ തിയേറ്ററില്‍ റിലീസ് ചെയ്ത ഫഹദ് ചിത്രം. മലയന്‍കുഞ്ഞ് ഒ.ടി.ടി റിലീസ് തീരുമാനിച്ചിടത്ത് നിന്നാണ് പിന്നീട് തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാമെന്ന തീരുമാനത്തില്‍ എത്തുന്നത്.

അതിനുള്ള കാരണം എന്താണെന്ന് പറയുകയാണ് ഫഹദ് ഫാസില്‍. പേളി മാണിയുമായി നടത്തിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ റിലീസിനെ കുറിച്ചും ഒ.ടി.ടിക്ക് നല്‍കിയ ശേഷം തിരിച്ചുവാങ്ങിയതിനെ കുറിച്ചുമൊക്കെ ഫഹദ് സംസാരിക്കുന്നത്.

ലോക്ഡൗണ്‍ സമയത്ത് ഒ.ടി.ടിയ്ക്ക് നല്‍കാമെന്ന് തീരുമാനിച്ച ചിത്രം എന്തുകൊണ്ടാണ് പിന്നീട് തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് തീരുമാനിച്ചത് എന്ന ചോദ്യത്തിനായിരുന്നു ഫഹദിന്റെ മറുപടി.

രണ്ട് കാരണങ്ങള്‍ ഉണ്ടായിരുന്നു. ഈ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച ഓരോ ടെക്‌നീഷ്യന്‍സിന്റേയും സിനിമയാണ് യഥാര്‍ത്ഥത്തില്‍ ഇത്. ഈ പടത്തിന്റെ ആര്‍ട് ഡയരക്ടര്‍ക്കാണെങ്കിലും പടത്തിലെ ക്യാമറ ചെയ്തിരിക്കുന്ന ആള്‍ക്കാണെങ്കിലും സംഗീതം ചെയ്തിരിക്കുന്ന ആള്‍ക്കാണെങ്കിലും സൗണ്ടും വി.എഫ്.എക്‌സ് ചെയ്ത ആള്‍ക്കാണെങ്കിലും അങ്ങനെ ഈ പടത്തിന് പിന്നില്‍ വര്‍ക്ക് ചെയ്ത ഓരോരുത്തര്‍ക്കും ഇത് എന്റെ പടമാണെന്ന് പറഞ്ഞ് നാളെ ഒരാളെ കാണിക്കാന്‍ പറ്റും.

ഇതിന്റെ ഡീറ്റെയ്‌ലിങ് തിയേറ്ററിലേ കിട്ടൂ എന്ന് ഞങ്ങള്‍ക്ക് പടം കണ്ടപ്പോള്‍ മനസിലായി. ഇതോടെ ഞാന്‍ ആമസോണില്‍ വിളിച്ച് എഗ്രിമെന്റ് റിവൈസ് ചെയ്തു. അങ്ങനെ 21 ാം തിയതി തിയേറ്ററില്‍ മലയന്‍കുഞ്ഞ് എത്തുകയാണ്, ഫഹദ് പറഞ്ഞു.

ചിത്രത്തില്‍ സംഗീതം നിര്‍വഹിക്കാന്‍ എ.ആര്‍ റഹ്‌മാന്‍ എത്തിയതിനെ കുറിച്ചും ഫഹദ് സംസാരിക്കുന്നുണ്ട്. ചിത്രത്തിന്റെ സെക്കന്റ് ഹാഫ് ഷൂട്ട് ചെയ്യുമ്പോള്‍ തന്നെ ഇത് മ്യൂസിക്കലായ ഒരു സിനിമയായി തനിക്ക് തോന്നിയെന്നും മഹേഷ് എഴുതിയത് ആ രീതിയില്‍ ആയിരുന്നില്ലെന്നും പിന്നീട് അത് മാറ്റുകയായിരുന്നെന്നും ഫഹദ് അഭിമുഖത്തില്‍ പറഞ്ഞു.

