തന്റെ ഏറ്റവും പുതിയ ചിത്രമായ ആവേശത്തിലെ രംഗയെന്ന കഥാപാത്രത്തെ കുറിച്ച് പറയുകയാണ് ഫഹദ് ഫാസില്‍. രംഗ ലൗഡാണെന്നും അതേ സമയം അയാളില്‍ സ്‌നേഹവും ആശങ്കയുമുണ്ടെന്ന് താരം പറയുന്നു. അയാള്‍ക്ക് ഒരു മറുവശവുമുണ്ടെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു.
രംഗ എന്ന വ്യക്തിയില്‍ ഇതിനൊക്കെ പുറമെ സങ്കടവുമുണ്ടെന്ന് പറയുന്ന താരം ഈ കാര്യങ്ങളെല്ലാം ഒരൊറ്റ കഥാപാത്രത്തിലേക്ക് കൊണ്ടുവരികയാണ് ആവേശത്തില്‍ ചെയ്യുന്നതെന്നും പറയുന്നു. വെല്ലുവിളി നിറഞ്ഞ ഇത്തരം ഒരു കഥാപാത്രത്തെ ആദ്യമായി ചെയ്യുന്നത് താനെല്ലെന്നും പറഞ്ഞു.
ആവേശം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. മമ്മൂക്ക ഇത്തരം കഥാപാത്രത്തെ രാജമാണിക്യത്തില്‍ ചെയ്തിട്ടുണ്ടെന്നും ഫഹദ് ഫാസില്‍ പറയുന്നു.
‘സിനിമയില്‍ രംഗ എന്ന കഥാപാത്രത്തിന് നല്‍കിയിട്ടുള്ള ഡീറ്റിയെല്‍സ് നോക്കിയാല്‍ ഒരുപാട് കാര്യങ്ങള്‍ മനസിലാകും. രംഗയെന്ന ആള്‍ ഒരേസമയം ലൗഡാണ്. അതേ സമയം അയാളില്‍ സ്‌നേഹവും ആശങ്കയുമുണ്ട്. അയാള്‍ക്ക് ഒരു മറുവശവുമുണ്ട്.
അയാളില്‍ സാഡ്‌നെസും കാണാം. ഈ കാര്യങ്ങളെല്ലാം ഇതുപോലെ ഒരൊറ്റ കഥാപാത്രത്തിലേക്ക് കൊണ്ടുവരികയാണ് ആവേശത്തില്‍ ചെയ്യുന്നത്. അത് ഒരല്‍പ്പം വെല്ലുവിളി നിറഞ്ഞതായിരുന്നു. അതേസമയം ഞാനല്ല ആദ്യമായി ഇത്തരം ഒരു കഥാപാത്രത്തെ ചെയ്യുന്നത്. മമ്മൂക്ക ഇത് രാജമാണിക്യത്തില്‍ ചെയ്തതാണ്,’ ഫഹദ് ഫാസില്‍ പറയുന്നു.
താന്‍ രജിനികാന്തിനെ കണ്ടപ്പോള്‍ അദ്ദേഹത്തോട് തന്റെ ഏതെങ്കിലും സിനിമ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചതിനെ കുറിച്ചും താരം അഭിമുഖത്തില്‍ പറയുന്നു. രജിനികാന്ത് താന്‍ അഭിനയിച്ച വിക്രവും മാമന്നനും മാത്രമേ കണ്ടിട്ടുള്ളുവെന്നും തന്റെ മറ്റു സിനിമകളൊന്നും കണ്ടിട്ടില്ലെന്നും ഫഹദ് ഫാസില്‍ പറഞ്ഞു.
‘രജിനി സാറിനെ കണ്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് എന്റെ ഏതെങ്കിലും സിനിമ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചിരുന്നു. അപ്പോള്‍ എനിക്ക് നിങ്ങളെ അറിയാം. അതിനായി ഏതെങ്കിലും സിനിമ കാണേണ്ട ആവശ്യം ഇല്ലെന്ന് സാര്‍ പറഞ്ഞു. രജിനി സാര്‍ എന്റെ വിക്രവും മാമന്നനും കണ്ടിട്ടുണ്ട്. വേറെ സിനിമകളൊന്നും കണ്ടിട്ടില്ല,’ ഫഹദ് ഫാസില്‍ പറയുന്നു.
Content Highlight: Fahadh Faasil Talks About Mammootty And His Ranga Character In Aavesham