ആവേശത്തില്‍ രംഗനും അമ്മയും ഒരുമിച്ചുള്ള സീനുകള്‍ കുറച്ചുകൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിച്ചിരുന്നു എന്ന് പറയുകയാണ് ഫഹദ് ഫാസില്‍. രംഗന്റെ അമ്മ ഇറങ്ങിപ്പോകുന്ന സീനിന് കുറച്ചുകൂടി വിശദീകരണം കൊടുത്താലോ എന്ന് താന്‍ സംവിധായകന്‍ ജിത്തുവിനോട് ചോദിച്ചിരുന്നുവെന്നും താരം പറയുന്നു.
ആവേശത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഫഹദ് ഫാസില്‍. ആവേശം ഉള്‍പ്പെടെ ഈ വര്‍ഷം ഇറങ്ങിയ സിനിമകളിലൊന്നും ശക്തരായ സ്ത്രീ കഥാപാത്രങ്ങള്‍ എന്തുകൊണ്ടാണ് ഇല്ലാതിരുന്നതെന്ന ചോദ്യത്തിന് രംഗന്റയും ബിബിയുടെയും അമ്മമാര്‍ക്ക് നല്ല പ്രാധാന്യം ഉണ്ടായിരുന്നു എന്നാണ് താരം മറുപടി പറഞ്ഞത്.
‘സ്ത്രീ പ്രാധാന്യത്തിന്റെ കാര്യത്തില്‍ പ്രേമലു മാറ്റി നിര്‍ത്തിയാല്‍ ബാക്കി എല്ലാം കോ ഇന്‍സിഡന്‍സ് ആണെന്നാണ് ഞാന്‍ കരുതുന്നത്. ആവേശത്തില്‍ രംഗന്റയും ബിബിയുടെയും അമ്മമാര്‍ക്ക് നല്ല പ്രാധാന്യം ഉണ്ടായിരുന്നു.
അതില്‍ രംഗനും അമ്മയും തമ്മില്‍ കുറച്ചുകൂടി സീനുകള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അതുപോലെ രംഗന്റെ അമ്മ ഇറങ്ങിപ്പോകുന്ന സീനിന് കുറച്ചുകൂടി വിശദീകരണം കൊടുത്താലോ എന്ന് ഞാന്‍ ജിത്തുവിനോട് ചോദിച്ചിരുന്നു.
അന്ന് ജിത്തു പറഞ്ഞത് ആ സീന്‍ ഒറ്റഷോട്ടില്‍ എടുക്കാം എന്നായിരുന്നു. ആവേശത്തിനെ കുറിച്ച് പറയാനുള്ളത് ഇത്രയേ ഉള്ളൂ. ബാക്കി സിനിമകളുടെ കാര്യം കോ ഇന്‍സിഡന്‍സെന്ന് കരുതാനാണ് എനിക്കിഷ്ടം,’ ഫഹദ് ഫാസില്‍ പറഞ്ഞു.
ഒരു സിനിമക്കായി സംവിധായകന്‍ വിശാല്‍ ഭരദ്വാജ് തന്നെ സമീപിച്ചതിനെ കുറിച്ചും താരം അഭിമുഖത്തില്‍ പറഞ്ഞു. അന്ന് സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ ഇഷ്ടമായെന്നും എന്നാല്‍ ആ സിനിമക്ക് താന്‍ യോജിക്കാത്തതിനാല്‍ സംവിധായകന്‍ മറ്റൊരാളെ വെച്ച് ആ സിനിമ ചെയ്തുവെന്നും ഫഹദ് തുറന്നു പറയുന്നു.
‘ഹിന്ദിയില്‍ അഭിനയിക്കാന്‍ എനിക്ക് ചാന്‍സ് ലഭിച്ചിരുന്നു. ഒരു ചിത്രത്തിനായി എന്നെ സംവിധായകന്‍ വിശാല്‍ ഭരദ്വാജ് സമീപിച്ചിരുന്നു. അന്ന് സ്‌ക്രിപ്റ്റ് കേട്ടു. എനിക്ക് അത് ഇഷ്ടമാകുകയും ചെയ്തു. എന്നാല്‍ ആ ചിത്രത്തിന് ഞാന്‍ യോജിക്കില്ലായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം മറ്റൊരാളെ വെച്ച് ആ സിനിമ ചെയ്തു,’ ഫഹദ് ഫാസില്‍ പറഞ്ഞു.
Content Highlight: Fahadh Faasil Talks About Ranga’s Mother In Aavesham