അടുത്ത കാലത്തൊന്നും മലയാളത്തില്‍ ഇത്തരമൊരു ചിത്രം ഉണ്ടായിട്ടില്ലെന്നും ഫഹദ് അഭിമുഖത്തില്‍ പറയുന്നുണ്ട്.

‘എനിക്ക് ഉറപ്പിച്ച് പറയാം. മലയാളത്തില്‍ ഈ അടുത്തൊന്നും ഇങ്ങനൊരു സിനിമ വന്നിട്ടില്ല. ഒരു ഉദാഹരണമായി പറയാന്‍ പറ്റുന്നത് മാളൂട്ടിയാണ്. മാളൂട്ടിയില്‍ പ്രധാനമായും പുറത്ത് നടക്കുന്ന കാര്യങ്ങളാണ് കാണിക്കുന്നത്. ഇടക്ക് ആ കുട്ടിയുടെ കാര്യങ്ങള്‍ കാണിക്കും. ഈ സിനിമയില്‍ ഒരു പോയിന്റിലും പുറത്തേക്ക് പോകുന്നില്ല. അകത്ത് തന്നെയാണ്.

അനികുട്ടന്‍ എന്നാണ് ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര്. അനില്‍ ഇലക്ട്രോണിക് മെക്കാനിക്കാണ്. ഇടിയൊക്കെ വെട്ടി ചീത്തയാവുന്ന സാധനങ്ങള്‍ ഇയാളുടെ കയ്യിലാണ് ആളുകള്‍ കൊണ്ടുകൊടുക്കുന്നത്. പുള്ളി എല്ലാം ശരിയാക്കി കൊടുക്കും. അക്കാര്യത്തില്‍ ഭയങ്കര മിടുക്കനാണ്. വെളുപ്പിനെ മൂന്ന് മണി സമയത്തൊക്കെയാണ് പുള്ളി വര്‍ക്ക് ചെയ്യുന്നത്.

അനിലിന്റെ വീടിന്റെ അടുത്ത് ഒരു കുട്ടി ജനിക്കുകയും അവര്‍ വീട്ടിലേക്ക് വരുന്നിടത്തുമാണ് സിനിമ തുടങ്ങുന്നത്. അനില്‍ വെളുപ്പിനെ മൂന്ന് മണിക്കൊക്കെയാണ് ജോലിക്ക് എഴുന്നേല്‍ക്കുന്നത്. ആ സമയത്ത് ഈ കൊച്ച് എഴുന്നേറ്റ് കരയും. അത് അയാള്‍ക്ക് ശല്യമാണ്. അയാളുടെ ഉറക്കം നഷ്ടപ്പെടുന്നു, ജോലി ചെയ്യാന്‍ പറ്റാതാവുന്നു. ടൈം ടേബിള്‍ മുഴുവന്‍ തെറ്റുകയാണ്.

അങ്ങനെ ഇവരെ എങ്ങനെയെങ്കിലും അവിടെ നിന്നും മാറ്റാന്‍ നോക്കുകയാണ്. ആ സമയത്താണ് അവിടെ മണ്ണിടിച്ചില്‍ ഉണ്ടാവുന്നത്. ഇയാള്‍ക്ക് ആകെ കേള്‍ക്കാന്‍ പറ്റുന്നത് ഈ കൊച്ചിന്റെ കരച്ചിലാണ്. വെറുത്ത കൊച്ചിന്റെ കരച്ചില്‍ അയാളുടെ ലൈഫില്‍ ഒരു സിഗ്‌നലായി മാറുകയാണ്. ആ ശബ്ദമാണ് അയാള്‍ക്ക് രക്ഷയായി മാറുന്നത്,’ ഫഹദ് പറഞ്ഞു.

Content Highlight: Fahadh Faazil about malayalankunju movie ott and theatre release

We use cookies to give you the best possible experience. Learn more