മലയന്‍കുഞ്ഞ് എന്ന ചിത്രത്തിലൂടെ 30 വര്‍ഷത്തിന് ശേഷം ഒരു മലയാള സിനിമയ്ക്ക് സംഗീതം നല്‍കിയിരിക്കുകയാണ് എ.ആര്‍ റഹ്‌മാന്‍. ജൂലൈ 21ാം തിയതി എത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
മലയന്‍കുഞ്ഞിന് എ.ആര്‍. റഹ്‌മാന്‍ സംഗീതം നല്‍കണമെന്ന ആലോചനയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ഫഹദ് ഫാസില്‍. പേളി മാണി ഷോയില്‍ സംസാരിക്കവേയാണ് ചിത്രത്തില്‍ സംഗീതത്തിനുള്ള പ്രധാന്യത്തെ കുറിച്ചും റഹ്‌മാനെ സമീപിച്ചതിനെ കുറിച്ചുമൊക്കെ ഫഹദ് സംസാരിക്കുന്നത്.
ഇത്തരമൊരു ആവശ്യവുമായി അദ്ദേഹത്തിനെ പോയി കാണാന്‍ തനിക്ക് മടി തോന്നിയെന്നും അതുകൊണ്ട് ഒരു മെയില്‍ അയച്ച് താന്‍ അത് വിട്ടെന്നും എന്നാല്‍ മെയില്‍ അയച്ച് ഒരു മണിക്കൂറിനകം അദ്ദേഹം തന്നെ തിരിച്ചുവിളിച്ചെന്നുമാണ് ഫഹദ് അഭിമുഖത്തില്‍ പറയുന്നത്.
‘ പടം ഷൂട്ട് ചെയ്ത് കഴിഞ്ഞ ശേഷമാണ് റഹ്‌മാന്‍ സാര്‍ ഇതിലേക്ക് വരുന്നത്. പടത്തിന്റെ സെക്കന്റ് ഹാഫ് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് എനിക്ക് ഇതൊരു മ്യൂസിക്കലായിട്ടുള്ള സിനിമയായി തോന്നുന്നത്. അപ്പോള്‍ തന്നെ ഞാനത് മഹേഷിനോട് പറഞ്ഞു. എന്നാല്‍ മഹേഷ് അങ്ങനെ അല്ലായിരുന്നു എഴുതിയിരുന്നത്.
അങ്ങനെ ഇതിന്റെ സാധ്യതയെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചു തുടങ്ങി. മ്യൂസിക്കലാക്കി തന്നെ ഇതിനെ കണ്‍സിഡര്‍ ചെയ്യണോ അല്ലെങ്കില്‍ ഭയങ്കര സൈലന്‍സ് ആവണോ എന്നൊക്കെയുള്ള ആലോചന വന്നു. ഒരു മ്യൂസിക്കല്‍ സിനിമയായി ട്രൈ ചെയ്യാമെന്ന നിര്‍ദേശമാണ് ആ സമയത്ത് എല്ലാവരും മുന്നോട്ടു വെച്ചത്.
സിനിമയില്‍ ഇയാള്‍ താഴെ മണ്ണിനുള്ളില്‍ കുടുങ്ങിക്കഴിഞ്ഞാല്‍ പിന്നെ അധികം ഡയലോഗോ കാര്യങ്ങളോ ഒന്നും ഇല്ല. അപ്പോള്‍ നമ്മള്‍ ഈ പടത്തില്‍ ആദ്യം കേട്ട കുറേ മ്യൂസിക്കല്‍ സ്‌കോര്‍സാണ് പിന്നീട് ഇയാളുടെ കൂടെ ഉള്ളത്. പടത്തിലെ ഒരു റിലീഫ് പോയിന്റായി വരുന്നത് അതാണ്. അത് വളരെ പ്രധാനപ്പെട്ടതാണ്.
അങ്ങനെ ഞാന്‍ അരുണ്‍ സ്വാമിയുമായി സംസാരിച്ചു. എന്താണ് ഷൂട്ട് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഈ കഥ അദ്ദേഹത്തോട് പറഞ്ഞു. റഹ്‌മാന്‍, റഹ്‌മാന്‍ ഈസ് യുവര്‍ മാന്‍ എന്നായിരുന്നു പുള്ളിയുടെ മറുപടി. ഞാനാണെങ്കില്‍ റഹ്‌മാന്‍ സാറിന്റെ ഭയങ്കര ഫാനാണ്. സത്യം പറഞ്ഞാല്‍ എനിക്ക് ഈ മ്യൂസിക്കിനെ പറ്റി ഒരു ചക്കയും അറിയില്ല.
