| Sunday, 5th May 2024, 8:40 pm

ആവേശത്തില്‍ ബിബിയുടെ അമ്മയെ പോലെ അമേരിക്കയിലുള്ള എന്നെ വിളിക്കുമ്പോള്‍ വാപ്പ സ്ഥിരം ചോദിക്കുന്ന മൂന്ന് ചോദ്യങ്ങളുണ്ട്: ഫഹദ് ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രോമാഞ്ചം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ആവേശം. ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

അന്‍വര്‍ റഷീദ് എന്റെര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ നസ്രിയയും അന്‍വര്‍ റഷീദും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചത്. ഫഹദ് ഫാസിലിന് പുറമെ മിഥുന്‍ ജയശങ്കര്‍, ഹിപ്സ്റ്റര്‍, റോഷന്‍ ഷാനവാസ്, മിഥൂട്ടി എന്നിവരും ആവേശത്തിന്റെ ഭാഗമായിരുന്നു.

ചിത്രത്തില്‍ മിഥുന്‍ ജയശങ്കര്‍ അവതരിപ്പിച്ച കഥാപാത്രമായിരുന്നു ബിബി. ആവേശത്തില്‍ ബിബിയുടെ അമ്മ ഫോണില്‍ മോന്‍ ഹാപ്പിയാണോ എന്ന് ചോദിക്കുന്ന സീനുകള്‍ ഉണ്ടായിരുന്നു. മുമ്പ് ഫഹദ് തന്റെ ഒരു ഇന്റര്‍വ്യൂവില്‍ ഫാസില്‍ ഇത്തരത്തില്‍ ചോദിക്കുമെന്ന് പറഞ്ഞിരുന്നു.

ഫാസില്‍ അന്ന് തന്നോട് ചോദിച്ച ഈ കാര്യമാണോ ആവേശത്തില്‍ ഉള്‍പെടുത്തിയത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഫഹദ് ഫാസില്‍. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ആവേശത്തില്‍ ആദ്യം മുതല്‍ക്കേ തന്നെ ജിത്തു പറഞ്ഞ ഒരു കാര്യമായിരുന്നു, ബിബിയുടെ അമ്മ വിളിച്ചിട്ട് ഹാപ്പിയല്ലേയെന്ന് ചോദിക്കും എന്നത്. എന്തിനാണ് അത് ചോദിക്കുന്നതെന്ന് ആ കഥാപാത്രത്തിന് തന്നെ അറിയില്ല.

പുള്ളിക്കാരി കുക്ക് ചെയ്യുമ്പോഴൊക്കെയാണ് ഫോണില്‍ ഇത് ചോദിക്കുന്നത്. ഫോണ്‍ എടുത്താല്‍ ചിലപ്പോള്‍ ആദ്യം ചോദിക്കുന്നത് പോലും ഇത് തന്നെയാണ്. ആ കോണ്‍ടെക്സ്റ്റിലാണ് ജിത്തു സിനിമയില്‍ ഈ കാര്യം ഉള്‍പെടുത്തിയത്.

എന്നാല്‍ എന്റെ കോണ്‍ടെക്സ്റ്റില്‍ പറയുകയാണെങ്കില്‍, വാപ്പ ഞാന്‍ അമേരിക്കയില്‍ പഠിക്കുന്ന സമയത്ത് വിളിക്കുമ്പോള്‍ ‘കാലാവസ്ഥ എങ്ങനെയുണ്ട്? ആരോഗ്യം എങ്ങനെയുണ്ട്? നീ ഹാപ്പിയല്ലേ?’ എന്നൊക്കെയാണ് ചോദിക്കുക. വാപ്പ സ്ഥിരം ചോദിക്കുന്ന കാര്യങ്ങള്‍ ആണ് ഇതൊക്കെ. ഇതും ആവേശവുമായി ഒരു ബന്ധവുമില്ല,’ ഫഹദ് ഫാസില്‍ പറഞ്ഞു.


Content Highlight: Fahadh Faasil Talks About Faasil

We use cookies to give you the best possible experience. Learn more