രണ്ട് കാര്യങ്ങള്‍ക്കാണ് എനിക്ക് സിനിമയില്‍ മ്യൂസിക്ക് വേണ്ടത്. ഒന്ന് കഥ മുന്നോട്ടു കൊണ്ടുപോകാന്‍ പിന്നെ ഒരു റിലീഫിന്. ഇതു രണ്ടുമല്ലാതെ എനിക്ക് പാടിയഭിനയിക്കാനോ ഒന്നും ഇല്ല. റഹ്‌മാന്റെ അടുത്ത് പോകുക എന്നത് ആദ്യം എനിക്ക് ഒരു മടിയുള്ള കാര്യമായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ ഒരു ഇമെയില്‍ അയച്ചു. ഇങ്ങനെ ഒരു പടമുണ്ട്, സാര്‍ കാണുന്നുണ്ടോ എന്നാണ് ചോദിച്ചത്.
ആ മെയില്‍ അയച്ച് ഒരു മണിക്കൂറിനകം പുള്ളി എന്നെ വിളിച്ചു. സാര്‍ ആദ്യം ഈ സിനിമ കാണൂ അതിന് ശേഷം നമുക്ക് സംസാരിക്കാം എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ നിങ്ങള്‍ ഇവിടേക്ക് വാ എന്ന് സര്‍ പറഞ്ഞു. അങ്ങനെ ഞാനും മഹേഷും കൂടി ദുബായില്‍ പോയി. ഞങ്ങള്‍ പടം കാണിച്ചു.
പടം കാണുമ്പോള്‍ പുള്ളി ഭയങ്കര നൊസ്റ്റാള്‍ജിക് ആയിരുന്നു. പടത്തില്‍ ഒരിടത്ത് ഞാന്‍ പൊറോട്ട കഴിക്കുന്ന ഒരു സീനുണ്ട്. പുള്ളി ഇത് നോക്കിയിട്ട് ഓ.. ഐ ലവ് പൊറോട്ട എന്നൊക്കെ പറഞ്ഞു. സെക്കന്റ് ഹാഫ് കാണുമ്പോള്‍ പുള്ളി ഇങ്ങനെ വിഷമിക്കുന്നത് ഞാന്‍ കാണുന്നുണ്ട്. പടം കഴിഞ്ഞ ശേഷം എങ്ങനെയുള്ള മ്യൂസിക്കാണ് വേണ്ടതെന്ന് അദ്ദേഹം എന്നോട് ചോദിച്ചു.
റിലീഫാണ് വേണ്ടത് സാര്‍ എന്ന് ഞാന്‍ പറഞ്ഞു. ഇമോഷണലി ഈ പടം ഹോള്‍ഡ് ചെയ്യണം. എല്ലാ പാരലല്‍ സ്റ്റോറീസിനും ഒരു ട്രാക്ക് വേണം. അപ്പോള്‍ പാട്ടോ എന്ന് അദ്ദേഹം ചോദിച്ചു. പാട്ടൊന്നും ശരിക്കും ഞങ്ങള്‍ ഷൂട്ട് ചെയ്തിട്ടില്ലായിരുന്നു. പാട്ടൊന്നുമില്ലെന്ന് പറഞ്ഞു.
ശരിക്കും കുറേ പാട്ടുകള്‍ക്ക് പോസിബിലിറ്റി ഉണ്ടല്ലോ എന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ നിങ്ങള്‍ക്ക് കുറച്ച് പാട്ട് തരാം. നിങ്ങള്‍ക്ക് വേണ്ടത് ഉപയോഗിക്കാമെന്ന് പറഞ്ഞു. പിന്നെ അതൊരു യാത്രയായിരുന്നു. മൂന്ന് മാസത്തോളം അദ്ദേഹത്തിനൊപ്പമായിരുന്നു ഞാന്‍. വിക്രം ഷൂട്ട് ചെയ്യുന്ന സമയത്തൊക്കെ ചെന്നെയിലും മറ്റുമായി അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
തുടക്കത്തില്‍ എനിക്ക് ഇത് ചെയ്യണമെന്നുണ്ടെന്നും പക്ഷേ ദുബായ് എക്‌സ്‌പോയൊക്കെയായി ബന്ധപ്പെട്ട് ഭയങ്കര ബിസിയാണെന്നും ടൈം ലൈന്‍ എങ്ങനെയാണെന്നൊക്കെ അദ്ദേഹം ചോദിച്ചിരുന്നു. സാര്‍ ഈ പടം തീര്‍ക്കുന്നതാണ് ടൈം ലൈന്‍ എന്ന് ഞാനും പറഞ്ഞു. ആറ് മാസമായിരുന്നു അദ്ദേഹം പറഞ്ഞത്. ആ സമയത്ത് തന്നെ തീര്‍ത്തു തന്നു, ഫഹദ് പറഞ്ഞു.
Content Highlight: Fahadh Faasil share an experiance with A.R Rahman Malayankunju movie